ബെംഗളൂരു:ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റിലെ പരാജയത്തിന് പിന്നാലെ ഇന്ത്യൻ താരം കെഎല്‍ രാഹുലിനെതിരായ വിമര്‍ശനവും ശക്തമാകുന്നുണ്ട്. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ കളിക്കാനിറങ്ങിയ താരത്തിന് ബാറ്റുകൊണ്ട് മികവിലേക്ക് ഉയരാനായിരുന്നില്ല. ആദ്യ ഇന്നിങ്‌സില്‍ ഡക്കായ രാഹുല്‍ രണ്ടാം ഇന്നിങ്‌സില്‍ 12 റണ്‍സുമായി മടങ്ങുകയായിരുന്നു.
ഈ സാഹചര്യത്തില്‍ താരത്തെ പിന്തുണച്ചും എതിര്‍ത്തും നിരവധി ആരാധകരാണ് രംഗത്ത് എത്തുന്നത്. അന്താരാഷ്‌ട്ര കരിയര്‍ തുടങ്ങുമ്പോള്‍ ഓപ്പണറായി കളിച്ചിരുന്ന രാഹുലിനെ ബാറ്റിങ്ങ് ഓര്‍ഡറില്‍ പിന്നിലേക്ക് ഇറക്കിയതാണ് നിലവിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് ഒരു കൂട്ടം ആരാധകരുടെ വാദം. എന്നാല്‍, ആത്മവിശ്വാസമില്ലാതെയാണ് രാഹുല്‍ കളിക്കാനിറങ്ങുന്നതെന്നാണ് താരത്തെ എതിര്‍ക്കുന്നവര്‍ പ്രധാനമായും ഉന്നയിക്കുന്ന അഭിപ്രായം.
നിലവിലെ സാഹചര്യത്തില്‍ ഫോം ഔട്ടായ രാഹുലിനെ ടീമില്‍ നിന്നും ഒഴിവാക്കണമെന്ന വാദവും ആരാധകര്‍ നടത്തുന്നുണ്ട്. പകരക്കാരനായി മലയാളി താരം സഞ്ജു സാംസണെ ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കണമെന്നാണ് ഒരു വിഭാഗം ആരാധകരുടെ ആവശ്യം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലാണ് സഞ്ജു അവസാനം ഇന്ത്യയ്‌ക്കായി കളത്തിലിറങ്ങിയത്. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ തിളങ്ങാനായില്ലെങ്കിലും മൂന്നാം ടി20യില്‍ സെഞ്ച്വറിയടിക്കാൻ സഞ്ജുവിന് സാധിച്ചിരുന്നു. ഇതിന് മുന്‍പ് ദുലീപ് ട്രോഫിയിലും സെഞ്ച്വറിയടിച്ച് മികച്ച പ്രകടനം സഞ്ജു കാഴ്‌ചവച്ചിരുന്നു.
അതേസമയം, ന്യൂസിലൻഡിനെതിരെ ശേഷിക്കുന്ന മത്സരങ്ങളിലേക്ക് സഞ്ജുവിനെ പരിഗണിക്കാൻ സാധ്യത വളരെ കുറവാണ്. പരിക്കിനെ തുടര്‍ന്ന് പരമ്പരയിലെ ആദ്യ മത്സരം നഷ്‌ടമായ ഗില്‍ പൂനെയിലെ രണ്ടാം ടെസ്റ്റിന് മുന്‍പായി ടീമിലേക്ക് മടങ്ങിയെത്താനാണ് സാധ്യത. കൂടാതെ, അവസാന രണ്ട് മത്സരങ്ങള്‍ക്കായി വാഷിങ്ടണ്‍ സുന്ദറിനെയും സ്ക്വാഡിലേക്ക് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അടുത്ത മത്സരത്തില്‍ ഗില്‍ തിരികെ വന്നാല്‍ കെഎല്‍ രാഹുലിനാണോ സര്‍ഫറാസ് ഖാനാണോ ടീമിലെ സ്ഥാനം തെറിക്കുക എന്നത് കണ്ട് വേണം അറിയാൻ.
ന്യൂസിലൻഡിനെതിരായ അവസാന രണ്ട് മത്സരങ്ങള്‍ക്കുള്ള ഇന്ത്യൻ സ്ക്വാഡ്:രോഹിത് ശര്‍മ (ക്യാപ്‌റ്റൻ), യശസ്വി ജയ്‌സ്വാള്‍, ശുഭ്‌മാൻ ഗില്‍, വിരാട് കോലി, കെഎല്‍ രാഹുല്‍, സര്‍ഫറാസ് ഖാൻ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ജസ്‌പ്രീത് ബുംറ (വൈസ് ക്യാപ്‌റ്റൻ), മുഹമ്മദ് സിറാജ്, ആകാശ് ദീപ്, വാഷിങ്ടണ്‍ സുന്ദര്‍.
Also Read :ഈ തോല്‍വി പണിയാണോ? ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനല്‍ സാധ്യതകള്‍ ഇങ്ങനെ