ഹൈദരാബാദ്:രഞ്‌ജി ട്രോഫി (Ranji Trophy 2024) സീസണിനിടെ ആന്ധ്രപ്രദേശിന്‍റെ (Andhra cricket team) ക്യാപ്റ്റന്‍സി സ്ഥാനത്ത് നിന്നും ഇന്ത്യയുടെ സിഡ്‌നി ടെസ്റ്റ് ഹീറോ ഹനുമ വിഹാരി (Hanuma Vihari ) പടിയിറങ്ങിയിരുന്നു. സീസണിലെ ആദ്യ മത്സരത്തില്‍ കഴിഞ്ഞ വര്‍ഷത്തെ രണ്ടാം സ്ഥാനക്കാരായ ബംഗാളിനെതിരെ ആന്ധ്ര ജയിച്ചതിന് പിന്നാലെയാണ് വിഹാരി ടീമിന്‍റെ നായക സ്ഥാനം രാജി വച്ചത്.
പിന്നീട് റിക്കി ബൂയിക്ക് കീഴില്‍ കളിച്ച ആന്ധ്ര ക്വാര്‍ട്ടറില്‍ മധ്യപ്രദേശിനോട് തോറ്റ് പുറത്തായി. ഇപ്പോഴിതാ തന്‍റെ ക്യാപ്റ്റന്‍സി തെറിക്കാനുള്ള കാരണം സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കിയിരിക്കുകയാണ് വിഹാരി. ഒരു രാഷ്‌ട്രീയ നേതാവായ ടീം അംഗത്തെ ചീത്ത വിളിച്ചതിനാലാണ് ആന്ധ്ര ക്രിക്കറ്റ് അസോസിയേഷന്‍ (Andhra Cricket Association) തന്നെ പുറത്താക്കിയത്. അഭ്യന്തര ക്രിക്കറ്റില്‍ ഇനി ആന്ധ്രയ്‌ക്കായി കളിക്കില്ലെന്നും വിഹാരി ഇന്‍സ്റ്റഗ്രാമിലൂടെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്.
"തുറന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്ന ചില വസ്‌തുതകളെക്കുറിച്ചാണ് ഈ പോസ്റ്റ്. രഞ്‌ജി ട്രോഫിയുടെ ഈ സീസണില്‍ ബംഗാളിനെതിരായ ആദ്യ മത്സരത്തിൽ ഞാൻ ക്യാപ്റ്റനായിരുന്നു. ആ മത്സരത്തില്‍ ടീമിലെ 17-ാമത്തെ കളിക്കാരനായ ഒരാളെ ഞാന്‍ ചീത്തവിളിച്ചു. അയാള്‍ രാഷ്‌ട്രീയ നേതാവായ തന്‍റെ അച്ഛനോട് ഇതേക്കുറിച്ച് പരാതി പറയുകയും ചെയ്‌തു.
ഇതോടെ രാഷ്‌ട്രീയ നേതാവ് എനിക്കെതിരെ നടപടി എടുക്കാന്‍ ആന്ധ്ര ക്രിക്കറ്റ് അസോസിയേഷനോട് ആവശ്യപ്പെടുകയും ചെയ്‌തു. കഴിഞ്ഞ വര്‍ഷത്തെ ഫൈനലിസ്റ്റുകളായ ബംഗാളിനെതിരെ 410 റണ്‍സ് പിന്തുടര്‍ന്നായിരുന്നു ഞങ്ങള്‍ വിജയിച്ചത്. അതിന് പിന്നാലെ, എന്നില്‍ ഒരു തെറ്റുമുണ്ടായിരുന്നിലെങ്കിലും എന്നോട് ക്യാപ്റ്റന്‍ സ്ഥാനം രാജിവയ്‌ക്കാന്‍ ആവശ്യപ്പെട്ടു.
