ന്യൂഡൽഹി :ഒളിമ്പിക്സ് മെഡൽ ജേതാവിനെപ്പോലെ വിനേഷ് ഫോഗട്ടിനെ സ്വാഗതം ചെയ്യുകയും ആദരിക്കുകയും ചെയ്യുമെന്ന് ഹരിയാന മുഖ്യമന്ത്രി നയാബ് സിങ് സൈനി. ഒളിമ്പിക്സ് വെള്ളി മെഡൽ ജേതാക്കൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന എല്ലാ ബഹുമാനവും പാരിതോഷികങ്ങളും സൗകര്യങ്ങളും താരത്തിന് നൽകുമെന്നും അദ്ദേഹം പറഞ്ഞു. സമൂഹ മാധ്യമമായ എക്സിലൂടെയായിരുന്നു ഹരിയാന മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
'ഹരിയാനയുടെ ധീരയായ മകൾ വിനേഷ് ഫോഗട്ട് മികച്ച പ്രകടനത്തിലൂടെ ഒളിമ്പിക്സ് ഫൈനലിൽ കടന്നു. എന്നാൽ ചില കാരണങ്ങളാൽ അവൾക്ക് ഒളിമ്പിക്സ് ഫൈനൽ കളിക്കാൻ കഴിഞ്ഞില്ല. എന്നിരുന്നാലും അവൾ നമുക്കെല്ലാവർക്കും ഒരു ചാമ്പ്യനാണ്. വിനേഷ് ഫോഗട്ടിനെ ഒരു മെഡൽ ജേതാവിനെപ്പോലെ സ്വാഗതം ചെയ്യാനും അഭിനന്ദിക്കാനും സർക്കാർ തീരുമാനിച്ചു. ഒളിമ്പിക് വെള്ളി മെഡൽ ജേതാവിന് ഹരിയാന സർക്കാർ നൽകുന്ന എല്ലാ ആദരവും പാരിതോഷികങ്ങളും സൗകര്യങ്ങളും താരത്തിന് നന്ദിപൂർവം നൽകും. വിനേഷ് നിങ്ങളിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്!" - നയാബ് സിങ് സൈനി എക്സിൽ കുറിച്ചു.