കേരളം

kerala

ETV Bharat / sports

എഫ്‌എ കപ്പ് ക്വാർട്ടറില്‍ ഏഴ്‌ ഗോള്‍ സൂപ്പര്‍ ത്രില്ലര്‍; 122-ാം മിനിട്ടില്‍ ലിവര്‍പൂളിനെ വീഴ്‌ത്തി യുണൈറ്റഡ് - Manchester United vs Liverpool

എഫ്‌എ കപ്പ് സെമിയില്‍ മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് ലിവര്‍ പൂളിനെ തോല്‍പ്പിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്.

FA Cup  Manchester United  Liverpool  Amad Diallo
FA Cup Manchester United vs Liverpool highlights

By ETV Bharat Kerala Team

Published : Mar 18, 2024, 3:01 PM IST

ലണ്ടന്‍:ത്രില്ലര്‍, ഏഴ്‌ ഗോളുകള്‍ പിറന്ന സൂപ്പര്‍ ത്രില്ലര്‍. ഇംഗ്ലീഷ് എഫ്‌എ കപ്പ് ( FA Cup) ക്വാര്‍ട്ടറിലെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് (Manchester United) ലിവര്‍പൂള്‍ (Liverpool) പോരാട്ടത്തെ വിശേഷിപ്പിക്കാന്‍ മറ്റുവാക്കുകളില്ല. ആരാധകര്‍ക്ക് ആവേശമേറ്റി അടിയും തിരിച്ചടിയും കണ്ട മത്സരത്തില്‍ ലിവര്‍പൂളിനെ പിടിച്ചുകെട്ടി മാഞ്ചസ്റ്റർ യുണൈറ്റ‍ഡ് എഫ്എ കപ്പ് സെമി ഫൈനലിൽ കടന്നു. സ്വന്തം തട്ടകമായ ഓൾഡ് ട്രാഫോർഡില്‍ (Old Trafford) മൂന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് യുണൈറ്റഡ് ലിവര്‍ പൂളിനെ കീഴടക്കിയത്.

യുണൈറ്റഡിനായി സ്കോട്ട് മക്‌ടോമിനായ് (Scott McTominay), ആന്‍റണി (Antony), മാർകസ് റാഷ്ഫോഡ് (Marcus Rashford), അമാദ് ഡിയല്ലോ (Amad Diallo) എന്നിവരാണ് ഗോളടിച്ചത്. അലക്സിസ് മാക് അലിസ്റ്റർ (Alexis Mac Allister), മുഹമ്മദ് സല ( Mohamed Salah), ഹാർവി എലിയറ്റ് (Harvey Elliott) എന്നിവരായിരുന്നു ലിവര്‍പൂളിനായി ലക്ഷ്യം കണ്ടത്.

മത്സരത്തിന്‍റെ തുടക്കം തന്നെ യുണൈറ്റഡ് മുന്നിലെത്തിയിരുന്നു. 10-ാം മിനിട്ടില്‍ സ്കോട്ട് മക്‌ടോമിനായ് ആണ് ലിവര്‍പൂളിന്‍റെ വലയില്‍ പന്തെത്തിച്ചത്. എന്നാല്‍ രണ്ട് ഗോള്‍ തിരിച്ചടിച്ചാണ് ലിവര്‍പൂള്‍ ആദ്യ പകുതിക്ക് പിരിഞ്ഞത്. 44-ാം മിനിട്ടില്‍ മാക് അലിസ്റ്ററും 47-ാം മിനിട്ടില്‍ മുഹമ്മദ് സലായുമായിരുന്നു യുണൈറ്റഡിനെ ഞെട്ടിച്ചത്.

രണ്ടാം പകുതിയിലും ലിവര്‍പൂള്‍ ആധിപത്യം പുലര്‍ത്തിയെങ്കിലും ഗോളൊഴിഞ്ഞു നിന്നു. എന്നാല്‍ 87-ാം മിനിട്ടില്‍ ബ്രസീലിയൻ താരം ആന്‍റണി യുണൈറ്റഡിന്‍റെ രക്ഷയ്‌ക്കെത്തി. മക്‌ടോ മിനായ് നല്‍കിയ പാസില്‍ ലിവര്‍പൂള്‍ ഡിഫന്‍ഡര്‍മാരെ വിദഗ്‌ദമായി മറികടന്നാണ് ഗോളി കയോംഹിൻ കെല്ലെഹറിനെ ആന്‍റണി കീഴടക്കിയത്.

നിശ്ചിത സമയത്ത് ഇരു 2-2ന് ഇരു ടീമുകളും സമനില പാലിച്ചതോടെ മത്സരം എക്‌സ്‌ട്രാ ടൈമിലേക്ക്. ഇരു ടീമുകളും പൊരുതിക്കളിച്ചു. എന്നാല്‍ 105-ാം മിനിട്ടില്‍ ഹാർവി എലിയറ്റിലൂടെ ലിവര്‍ പൂള്‍ സമനില പൊളിച്ചു. പക്ഷേ 112-ാം മിനിട്ടില്‍ മാർകസ് റാഷ്ഫോർഡിലൂടെ യുണൈറ്റഡ് മറുപടി നല്‍കി.

ALSO READ: ബയേണിനായുള്ള ഗോള്‍ വേട്ട ; ബുണ്ടസ് ലീഗയില്‍ ചരിത്രം തിരുത്തി ഹാരി കെയ്‌ന്‍

മത്സരം പെനാല്‍റ്റിയിലേക്കെന്ന് കരുതിയിരിക്കെയാണ് 121-ാം മിനിട്ടില്‍ അമാദ് ഡിയാല്ലോ യുണൈറ്റഡിന്‍റെ വിജയ ഗോളടിച്ചത്. ഗർനാചോയും അമാദ് ഡിയാല്ലോയും നടത്തിയ കൗണ്ടർ ആക്രമണത്തില്‍ നിന്നായിരുന്നു ഗോളിന്‍റെ പിറവി. ഗോളടിച്ച ശേഷം ജഴ്‌സിയൂരി ആഘോഷിച്ചതിന് രണ്ടാം മഞ്ഞ കാർഡ് ലഭിച്ച അമാദ് ഡിയല്ലോയ്‌ക്ക് പുറത്ത് പോവേണ്ടി വന്നെങ്കിലും ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ യുണൈറ്റഡ് വിജയം ഉറപ്പിച്ചിരുന്നു.

സെമി ഫൈനല്‍ മത്സരത്തില്‍ കവൻട്രിയാണ് യുണൈറ്റ‍ഡിന്‍റെ എതിരാളി. മറ്റൊരു സെമി ഫൈനല്‍ പോരാട്ടത്തില്‍ മാ‍ഞ്ചസ്റ്റർ സിറ്റിയും ചെൽസിയും തമ്മിലാണ് പോരടിക്കുക.

ABOUT THE AUTHOR

...view details