മസ്‌ക്കറ്റ്:ഒമാനില്‍ നടക്കുന്ന എസിസി എമര്‍ജിങ് ടീംസ് ഏഷ്യാ കപ്പ് ടി20 ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ ഇന്ന് ഇന്ത്യ പാകിസ്ഥാനെ നേരിടും. മസ്‌കറ്റിലെ അൽ അമേറാത്ത് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വൈകുന്നേരം 5.30നാണ് ഇന്ത്യ എ -പാകിസ്ഥാന്‍ എ ടീമുകളുടെ മത്സരം. യുവതാരം തിലക് വർമയാണ് ടീമിന്‍റെ നായകൻ. അഭിഷേക് ശർമ്മയും ഇന്ത്യൻ ടീമിൽ ഇടം നേടി. ഐപിഎല്‍ യുവതാരങ്ങളായ രമൺദീപ് സിങ് (കെകെആർ), ആയുഷ് ബഡോണി (ലഖ്‌നൗ സൂപ്പർജയന്‍റ്സ്), നെഹാൽ വധേര (മുംബൈ ഇന്ത്യൻസ്), പ്രഭ്‌സിമ്രാൻ സിങ് (പഞ്ചാബ് കിങ്സ്), അനുജ് റാവത്ത് (ആർസിബി) തുടങ്ങിയവരും ജേഴ്‌സിയണിയും.
യുവതാരം മുഹമ്മദ് ഹാരിസാണ് പാക് ടീമിനെ നയിക്കുന്നത്. കഴിഞ്ഞ വർഷം താരത്തിന്‍റെ നേതൃത്വത്തിൽ പാക് ടീം എമേർജിങ് ഏഷ്യാ കപ്പ് ചാമ്പ്യന്മാരായി. വിജയത്തുടര്‍ച്ചയാണ് പാകിസ്ഥാന്‍റെ ലക്ഷ്യം. 8 ടീമുകളാണ് ടൂർണമെന്‍റിൽ മത്സരിക്കുന്നത്. അഫ്‌ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ഹോങ്കോങ്, ശ്രീലങ്ക എന്നിവരാണ് ഗ്രൂപ്പ്-എയിലുള്ളത്. ഗ്രൂപ്പ് ബിയിൽ ഇന്ത്യ, ഒമാൻ, പാകിസ്ഥാൻ, യുഎഇ ടീമുകൾ ഉൾപ്പെടുന്നു. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാർ സെമിഫൈനലിന് യോഗ്യത നേടും. ഒക്ടോബർ 25-ന് സെമിയും 27-ന് ഫൈനലും നടക്കും. മത്സരങ്ങള്‍ ഫാൻകോഡ് ആപ്പിലോ വെബ്‌സൈറ്റിലോ കാണാൻ കഴിയും.
ഇതുവരേ എ മത്സരങ്ങളിൽ ഇരുടീമുകളും 14 തവണ ഏറ്റുമുട്ടി. ഇന്ത്യൻ ടീം 9 തവണ ജയിച്ചപ്പോൾ പാകിസ്ഥാൻ 5 തവണയാണ് വിജയിച്ചത്. കഴിഞ്ഞ വർഷം നടന്ന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ പാക്കിസ്ഥാനെ 8 വിക്കറ്റിന് ഇന്ത്യ തോൽപ്പിച്ചിരുന്നു. എന്നാല്‍ ഫൈനലിൽ 128 റൺസിന് പാകിസ്ഥാന്‍ ഇന്ത്യയെ പരാജയപ്പെടുത്തി. മത്സരത്തിൽ തയ്യബ് താഹിർ സെഞ്ച്വറി നേടിയിരുന്നു.ഇന്നലെ നടന്ന ഉദ്ഘാടന മത്സരത്തില്‍ ഹോങ്കോങ്ങിനെതിരെ ബംഗ്ലാദേശ് എ ടീം ജയം സ്വന്തമാക്കി. പത്ത് പന്തുകള്‍ ബാക്കി നില്‍ക്കെ അഞ്ച് വിക്കറ്റിനാണ് ബംഗ്ലാദേശിന്‍റെ ജയം.