ലണ്ടൻ : ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ കിരീടപ്പോരിന് ഇന്ന് ക്ലൈമാക്സ്. പോയിന്‍റ് പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനക്കാരായ മാഞ്ചസ്റ്റര്‍ സിറ്റിയും ആഴ്‌സണലും ലീഗില്‍ തങ്ങളുടെ അവസാന മത്സരത്തിനിറങ്ങുന്നു. രാത്രി 8.30നാണ് ഇരു മത്സരങ്ങളും കളത്തിലേക്ക് എത്തുന്നത്.
ഇതുവരെ കളിച്ച 37 മത്സരങ്ങളില്‍ നിന്നും 88 പോയിന്‍റുമായാണ് സിറ്റി തലപ്പത്ത് എത്തിയത്. 37 കളികളില്‍ നിന്നും 86 പോയിന്‍റുമായാണ് ആഴ്‌സണല്‍ രണ്ടാമത് നില്‍കുന്നത്. സ്വന്തം തട്ടകമായ ഇത്തിഹാദില്‍ നടക്കുന്ന മത്സരത്തില്‍ വെസ്റ്റ് ഹാമാണ് പെപ് ഗ്വാർഡിയോളയുടെ സംഘത്തിന്‍റെ എതിരാളി.
കളിപിടിച്ചാല്‍ 91 പോയിന്‍റോടെ സിറ്റിക്ക് കിരീടം തൂക്കാം. ഇനി മത്സരത്തില്‍ തോല്‍വി വഴങ്ങിയാലും ആഴ്‌സണല്‍ വിജയിക്കാതിരുന്നാല്‍ മാത്രം മതി. തുടർച്ചയായ നാലാം കിരീടമാണ് സിറ്റി ലക്ഷ്യം വയ്‌ക്കുന്നത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്‍റെ ചരിത്രത്തില്‍ ഒരൊറ്റ ടീമിനും ഇതുവരെ തുടര്‍ച്ചയായി നാല് കിരീടങ്ങള്‍ നേടാന്‍ കഴിഞ്ഞിട്ടില്ല.
ലീഗില്‍ കഴിഞ്ഞ 22 മത്സരങ്ങളില്‍ തോല്‍വി അറിയാതെയാണ് വെസ്റ്റ് ഹാമിനെതിരെ സിറ്റി ഇറങ്ങുന്നത്. കഴിഞ്ഞ ഡിസംബറില്‍ ആസ്റ്റണ്‍ വില്ലയോടായിരുന്നു പെപ്പിന്‍റെ പട അവസാനമായി തോറ്റത്. പിന്നീട് നാല് മത്സരങ്ങള്‍ സമനിലയില്‍ അവസാനിച്ചപ്പോള്‍ 18 വിജയങ്ങളാണ് സിറ്റി നേടിയത്.
മറുവശത്ത് എവര്‍ട്ടണാണ് അവസാന മത്സരത്തില്‍ ആഴ്‌സണലിന്‍റെ എതിരാളി. വെസ്റ്റ് ഹാമിനോട് സിറ്റി തോല്‍ക്കുന്നപക്ഷം എവർട്ടണെതിരെ ജയിച്ചാല്‍ മൈക്കൽ അർട്ടെറ്റയുടെ ടീമിന് രണ്ട് പതിറ്റാണ്ടിന് ശേഷം വീണ്ടും ചാമ്പ്യന്മാരാവാം. 2003-04 സീസണിന് ശേഷം പ്രീമിയര്‍ ലീഗില്‍ കിരീടം നേടാന്‍ ഗണ്ണേഴ്‌സിന് കഴിഞ്ഞിട്ടില്ല.
സിറ്റി-വെസ്റ്റ് ഹാം മത്സരം സമനിലയില്‍ കലാശിക്കുകയും എവര്‍ട്ടണെ തോല്‍പ്പിക്കുകയും ചെയ്‌താലും ഗണ്ണേഴ്‌സിന് കിരീടസാധ്യതയുണ്ട്. സാഹചര്യം ഇത്തരത്തിലാണെങ്കില്‍ ഇരു ടീമുകളും 89 പോയിന്‍റിലേക്കാണ് എത്തുക. ഒരേ പോയിന്‍റ് എത്തുന്ന സാഹചര്യത്തില്‍ ഗോള്‍ വ്യത്യാസമാണ് ഒന്നാം സ്ഥാനക്കാരെ നിശ്ചയിക്കുക. നിലവില്‍ ആഴ്‌സണലിന് 61ഉം സിറ്റിയ്‌ക്ക് 60ഉം ആണ് ഗോള്‍ വ്യത്യാസം.
ALSO READ: 'മില്യണ്‍ ഡോളര്‍' റൊണാള്‍ഡോ, ഏറ്റവും അധികം പ്രതിഫലം പറ്റുന്ന താരമായി സിആര്‍7; ഫോബ്‌സ് പട്ടികയില്‍ മെസിയ്‌ക്ക് ഒരു സ്ഥാനം നഷ്‌ടം - Forbes Highest Paid Athlete 2024
അതേസമയം കിരീടത്തിനുള്ള പോരാട്ടത്തില്‍ നിന്നും മറ്റ് ടീമുകള്‍ ഇതിനകം തന്നെ പുറത്തായി കഴിഞ്ഞിട്ടുണ്ട്. മൂന്നാം സ്ഥാനത്തുള്ള ലിവര്‍പൂളിന് 37 മത്സരങ്ങളില്‍ നിന്നും 79 പോയിന്‍റ് മാത്രണുള്ളത്. നാലാം സ്ഥാനക്കാരായ ആസ്റ്റണ്‍ വില്ലയ്‌ക്ക് 37 മത്സരങ്ങളില്‍ നിന്നും 68 പോയിന്‍റാണ് നേടാന്‍ കഴിഞ്ഞിട്ടുള്ളത്.