ധരംശാല:ടി20 കരിയറില്‍ ചരിത്രത്തില്‍ ആദ്യമായാണ് ചെന്നൈ സൂപ്പര്‍ കിങ്സ് മുൻ നായകൻ എംഎസ് ധോണി ഒൻപതാം നമ്പറില്‍ ബാറ്റ് ചെയ്യാനായി ക്രീസിലേക്ക് എത്തിയത്. ഇന്നലെ (മെയ് 6) ധരംശാലയില്‍ പഞ്ചാബ് കിങ്സിനെതിരെ നടന്ന മത്സരത്തിലായിരുന്നു ധോണിയുടെ ഈ നീക്കം. എന്നാല്‍, പുതിയൊരു പൊസിഷനില്‍ ബാറ്റ് ചെയ്യാനെത്തിയ താരത്തിന് റണ്‍സ് നേടാൻ സാധിച്ചിരുന്നില്ല.
ഹര്‍ഷല്‍ പട്ടേല്‍ എറിഞ്ഞ 19-ാം ഓവറില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ ധോണി ക്ലീൻ ബൗള്‍ഡ് ആകുകയായിരുന്നു. ശര്‍ദുല്‍ താക്കൂറിന്റെ വിക്കറ്റിന് പിന്നാലെയെത്തിയ ധോണി അതിവേഗം മടങ്ങിയത് ആരാധകരെയും നിരാശരാക്കിയിരുന്നു. എന്നാല്‍, ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ഈ തീരുമാനത്തില്‍ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ താരം ഹര്ഭജൻ സിങ്.
ഒമ്പതാം നമ്പറിലാണ് ധോണി ബാറ്റ് ചെയ്യാൻ എത്തുന്നതെങ്കില്‍ ചെന്നൈയുടെ പ്ലേയിങ് ഇലവനില്‍ ഒരു ഫാസ്റ്റ് ബൗളറെ ഉള്‍പ്പെടുത്തുന്നതാണ് നല്ലെതെന്ന് ഹര്ഭജൻ അഭിപ്രായപ്പെട്ടു. ഒമ്പതാം നമ്പറിലാണ് ബാറ്റ് ചെയ്യാൻ വരുന്നതെങ്കില്‍ ധോണി കളിക്കരുതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹര്‍ഭജന്റെ പ്രതികരണം ഇങ്ങനെ...
'ഒമ്പതാം നമ്പറില്‍ ബാറ്റ് ചെയ്യാനാണെങ്കില്‍ എംഎസ് ധോണി കളിക്കരുത്. അതിനേക്കാള്‍ നല്ലത് ഒരു ഫാസ്റ്റ് ബൗളറെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുന്നതാകും. ടീമിന് വേണ്ടി തീരുമാനങ്ങളെടുക്കുന്ന വ്യക്തിയാണ് ധോണി, അതുകൊണ്ട് തന്നെ അങ്ങനെയൊരാള്‍ ബാറ്റിങ്ങിന് ഇറങ്ങാതെ ടീമിനെ പ്രയാസപ്പെടുത്താൻ പാടില്ല.