യുവേഫ നാഷന്‍സ് ലീഗിലെ വിവിധ മത്സരങ്ങളില്‍ ഫ്രാന്‍സ്, ഇസ്രായേല്‍, ഇംഗ്ലണ്ട്, നോര്‍വേ എന്നീ ടീമുകള്‍ക്ക് വമ്പന്‍ ജയം. ഇറ്റലി- ഫ്രാന്‍സ് മത്സരത്തില്‍ മൂന്ന് ഗോളുകള്‍ക്ക് ഫ്രഞ്ചുപട വിജയം സ്വന്തമാക്കി. അഡ്രിയന്‍ റാബിയോട്ടിന്‍റെ ഇരട്ടഗോളിന്‍റെ പിന്‍ബലത്തിലാണ് ഫ്രാന്‍സിന്‍റെ ജയം. ഇറ്റലിയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന പോരാട്ടത്തില്‍ രണ്ടാം മിനിറ്റില്‍ തന്നെ അഡ്രിയന്‍ ലീഡെടുക്കുകയായിരുന്നു.പിന്നാലെ 33-ാം മിനിറ്റില്‍ ഗുഗ്ലിയല്‍മോ വിക്കാരിയോയുടെ സെല്‍ഫ് ഗോളിലൂടെ ഫ്രാന്‍സ് ലീഡ് ഇരട്ടിച്ചു.
35-ാം മിനിറ്റില്‍ ആന്‍ഡ്രിയ കാംബിയാസോയാണ് ഇറ്റലിയുടെ ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ 65-ാം മിനിറ്റില്‍ റാബിയോട്ടില്‍ നിന്നും രണ്ടാം ഗോളും പിറന്നതോട ഫ്രാന്‍സ് വിജയമുറപ്പിച്ചു. നാഷന്‍സ് ലീഗില്‍ ഇറ്റലിയുടെ ആദ്യ തോല്‍വിയാണിത്. ആറ് മത്സരങ്ങളില്‍ നാല് വിജയവും ഒന്നുവീതം സമനിലയും പരാജയവുമടക്കം 13 പോയിന്‍റുമായി ഗ്രൂപ്പില്‍ രണ്ടാമതാണ് ഇറ്റലി. 13 പോയിന്‍റുള്ള ഫ്രാന്‍സ് ഗോള്‍വ്യത്യാസത്തിലെ മുന്‍തൂക്കത്തില്‍ ഒന്നാം സ്ഥാനത്തെത്തി.
മറ്റൊരു മത്സരത്തില്‍ കരുത്തരായ ബെൽജിയത്തിനെതിരേ ഇസ്രയേലിന് അട്ടിമറി ജയം. ബുദാപെസ്റ്റിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇസ്രായേൽ ബെൽജിയത്തെ തോല്‍പ്പിച്ചത്. ആദ്യപകുതി ഗോള്‍രഹിത മത്സരത്തില്‍ 86–ാം മിനിറ്റിൽ അരങ്ങേറ്റ താരം യാർദീൻ ഷുവായാണ് ഇസ്രായേലിനായി വിജയഗോൾ സ്വന്തമാക്കിയത്. എന്നാല്‍ ആറു കളികളിൽനിന്ന് ഒരേയൊരു ജയം മാത്രമുള്ള ഇസ്രായേലും ബെൽജിയവും പുറത്തായി. ഇസ്രായേൽ ഗ്രൂപ്പ് ബിയിലേക്ക് തരംതാഴ്ത്തപ്പെട്ടു.
ഇംഗ്ലണ്ട് ഏകപക്ഷീയമായ അഞ്ചു ഗോളുകൾക്ക് അയർലൻഡിനെ തകർത്തു.അടുത്ത സീസണിൽ ഗ്രൂപ്പ് എയിലേക്ക് യോഗ്യത നേടി. ഗോള്‍രഹിത ആദ്യപകുതിക്കു ശേഷമായിരുന്നു ഇംഗ്ലീഷ് പടയുടെ ഗോളടിമേളം. ഹാരി കെയ്ൻ (53), ആന്‍റണി ഗോർഡൻ (55), കോണർ ഗല്ലാഘർ (58), ജറോഡ് ബോവൻ (75), ടെയ്‌ലർ ഹാർവുഡ് ബെല്ലിസ് (79) എന്നിവരാണ് ഇംഗ്ലണ്ടിനായി ഗോൾ നേടിയത്.