ബെര്‍ലിന്‍ :ജര്‍മ്മന്‍ ബുണ്ടസ് ലീഗയില്‍ (Bundesliga) ഡാംസ്റ്റഡിനെതിരായ മത്സരത്തില്‍ ബയേണ്‍ മ്യൂണിക്ക് വമ്പന്‍ വിജയം നേടിയിരുന്നു (Bayern Munich vs Darmstadt). രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്കായിരുന്നു നിലവിലെ ചാമ്പ്യന്മാര്‍ ജയിച്ച് കേറിയത്. ബയേണിനായി ജമാൽ മുസിയാല (Jamal Musiala) ഇരട്ട ഗോളുകൾ നേടിയപ്പോൾ ഹാരി കെയ്ൻ, സെര്‍ജ് ഗ്നാബ്രി, മാത്തിസ് ടെൽ എന്നിവരും ലക്ഷ്യം കണ്ടു. ഡാംസ്റ്റഡിനെതിരായ ഗോളോടെ ബുണ്ടസ് ലീഗയിലെ 60 വര്‍ഷം പഴക്കമുള്ള ഒരു റെക്കോഡ് തകര്‍ത്തെറിഞ്ഞിരിക്കുകയാണ് ഇംഗ്ലീഷ് സൂപ്പര്‍ താരം ഹാരി കെയ്‌ന്‍ (Harry Kane).
ലീഗിന്‍റെ അരങ്ങേറ്റ സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമായാണ് കെയ്‌ന്‍ മാറിയത്. ഡാംസ്റ്റഡിനെതിരെ വലകുലുക്കിയതോടെ 26 ലീഗ് മത്സരങ്ങളിൽ നിന്നും ഹാരി കെയ്‌ന്‍റെ ഗോള്‍ നേട്ടം 31 ആയി. ഇതോടെ ജർമ്മൻ ഇതിഹാസം ഉവെ സീലറാണ് (Uwe Seeler) പിന്നിലായത്. 1963-64ൽ സീസണില്‍ ഹാംബർഗിനായി 30 ഗോളുകളടിച്ചായിരുന്നു ഉവെ സീലര്‍ റെക്കോഡിട്ടിരുന്നത്.
ഡാംസ്റ്റഡിനെതിരെ വിജയിച്ചതോടെ ബുണ്ടസ് ലീഗ കിരീടം നിലനിര്‍ത്താനുള്ള നേരിയ പ്രതീക്ഷകൾ സജീവമാക്കാന്‍ ബയേണ്‍ മ്യൂണിക്കിന് കഴിഞ്ഞു. 26 മത്സരങ്ങളില്‍ നിന്നും 19 വിജയങ്ങളും രണ്ട് സമനിലയുമടക്കം നേടി 60 പോയിന്‍റാണ് ബയേണിനുള്ളത്. പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ബയേണിന് നിലവില്‍ ഒന്നാം സ്ഥാനത്തുള്ള ലെവർകൂസനെക്കാൾ ഏഴ് പോയിന്‍റിന്‍റെ കുറവാണുള്ളത്. 25 മത്സരങ്ങളില്‍ നിന്നും 21 വിജയങ്ങളും നാല് സമനിലയും നേടിയ ടീമിന് 67 പോയിന്‍റാണുള്ളത്.