കേരളം

kerala

ETV Bharat / sports

'ദിസ് ഈസ് സോ...റോങ്‌' ; തമിഴ്‌നാട് പരിശീലകനെതിരെ ദിനേശ് കാര്‍ത്തിക് - ആര്‍ സായ്‌ കിഷോര്‍

രഞ്‌ജി ട്രോഫി സെമി ഫൈനല്‍ തോല്‍വിയില്‍ ക്യാപ്റ്റന്‍ ആര്‍ സായ്‌ കിഷോറിനെ തള്ളിപ്പറഞ്ഞ തമിഴ്‌നാട് പരിശീലകനെതിരെ ദിനേശ് കാര്‍ത്തിക്

Dinesh Karthik  R Sai Kishore  Ranji Trophy  ആര്‍ സായ്‌ കിഷോര്‍  ദിനേശ് കാര്‍ത്തിക്
Dinesh Karthik slams TN coach for blaming R Sai Kishore

By ETV Bharat Kerala Team

Published : Mar 5, 2024, 1:44 PM IST

മുംബൈ :രഞ്ജി ട്രോഫി (Ranji Trophy) സെമിയില്‍ മുംബൈയ്‌ക്കെതിരായ തോല്‍വിക്ക് പിന്നാലെ തമിഴ്‌നാട് ക്യാപ്റ്റന്‍ ആര്‍ സായ്‌ കിഷോറിനെ ( R Sai Kishore ) പരസ്യമായി തള്ളിപ്പറഞ്ഞ പരിശീലകനെതിരെ ഇന്ത്യയുടെ വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദിനേശ് കാര്‍ത്തിക് (Dinesh Karthik). സായ്‌ കിഷോറിനെതിരെ പരിശീലകന്‍ സുലക്ഷൺ കുല്‍ക്കര്‍ണി (Sulakshan Kulkarni) നടത്തിയ പരാമര്‍ശം നിരാശാജനകമാണ്. പിന്തുണയ്‌ക്കുന്നതിന് പകരം ക്യാപ്റ്റനെ ടീം ബസില്‍ നിന്നും പുറത്തേക്ക് എറിയുന്നതായാണ് തനിക്ക് തോന്നുന്നതെന്നും തമിഴ്‌നാടിന്‍റെ മുന്‍ പരിശീലകന്‍ കൂടിയായ ദിനേശ്‌ കാര്‍ത്തിക് പ്രതികരിച്ചു.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലാണ് 38-കാരന്‍ ഇതുസംബന്ധിച്ച് പോസ്റ്റ് ഇട്ടിരിക്കുന്നത്. "ഇത് വളരെ തെറ്റായ നടപടിയാണ്. പരിശീലകനില്‍ നിന്നുമുണ്ടായിരിക്കുന്നത് നിരാശജനകമായ ഒരു പ്രതികരണമാണ്. ഏഴ് വർഷത്തിന് ശേഷം ടീമിനെ സെമിയിലെത്തിച്ച ക്യാപ്റ്റനെ പിന്തുണയ്‌ക്കുകയും ഇത് നല്ല തുടക്കമാണെന്ന് കരുതുന്നതിനും പകരം, ക്യാപ്റ്റനെ എടുത്ത് ടീം ബസിന് അടിയിലേക്ക് എറിയുകയാണ് പരിശീലകന്‍ ചെയ്‌തിരിക്കുന്നത്" - ദിനേശ് കാർത്തിക് എക്‌സ് പോസ്റ്റില്‍ വ്യക്തമാക്കി.

അതേസമയം രഞ്‌ജി ട്രോഫി സെമിയില്‍ ഇന്നിങ്‌സിനും 70 റണ്‍സിനുമായിരുന്നു തമിഴ്‌നാട് മുംബൈയോട് തോല്‍വി വഴങ്ങിയത് (Mumbai vs Tamil Nadu). ഇതിന് പിന്നാലെ ടോസ് നേടി ബാറ്റ് ചെയ്യാനുള്ള ക്യാപ്റ്റന്‍ ആര്‍ സായ്‌ കിഷോറിന്‍റെ തീരുമാനമാണ് തമിഴ്‌നാടിന്‍റെ തോല്‍വിക്ക് കാരണമെന്നായിരുന്നു പരിശീലകന്‍ സുലക്ഷൺ കുല്‍ക്കര്‍ണി പറഞ്ഞത്. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ആദ്യ അരമണിക്കൂറിന് ഉള്ളില്‍ തന്നെ തങ്ങള്‍ക്ക് മത്സരം നഷ്‌ടമായിരുന്നുവെന്നും തമിഴ്‌നാട് പരിശീലകന്‍ തുറന്നടിച്ചിരുന്നു.

ഇതുസംബന്ധിച്ച് തമിഴ്‌നാട് പരിശീലകന്‍റെ വാക്കുകള്‍ ഇങ്ങനെ... "ഉള്ളത് ഉള്ളതുപോലെ പറയുന്ന ഒരാളാണ് ഞാന്‍. ടോസ് നേടി ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ആദ്യ ദിനത്തില്‍ ഒമ്പത് മണിക്ക് തന്നെ ഞങ്ങള്‍ക്ക് മത്സരം നഷ്‌ടമായിരുന്നു.

അതിന് മുന്നെയുള്ളവ ഞങ്ങള്‍ക്ക് അനുകൂലമായിരുന്നു. ടോസ് ഞങ്ങള്‍ വിജയിച്ചു. ഒരു മുംബൈക്കാരന്‍ എന്ന നിലയിലും ഒരു പരിശീലകന്‍ എന്ന നിലയിലും ഈ പിച്ചിലെ സാഹചര്യങ്ങള്‍ എനിക്ക് നന്നായി അറിയാമായിരുന്നു. ടോസ് കിട്ടിയാല്‍ ആദ്യം ബോള്‍ ചെയ്യുകയായിരുന്നു വേണ്ടിയിരുന്നത്.

പക്ഷെ, ക്യാപ്റ്റന്‍റെ തീരുമാനം മറ്റൊന്നായിരുന്നു. അദ്ദേഹം മറ്റൊരു രീതിയിലായിരിക്കാം ചിന്തിച്ചത്. ആത്യന്തികമായി ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹമാണ് ബോസ്. എനിക്ക് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും നല്‍കാന്‍ മാത്രമേ കഴിയൂ. ആദ്യ ഓവറില്‍ തന്നെ ഞങ്ങളുടെ അന്താരാഷ്‌ട്ര താരം പുറത്തായി.

ALSO READ: ഓള്‍റൗണ്ടര്‍ മികവുമായി ശാര്‍ദുല്‍; തമിഴ്‌നാടിനെ തകര്‍ത്ത് മുംബൈ രഞ്‌ജി ഫൈനലില്‍

പിന്നീട് ആദ്യ മണിക്കൂറില്‍ മത്സരവും നഷ്‌ടമായി. ആ പിച്ചില്‍ ഒരു തിരിച്ചുവരവ് ഏറെ പ്രയാസകരമായിരുന്നു. ആദ്യം ബാറ്റ് ചെയ്യാനുള്ള തീരുമാനം ക്യാപ്റ്റന്‍റേതായിരുന്നു. മത്സരത്തിന്‍റെ വിധി അത് നിര്‍ണയിക്കുകയും ചെയ്‌തു"-സുലക്ഷൺ കുല്‍ക്കര്‍ണി പറഞ്ഞു.

ABOUT THE AUTHOR

...view details