ന്യൂഡല്‍ഹി :ഇന്ത്യയുടെ മുന്‍ ക്രിക്കറ്ററും ബിജെപി (BJP) എംപിയുമായ ഗൗതം ഗംഭീര്‍ (Gautam Gambhir) രാഷ്‌ട്രീയം അവസാനിപ്പിക്കുന്നു. ക്രിക്കറ്റ് ഉത്തരവാദിത്വങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനായി രാഷ്‌ട്രീയ ചുമതലകളില്‍ നിന്ന് മാറിനില്‍ക്കാന്‍ അനുവദിക്കണമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയോട് (JP Nadda) ആവശ്യപ്പെട്ടതായി അറിയിച്ച് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ ഗൗതം ഗംഭീര്‍ പോസ്റ്റിട്ടിട്ടുണ്ട്.
ജനങ്ങളെ സേവിക്കാന്‍ അവസരം നല്‍കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi), ആഭ്യന്തര മന്ത്രി അമിത് ഷാ (Amit Shah) എന്നിവര്‍ക്ക് നന്ദി പറയുന്നതായി 42-കാരന്‍ തന്‍റെ പോസ്റ്റില്‍ വ്യക്തമാക്കുന്നു. 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള (Lok Sabha election 2024) തീയതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിക്കാനിരിക്കെയാണ് ഗൗതം ഗംഭീറിന്‍റെ അപ്രതീക്ഷിത തീരുമാനം.
ഗംഭീര്‍ രാഷ്‌ട്രീയം വിടാനുള്ള കാരണം വ്യക്തമല്ല. എന്നാല്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ഗംഭീറിന് വീണ്ടും ടിക്കറ്റ് ലഭിച്ചേക്കില്ലെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. 2019-ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തിയായിരുന്നു ഗൗതം ഗംഭീറിന്‍റെ രാഷ്‌ട്രീയ പ്രവേശനം. തുടര്‍ന്ന് ഡല്‍ഹിയില്‍ പാര്‍ട്ടിയുടെ പ്രമുഖ മുഖങ്ങളില്‍ ഒന്നായി ഗംഭീര്‍ മാറി.