ബെംഗളൂരു:റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ബാറ്റിങ് പരിശീലകനും ടീം മെന്‍ററുമായി മുൻ താരം ദിനേശ് കാര്‍ത്തിക്കിനെ നിയമിച്ചു. സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് ആര്‍സിബിയുടെ ഔദ്യോഗിക പ്രഖ്യാപനം. കഴിഞ്ഞ ഐപിഎല്‍ സീസണിന് ഒടുവില്‍ ദിനേശ് കാര്‍ത്തിക് ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചിരുന്നു.
2024 ഐപിഎല്‍ സീസണില്‍ ആര്‍സിബിയുടെ കുതിപ്പില്‍ നിര്‍ണായക പ്രകടനം നടത്തിയ താരങ്ങളില്‍ ഒരാളാണ് ദിനേശ് കാര്‍ത്തിക്. കഴിഞ്ഞ വര്‍ഷം 15 മത്സരം കളിച്ച താരം രണ്ട് അര്‍ധസെഞ്ച്വറിയുള്‍പ്പടെ 326 റണ്‍സ് നേടി. 187.36 സ്ട്രൈക്ക് റേറ്റില്‍ ബാറ്റ് വീശിയ 39കാരന്‍റെ ബാറ്റിങ് ശരാശരി 36.22 ആയിരുന്നു.
2008ല്‍ ഐപിഎല്‍ കരിയര്‍ ആരംഭിച്ച കാര്‍ത്തിക് 257 മത്സരങ്ങളിലെ 234 ഇന്നിങ്‌സില്‍ നിന്നായി 4842 റണ്‍സ് നേടി. 22 അര്‍ധസെഞ്ച്വറികളും കാര്‍ത്തിക് അടിച്ചെടുത്തിട്ടുണ്ട്. 97 റണ്‍സാണ് താരത്തിന്‍റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍.
ഐപിഎല്‍ കരിയറില്‍ ആറ് ടീമുകള്‍ക്ക് വേണ്ടിയാണ് കാര്‍ത്തിക് കളത്തിലിറങ്ങിയത്. 2008ല്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനൊപ്പമായിരുന്നു (ഡല്‍ഹി ക്യാപിറ്റല്‍സ്) താരം ഐപിഎല്ലിലെ യാത്ര തുടങ്ങിയത്. 2011ല്‍ പഞ്ചാബ് കിങ്‌സിലും തുടര്‍ന്നുള്ള രണ്ട് സീസണില്‍ മുംബൈ ഇന്ത്യൻസിന്‍റെയും ഭാഗമായ താരം 2014ല്‍ ഡല്‍ഹിയിലേക്ക് തിരികെ വീണ്ടുമെത്തി.
2015ല്‍ ആര്‍സിബിക്കൊപ്പവും 2016, 2017 വര്‍ഷങ്ങളില്‍ ഗുജറാത്ത് ലയണ്‍സിനും വേണ്ടിയായിരുന്നു കാര്‍ത്തിക് കളിച്ചത്. 2018-21 സീസണുകളില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ ചേര്‍ന്ന കാര്‍ത്തിക് അവരുടെ ക്യാപ്‌റ്റനായും കളിച്ചു. 2022ലായിരുന്നു താരം വീണ്ടും ആര്‍സിബിയിലേക്ക് എത്തിയത്.
ആര്‍സിബിയിലേക്കുള്ള മടങ്ങി വരവില്‍ തകര്‍പ്പൻ പ്രകടനം നടത്തിയതിന് പിന്നാലെ 2022ലെ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലേക്കും കാര്‍ത്തിക്കിനെ തിരഞ്ഞെടുത്തു. ലോകകപ്പില്‍ മികവ് കാട്ടാൻ സാധിക്കാതെ വന്നതോടെ ടീമിലെ സ്ഥാനം നഷ്‌ടമായി. പിന്നീട് കമന്‍ററിയില്‍ സജീവമായി തുടരുന്നതിനിടെയാണ് താരം കഴിഞ്ഞ വര്‍ഷം ഐപിഎല്ലിലേക്കുമെത്തിയത്. അടുത്തിടെ അവസാനിച്ച ടി20 ലോകകപ്പില്‍ ഇന്ത്യയ്‌ക്കായി കളിക്കാൻ താത്‌പര്യമുണ്ടെന്ന് കാര്‍ത്തിക് വ്യക്തമാക്കിയിരുന്നെങ്കിലും താരത്തെ പരിഗണിച്ചില്ല.
Also Read :ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന് വൻ തുക പാരിതോഷികം പ്രഖ്യാപിച്ച് ജയ് ഷാ - T20 World Cup Victory