ഹൈദരാബാദ്:വേദി സംബന്ധിച്ച തര്‍ക്കങ്ങള്‍ക്കിടെ ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ പുതിയ ട്വിസ്റ്റ്. ടൂര്‍ണമെന്‍റിനായി പാകിസ്ഥാനിലേക്ക് ഇന്ത്യൻ ടീം പോകില്ലെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. ഇതോടെ, ഹൈബ്രിഡ് മോഡലിലായിരിക്കും ചാമ്പ്യൻസ് ട്രോഫി സംഘടിപ്പിക്കപ്പെടുക എന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.
ഈ മാസം അവസാനം ചേരുന്ന ഐസിസി യോഗത്തിലായിരിക്കും ഇക്കാര്യത്തില്‍ ഔദ്യോഗികമായി അന്തിമ തീരുമാനമുണ്ടാകുക. അതിനിടെ, ടൂര്‍ണമെന്‍റ് ടി20 ഫോര്‍മാറ്റില്‍ നടത്താൻ ആലോചനകള്‍ നടക്കുന്നതായാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ക്രിക്ബസ് ആണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.
വേദി സംബന്ധിച്ച കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണെങ്കില്‍ എളുപ്പം മാര്‍ക്കറ്റ് ചെയ്യാന്‍ കഴിയുന്ന ടി20 ഫോര്‍മാറ്റിനായി സ്പോണ്‍സര്‍മാര്‍ ഐസിസിയെ നിര്‍ബന്ധിച്ചേക്കുമെന്നാണ് ക്രിക്‌ബസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ടൂര്‍ണമെന്‍റ് ആരംഭിക്കുന്നതിന് 100 ദിവസം മുന്‍പ് ഷെഡ്യൂള്‍ പുറത്തിറക്കേണ്ടതായിരുന്നു. നവംബര്‍ 12ന് ഈ സമയക്രമം പിന്നിട്ടു.
നിലവില്‍ 75ല്‍ താഴെ ദിവസം മാത്രമാണ് ടൂര്‍ണമെന്‍റിന് ശേഷിക്കുന്നത്. ഈ ചുരുങ്ങിയ സമയം കൊണ്ട് ഇവന്‍റ് ശരിയായി മാര്‍ക്കറ്റിങ് ചെയ്യാൻ സാധിക്കുമോ എന്ന കാര്യത്തിലാണ് സ്പോണ്‍സര്‍മാര്‍ക്ക് ആശങ്ക. ഈ സാഹചര്യത്തിലാണ് ഏകദിന ഫോര്‍മാറ്റില്‍ നിന്നും ടൂര്‍ണമെന്‍റ് ടി20യിലേക്ക് മാറ്റണമെന്ന ആവശ്യം ഉയരുന്നതെന്നാണ് റിപ്പോര്‍ട്ട്.