ഹൈദരാബാദ്: ഇന്ത്യന്‍ ഫുട്ബോളിലെ കരുത്തന്മാരുടെ പോരാട്ടത്തിന് ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. പുതുവര്‍ഷ പുലരിയില്‍ മലയാളികള്‍ക്ക് കേരള ടീം സന്തോഷ് ട്രോഫിയിലൂടെ സമ്മാനമെത്തിക്കുമോ..?. അപരാജിതരായി ഫൈനലിലേക്ക് കുതിച്ച കേരളത്തിന് ഇനി കിരീടത്തില്‍ മുത്തമിടാന്‍ ബംഗാൾ കടമ്പ കടന്നാൽ മതി. എട്ടാം തവണയും ചാമ്പ്യന്‍പട്ടം സ്വന്തമാക്കാന്‍ കേരളം ഇന്ന് ഫൈനൽ പോരില്‍ ബംഗാളിനെ നേരിടും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
10 മത്സരങ്ങളില്‍ 35 ഗോൾ അടിച്ചുകൂട്ടിയാണ് കേരളം കലാശപോരിലെത്തിയത്. സെമിയിൽ മണിപ്പൂരിനെ 5-1ന് തോല്‍പ്പിച്ച ആത്മവിശ്വാസമാണ് കരുത്ത്. എല്ലാ മത്സരങ്ങളിലും കൃത്യമായ ഫോമിലായിരുന്നു കേരളം കളത്തിലിറങ്ങിയത്.
സെമിയില്‍ മുന്‍ ജേതാക്കളായ സർവീസസിനെ 4-2നാണ് ബംഗാള്‍ തകര്‍ത്തത്. സന്തോഷ് ട്രോഫിയില്‍ 46 തവണ ഫൈനലിലെത്തുകയും 32 തവണ കിരീടം ചൂടിയ ശക്തരായ ടീമാണ് ബംഗാള്‍. 2017ലാണ് അവസാനമായി കിരീടം നേടിയത്.എന്നാല്‍ കേരളം ഇതുവരെ 15 തവണ ഫൈനലിലെത്തിയതില്‍ ഏഴു തവണയാണ് ചാമ്പ്യന്‍മാരായത്. എട്ടാംകിരീടം സ്വന്തമാക്കിയാൽ പഞ്ചാബിനൊപ്പം കിരീടനേട്ടത്തിൽ കേരളത്തിന് രണ്ടാമതെത്താനാകും.
കേരളത്തിന്‍റെ കിരീടയാത്ര
1973-ലാണ് കേരളം ആദ്യമായി സന്തോഷ് ട്രോഫിയില്‍ മുത്തമിട്ടത്. 1992-ല്‍ കോയമ്പത്തൂരിലും 93-ലും കേരള ടീം ചാമ്പ്യന്‍മാരായി. 2001-ല്‍ മുംബൈയിലും 2004-ല്‍ ഡല്‍ഹിയിലും 2018-ല്‍ കൊല്‍ക്കത്തയിലും കിരീടം സ്വന്തമാക്കി. അവസാനമായി 2022-ല്‍ മഞ്ചേരിയില്‍ നടന്ന സന്തോഷ് ട്രോഫിയിലാണ് കേരളം ജേതാക്കളായത്.
നേര്‍ക്കുനേര്‍ പോരാട്ടം
ഫൈനൽ റൗണ്ടിൽ ഇരുടീമുകളും ഇതുവരെ 32 മത്സരങ്ങളിലാണ് മുഖാമുഖം വന്നത്. 15 തവണ ബംഗാൾ ജയിച്ചപ്പോള്‍ കേരളം 9 തവണയാണ് ജയം നേടിയത്. 8 മത്സരങ്ങൾ സമനിലയില്‍ അവസാനിച്ചു. എന്നാല്‍ നാലുതവണയാണ് കേരളവും ബംഗാളും ഫൈനലില്‍ ഏറ്റുമുട്ടിയത്. നാലു ഫൈനലുകളും തീരുമാനമായത് ഷൂട്ടൗട്ടിലൂടെയായിരുന്നു. 2018ലും 2021ലും സന്തോഷ് ട്രോഫിയില്‍ ബംഗാളിനെ വീഴ്‌ത്തി കേരളം ജേതാക്കളായി.
മത്സരം എപ്പോള്‍, എവിടെ കാണാം..?
ഇന്ന് രാത്രി 7.30ന് ഹൈദരാബാദിലെ ഗച്ചിബൗളി സ്റ്റേഡിയത്തിലാണ് കിക്കോഫ്. മത്സരം ഡിഡി സ്പോർട്‌സ് ചാനലിൽ തൽസമയം കാണാം. എസ്എസ്ഇഎൻ ആപ്പിൽ ലൈവ് സ്ട്രീമിങ്ങും നടക്കും.
- Also Read:പ്രീമിയര്‍ ലീഗില്‍ ചെല്‍സി വീണ്ടും തോറ്റു, മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും രക്ഷയില്ല - ENGLISH PREMIER LEAGUE
- Also Read:സിഡ്‌നി ടെസ്റ്റിന് ശേഷം 'ഹിറ്റ്‌മാന്‍' വിരമിച്ചേക്കും; ബിസിസിഐ ചര്‍ച്ച ചെയ്‌തു - ROHIT SHARMA RETIREMENT