ആ കളിക്കാരനോട് ഞാന്‍ വ്യക്തിപരമായി ഒന്നും തന്നെ പറഞ്ഞിട്ടില്ല. പരിക്കേല്‍ക്കേണ്ടി വന്നതിനാല്‍ കഴിഞ്ഞ സീസണില്‍ ഇടതുകൈകൊണ്ട് ബാറ്റു ചെയ്‌ത, കഴിഞ്ഞ ഏഴ് സീസണുകളില്‍ അഞ്ചിലും ആന്ധ്രയെ നോക്കൗട്ടിലേക്ക് എത്തിച്ച, ഇന്ത്യയ്‌ക്കായി 16 ടെസ്റ്റുകള്‍ കളിച്ച ഒരാളേക്കാള്‍ മറ്റെ താരത്തിനാണ് അസോസിയേഷന്‍ പ്രാധാന്യം നല്‍കിയത്.
എനിക്ക് വലിയ നാണക്കേട് തോന്നിയിരുന്നു. പക്ഷേ ഈ സീസണിൽ ഞാൻ തുടർന്നും കളിച്ചത് ക്രിക്കറ്റിനോടും ടീമിനോടുമുള്ള ബഹുമാനം കൊണ്ടാണ്. പറയുന്നത് എന്തും കേള്‍ക്കാന്‍ കളിക്കാര്‍ ബാധ്യസ്ഥരാണെന്ന് അസോസിയേഷന്‍ കരുതുന്നത് തീര്‍ത്തും സങ്കടകരമാണ്. അപമാനവും നാണക്കേടും തോന്നിയെങ്കിലും ഇന്നുവരെ ഞാൻ അത് പുറത്ത് പറഞ്ഞിട്ടില്ല.
എന്‍റെ ആത്മാഭിമാനത്തെ ഹനിച്ച ആന്ധ്രയ്‌ക്ക് വേണ്ടി ഇനി ഒരിക്കലും കളിക്കില്ലെന്ന് ഞാൻ തീരുമാനിച്ചിട്ടുണ്ട്. ടീമിനെ ഞാന്‍ സ്‌നേഹിക്കുന്നു. ഓരോ സീസണിലും ഞങ്ങൾ വളരുന്ന രീതി ഞാൻ ഇഷ്ടപ്പെടുന്നു, പക്ഷേ ഞങ്ങൾ വളരാൻ അസോസിയേഷൻ ആഗ്രഹിക്കുന്നില്ല" ഹനുമ വിഹാരി തന്‍റെ പോസ്റ്റില്‍ വ്യക്തമാക്കി.
2021-ല്‍ ഓസ്‌ട്രേലിയയില്‍ ഇന്ത്യ ടെസ്റ്റ് പരമ്പര നേടിയപ്പോള്‍ നിര്‍ണായകമായ താരമാണ് ഹനുമ വിഹാരി. സിഡ്‌നി ടെസ്റ്റിനിടെ ഒരു ഘട്ടത്തില്‍ തോല്‍വി മണത്ത ഇന്ത്യയെ ആര്‍ അശ്വിനൊപ്പം ചേര്‍ന്ന് സമനിലയിലേക്ക് എത്തിക്കാന്‍ വിഹാരിക്ക് കഴഞ്ഞിരുന്നു. പരിക്കേറ്റിട്ടും ഓസീസ് പേസര്‍മാരുടെ തീയുണ്ടകള്‍ക്ക് മുന്നില്‍ പൊരുതി നിന്ന താരം 161 പന്തുകള്‍ നേരിട്ടിരുന്നു. ഈ സമനിലയ്‌ക്ക് പിന്നാലെ ഗാബയില്‍ വിജയം നേടിയായിരുന്നു ഇന്ത്യ 2-1ന് പരമ്പ സ്വന്തമാക്കി ഓസീസില്‍ ചരിത്രം രചിച്ച് മടങ്ങിയത്.
ALSO READ: ചിലര്‍ക്ക് ഒരു റണ്‍സ് പോലും നേടാനായില്ല, പന്തുനോക്കി കളിക്കണം; പിച്ചിനെ കുറ്റം പറഞ്ഞ ഒല്ലി പോപ്പിനെതിരെ രവി ശാസ്‌ത്രി