ന്യൂഡല്‍ഹി: ഐപിഎല്ലില്‍ രാജസ്ഥാൻ റോയല്‍സിനെ തകര്‍ത്ത് പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്തി ഡല്‍ഹി ക്യാപിറ്റല്‍സ്. സീസണിലെ നിര്‍ണായക മത്സരത്തില്‍ സ്വന്തം തട്ടകത്തില്‍ രാജസ്ഥാനെ നേരിടാൻ ഇറങ്ങിയ ക്യാപിറ്റല്‍സ് 20 റണ്‍സിന്‍റെ ജയം സ്വന്തമാക്കിയാണ് മടങ്ങിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ഡല്‍ഹി 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 221 റണ്‍സ് നേടിയിരുന്നു.
മറുപടി ബാറ്റിങ്ങില്‍ രാജസ്ഥാന് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 201 റണ്‍സ് അടിക്കാനെ സാധിച്ചുള്ളു. ക്യാപ്‌റ്റൻ സഞ്ജു സാംസണ്‍ രാജസ്ഥാനായി 86 റണ്‍സ് നേടി. ജയത്തോടെ ഡല്‍ഹി പോയിന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് എത്തി.
222 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ രാജസ്ഥാന് ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനെ ആദ്യ ഓവറിലെ രണ്ടാം പന്തില്‍ തന്നെ നഷ്‌ടമായി (4). പിന്നാലെ, മൂന്നാം നമ്പറില്‍ ക്രീസിലെത്തിയ സഞ്ജു സാംസണ്‍ ആണ് രാജസ്ഥാന് വേണ്ടി പവര്‍പ്ലേയില്‍ തകര്‍ത്തടിച്ചത്. സഞ്ജു ഒരുവശത്ത് അനായാസം റണ്‍സ് കണ്ടെത്തുന്നതിനിടെ മറുവശത്ത് 17 പന്തില്‍ 19 റണ്‍സ് നേടിയ ജോസ് ബട്‌ലറെ ആറാം ഓവറിലെ അഞ്ചാം പന്തില്‍ അക്‌സര്‍ പട്ടേല്‍ മടക്കി.
പിന്നാലെയെത്തിയ പരാഗ് ക്യാപ്‌റ്റൻ സഞ്ജു സാംസണ് മികച്ച പിന്തുണയാണ് നല്‍കിയത്. എന്നാല്‍, 11-ാം ഓവര്‍ പന്തെറിയാനെത്തിയ റാസിഖ് സലാം പരാഗിനെയും (22 പന്തില്‍ 27) കൂടാരം കയറ്റി. അഞ്ചാമനായെത്തിയ ശുഭം ദുബെയും തകര്‍ത്തടിച്ചതോടെ റോയല്‍സ് സ്കോര്‍ ഉയര്‍ന്നു.
63 റണ്‍സായിരുന്നു അവസാന അഞ്ച് ഓവറില്‍ രാജസ്ഥാന് ജയിക്കാൻ വേണ്ടിയിരുന്നത്. മൂന്നാം നമ്പറില്‍ ക്രീസിലെത്തി തകര്‍ത്തടിച്ചുകൊണ്ടിരുന്ന നായകൻ സഞ്ജു സാംസണ്‍ ആയിരുന്നു മത്സരത്തില്‍ രാജസ്ഥാന്‍റെ പ്രതീക്ഷ. എന്നാല്‍, റോയല്‍സിന്‍റെ പ്രതീക്ഷകള്‍ എല്ലാം തകിടം മറിഞ്ഞത് മത്സരത്തിന്‍റെ 16-ാം ഓവറില്‍ സഞ്ജു പുറത്തായതോടെയാണ്. മുകേഷ് കുമാറിനെ ലോങ് ഓണിലൂടെ സിക്‌സര്‍ പറത്താനായിരുന്നു സഞ്ജുവിന്‍റെ ശ്രമം.
സഞ്ജുവിന്‍റെ ഷോട്ട് ബൗണ്ടറി ലൈനില്‍ ഷായ് ഹോപ് കൈപ്പിടിയിലാക്കുകയായിരുന്നു. എന്നാല്‍, ക്യാച്ചെടുക്കുമ്പോള്‍ ഹോപിന്‍റെ കാല് ബൗണ്ടറി കുഷ്യനില്‍ തട്ടിയെന്ന് വ്യക്തമായിട്ടും ടിവി അമ്പയര്‍ ഔട്ട് നല്‍കിയെന്ന് ആരോപണം ആരാധകര്‍ ഉയര്‍ത്തുന്നുണ്ട്. ഇതോടെ, പ്രതിരോധത്തിലായ രാജസ്ഥാന് പിന്നീട് ഒരു തിരിച്ചുവരവിന് സാധിച്ചില്ല. ശുഭം ദുബെ (12 പന്തില്‍ 25), ഡൊണോവൻ ഫെറൈറ (1), രവിചന്ദ്രൻ അശ്വിൻ (2), റോവ്മാൻ പവല്‍ (10 പന്തില്‍ 13) എന്നിവരുടെ വിക്കറ്റും രാജസ്ഥാന് നഷ്‌ടമായി. ഡല്‍ഹിക്കായി ഖലീല്‍ അഹമ്മദ്, അക്‌സര്‍ പട്ടേല്‍, മുകേഷ് കുമാര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി.
Also Read :പൊട്ടിക്കരയുന്ന രോഹിത് ശര്‍മ..?; മുംബൈ ഡ്രസിങ് റൂമിലെ താരത്തിന്‍റെ വീഡിയോ - Rohit Sharma Viral Video
നേരത്തെ, ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനെത്തിയ ഡല്‍ഹി ക്യാപിറ്റല്‍സിനായി ഓപ്പണര്‍മാരായ ജേക്ക് ഫ്രേസര്‍ മക്‌ഗുര്‍കും (20 പന്തില്‍ 50) അഭിഷേക് പോറലും (36 പന്തില്‍ 65) ട്രിസ്റ്റണ്‍ സ്റ്റബ്‌സും (20 പന്തില്‍ 41) തിളങ്ങി. ക്യാപ്‌റ്റൻ റിഷഭ് പന്തിന് 15 റണ്‍സേ നേടാൻ സാധിച്ചുള്ളു. രാജസ്ഥാന് വേണ്ടി രവിചന്ദ്രൻ അശ്വിൻ മൂന്ന് വിക്കറ്റ് വീഴ്‌ത്തി.