മുംബൈ:ശ്രീലങ്കന്‍ പര്യടനത്തിലൂടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ മുഖ്യപരിശീലകനായി അരങ്ങേറ്റം കുറിക്കുകയാണ് ഗൗതം ഗംഭീര്‍. പര്യടനത്തിനായുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ ബിസിസിഐ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. മൂന്ന് വീതം ടി20, ഏകദിന മത്സരങ്ങളാണ് ഇന്ത്യ ശ്രീലങ്കയ്‌ക്ക് എതിരെ കളിക്കുന്നത്.
രോഹിത് ശര്‍മയുടെ പിന്‍ഗാമിയായി സൂര്യകുമാര്‍ യാദവിനെ ടി20 ടീമിന്‍റെ നായകനാക്കിയതാണ് ഏറ്റവും ശ്രദ്ധേയനായ കാര്യം. കഴിഞ്ഞ ടി20 ലോകകപ്പിലടക്കം ഇന്ത്യന്‍ വൈസ് ക്യാപ്റ്റനായിരുന്ന ഹാര്‍ദിക് പാണ്ഡ്യയ്‌ക്കാവും ചുമതല നല്‍കുക എന്നായിരുന്നു ഏവരും കരുതിയിരുന്നത്. എന്നാല്‍ സൂര്യ നായകനായപ്പോള്‍ ഹാര്‍ദിക്കിന് വൈസ് ക്യാപ്റ്റന്‍ സ്ഥാനം പോലും നഷ്‌ടപ്പെട്ടു.
പേസ് ഓള്‍റൗണ്ടറായ ഹാര്‍ദിക്കിന്‍റെ ഫിറ്റ്‌നസ് പ്രശ്‌നങ്ങളാണ് ക്യാപ്റ്റൻസിയില്‍ നിന്നും തഴയപ്പെട്ടതിന് പിന്നിലെന്നായിരുന്നു സംസാരം. എന്നാല്‍ കളിക്കാര്‍ക്കുള്ള വിശ്വാസമാണ് സൂര്യകുമാര്‍ യാദവിന് കാര്യങ്ങള്‍ അനുകൂലമാക്കിയത് എന്നാണ് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. സൂര്യയ്‌ക്ക് കീഴിൽ പ്രവർത്തിക്കാൻ കൂടുതല്‍ കംഫെര്‍ട്ടബിള്‍ ആണെന്ന് കളിക്കാരില്‍ നിന്നും ബിസിസിഐക്ക് ഫീഡ്‌ബാക്ക് ലഭിച്ചുവെന്നും പ്രസ്‌തുത റിപ്പോര്‍ട്ട് അവകാശപ്പെടുന്നു.