ന്യൂഡല്‍ഹി: ഡല്‍ഹി പ്രീമിയര്‍ ലീഗില്‍ ടി20 ക്രിക്കറ്റിലെ നിരവധി റെക്കോഡുകള്‍ അടിച്ചുപറത്തി സൗത്ത് ഡല്‍ഹി സൂപ്പര്‍ സ്റ്റാര്‍സ്. നോര്‍ത്ത് ഡല്‍ഹി സ്ട്രൈക്കേഴ്‌സിനെതിരായ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത സൗത്ത് ഡല്‍ഹി സൂപ്പര്‍സ്റ്റാര്‍സ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 308 റണ്‍സാണ് നേടിയത്. ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് താരമായ ആയുഷ് ബഡോണി, പ്രിയാൻഷ് റാണ എന്നിവരുടെ തകര്‍പ്പൻ സെഞ്ച്വറികളാണ് ടീമിന് വമ്പൻ സ്കോര്‍ സമ്മാനിച്ചത്.
മത്സരത്തില്‍ 55 പന്ത് നേരിട്ട ആയുഷ് ബഡോണി 165 റണ്‍സാണ് നേടിയത്. 19 സിക്‌സറുകള്‍ അടങ്ങുന്നതായിരുന്നു താരത്തിന്‍റെ ഇന്നിങ്‌സ്. ഒരു ടി20 ഇന്നിങ്‌സില്‍ കൂടുതല്‍ സിക്‌സറുകളെന്ന ഇതിഹാസ താരം ക്രിസ് ഗെയിലിന്‍റെ പേരിലുണ്ടായിരുന്ന റെക്കോഡാണ് ബഡോണി ഈ മറികടന്നത്.