ഷാർജ (യുഎഇ): ഏകദിന ക്രിക്കറ്റിന്‍റെ ചരിത്രത്തിൽ എട്ടു സെഞ്ചുറികൾ നേടുന്ന പ്രായം കുറഞ്ഞ താരമെന്ന നേട്ടം സ്വന്തമാക്കി അഫ്‌ഗാന്‍റെ റഹ്മാനുള്ള ഗുർബാസ്. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ വിജയിപ്പിക്കുകയും പരമ്പരയും സമ്മാനിച്ച ഗുര്‍ബാസിന്‍റെ പേരും ചരിത്രബുക്കില്‍ രേഖപ്പെടുത്തി.
ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ അഫ്‌ഗാനിസ്ഥാൻ 3 മത്സരങ്ങളുടെ ഏകദിന പരമ്പര സ്വന്തമാക്കി. തന്‍റെ എട്ടാമത്തെ സെഞ്ചുറിയോടെ സച്ചിൻ ടെണ്ടുൽക്കറുടെയും വിരാട് കോലിയുടെയും ഏകദിന റെക്കോർഡുകൾ താരം തകർത്തു. ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ക്വിന്‍റൺ ഡി കോക്കിന് ശേഷം 8 ഏകദിന സെഞ്ചുറികൾ നേടുന്ന രണ്ടാമത്തെ പ്രായം കുറഞ്ഞ ബാറ്ററായി ഗുർബാസ്. ടോസ് നേടിയ ബംഗ്ലാദേശ് ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. അർധസെഞ്ചുറി നേടിയ മഹ്മൂദുള്ളയും (98), മെഹ്ദി ഹസൻ മിറാസും (66) മികച്ച പ്രകടനം നടത്തി. അഫ്ഗാനിസ്ഥാനു വേണ്ടി അസ്മത്തുള്ള ഒമർസായി 4 വിക്കറ്റ് വീഴ്ത്തി.
ബംഗ്ലദേശിനെതിരെ എട്ടാം സെഞ്ചറി കുറിക്കുമ്പോൾ ഗുർബാസിന് 22 വർഷവും 349 ദിവസവുമാണ് പ്രായം. 22 വർഷവും 357 ദിവസവും പ്രായമുള്ളപ്പോൾ എട്ടാം സെഞ്ചറി കുറിച്ച സച്ചിൻ തെൻഡുൽക്കറാണ് ഗുർബാസിന്‍റെ കുതിപ്പിൽ പിന്നിലായത്. വിരാട് കോലി (23 വർഷവും 27 ദിവസവും), ബാബർ അസം (23 വർഷവും 280 ദിവസവും) എന്നിവരാണ് മൂന്ന്, നാല് സ്ഥാനങ്ങളിൽ. അഫ്‌ഗാൻ താരങ്ങളിൽ കൂടുതൽ ഏകദിന സെഞ്ചറികളും ഗുർബാസിന്‍റെ പേരിലാണ്. മുഹമ്മദ് ഷഹ്സാദാണ് പിന്നിൽ നില്‍ക്കുന്നത്.