ന്യൂഡൽഹി: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ബ്രിസ്‌ബനിൽ നടന്ന മൂന്നാം ടെസ്റ്റിൽ 904 റേറ്റിങ് പോയിന്‍റുകളോടെ ഇന്ത്യയുടെ ജസ്‌പ്രീത് ബുംറ തന്‍റെ പേര് റെക്കോർഡ് ബുക്കുകളിൽ രേഖപ്പെടുത്തി. ഐസിസി ടെസ്റ്റ് ബൗളിങ് റാങ്കിങ്ങില്‍ ബുംറ ഒന്നാം സ്ഥാനത്തേക്കാണ് കുതിച്ചെത്തിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഒരു ഇന്ത്യൻ ബൗളർ നേടിയ മികച്ച റേറ്റിങ് പോയിന്‍റില്‍ രവിചന്ദ്രൻ അശ്വിന്‍റെ റെക്കോർഡിനൊപ്പമെത്തി. ഇതോടെ ഏറ്റവും കൂടുതൽ റേറ്റിങ് പോയിന്‍റ് നേടുന്ന ഇന്ത്യയുടെ രണ്ടാമത്തെ ബൗളറും ആദ്യ ഫാസ്റ്റ് ബൗളറുമായി ബുംറ മാറി.
അടുത്തിടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച അശ്വിൻ 2016 ആഭ്യന്തര ടെസ്റ്റ് സീസണിൽ 904 റേറ്റിങ് പോയിന്‍റ് സ്വന്തമാക്കിയിരുന്നു. വിരമിക്കുമ്പോൾ അശ്വിന് 789 റേറ്റിങ് പോയിന്‍റ് ഉണ്ടായിരുന്നു. നിലവില്‍ ക്രിക്കറ്റ് കരിയറിൻന്‍റെ ഉന്നതിയിലാണ് ബുംറ. ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയിൽ ബാറ്റര്‍മാരെ വളരെയധികം വിറപ്പിച്ചിട്ടുണ്ട്.
856 പോയിന്‍റുമായി രണ്ടാം സ്ഥാനത്തുള്ള കഗിസോ റബാഡയും നാലാം സ്ഥാനത്തുള്ള പാറ്റ് കമ്മിൻസുമാണ് റാങ്കിങ്ങിൽ ബുംറയ്ക്ക് വെല്ലുവിളി ഉയർത്തുന്ന ബൗളർമാർ. റാങ്കിങ്ങിൽ ഇന്ത്യയുടെ രവീന്ദ്ര ജഡേജ നാല് സ്ഥാനങ്ങൾ താഴ്ന്ന് പത്താം സ്ഥാനത്തെത്തി. ഇന്ത്യക്കെതിരായ പരമ്പരയിലെ മിന്നുന്ന പ്രകടനത്തിന് പിന്നാലെ ബാറ്റര്‍മാരുടെ പട്ടികയിൽ ട്രാവിസ് ഹെഡ് ഒരു സ്ഥാനം മെച്ചപ്പെടുത്തി നാലാം സ്ഥാനത്തെത്തി.
ഇന്ത്യയുടെ ഓപ്പണിങ് ബാറ്റര്‍ യശസ്വി ജയ്‌സ്വാൾ ഒരു സ്ഥാനം താഴേക്ക് പോയി അഞ്ചാം സ്ഥാനത്തെത്തിയപ്പോള്‍ ഋഷഭ് പന്ത് ആദ്യ 10ല്‍ നിന്ന് പുറത്തായി. കെഎൽ രാഹുൽ 10 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 40-ാം സ്ഥാനത്തെത്തിയപ്പോൾ രവീന്ദ്ര ജഡേജ 42-ാം സ്ഥാനത്താണ്.
Also Read:ജൂനിയേഴ്‌സിനെ വിറപ്പിച്ചു, ഇനി സീനിയേഴ്‌സിനെതിരെ; അരങ്ങേറ്റത്തിനൊരുങ്ങി കൗമാരക്കാരന്‍ - SAM KONSTAS DEBUT