മുംബൈ:ഐപിഎല്ലിൽ പേസർ മതീഷ പതിരണയുടെ നാല് വിക്കറ്റ് പ്രകടനത്തിന്‍റെ കരുത്തിൽ മുംബൈ ഇന്ത്യൻസിനെ തകർത്ത് ചെന്നൈ സൂപ്പർ കിങ്‌സ്. വാങ്കഡെ സ്റ്റേഡിയത്തിൽ കരുത്തന്മാർ മുഖാമുഖം വന്ന മത്സരത്തിൽ 20 റൺസിന് ആയിരുന്നു ചെന്നൈയുടെ ജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്‌ത് സിഎസ്കെ ഉയർത്തിയ 207 റൺസ് വിജയലക്ഷ്യത്തിലേക്ക് കുതിച്ച മുംബൈക്കായി രോഹിത് ശർമ സെഞ്ച്വറി അടിച്ചെങ്കിലും നിശ്ചിത ഓവറിൽ അവരുടെ പോരാട്ടം 186-6 എന്ന നിലയിൽ അവസാനിക്കുകയായിരുന്നു.
207 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ മുംബൈ ഇന്ത്യൻസിന് സ്വപ്‌നതുല്യമായ തുടക്കമാണ് രോഹിത് ശർമയും ഇഷാൻ കിഷനും ചേർന്ന് സമ്മാനിച്ചത്. പവർപ്ലേയിൽ ഇരുവർക്കും ടീം സ്കോർ 60 കടത്താനായി. എട്ടാം ഓവർ പന്തെറിയാനെത്തിയ മതീഷ പതിരണയാണ് ഈ കൂട്ടുകെട്ട് പൊളിക്കുന്നത്.
15 പന്തിൽ 23 റൺസ് നേടിയ ഇഷാൻ കിഷൻ ആയിരുന്നു ചെന്നൈയുടെ ശ്രീലങ്കൻ യുവ പേസറുടെ ആദ്യ ഇര. ഇംപാക്‌ട് പ്ലെയറായി ക്രീസിലെത്തിയ സൂര്യകുമാർ യാദവിനെ അക്കൗണ്ട് തുറക്കും മുൻപ് തന്നെ നേരിട്ട രണ്ടാം പന്തില്‍ പതിരണ പറഞ്ഞയച്ചു. തേർഡ്‌മാനിൽ മുസ്‌തഫിസുറിന്‍റെ തകർപ്പൻ ക്യാച്ചിലൂടെയായിരുന്നു സ്കൈയുടെ പുറത്താകൽ.
മൂന്നാം വിക്കറ്റിൽ തിലക് വർമയെ കൂട്ടുപിടിച്ച് രോഹിത് മുംബൈ സ്കോർ ഉയർത്തി. മത്സരത്തിന്‍റെ 11-ാം ഓവറിൽ അവർക്ക് 100 കടക്കാനായി. എന്നാൽ, പതിനാലാം ഓവർ പന്തെറിയാൻ എത്തിയ പതിരണ വീണ്ടും ചെന്നൈ നായകന്‍റെ വിശ്വാസം കാത്തു. 20 പന്തിൽ 31 റൺസ് നേടിയ തിലക് വർമയായിരുന്നു ഇത്തവണ യുവ പേസറിന് മുന്നിൽ വീണത്.
പിന്നാലെ, തുഷാര്‍ ദേശ്‌പാണ്ഡെ ഹാര്‍ദിക് പാണ്ഡ്യയുടെ (6 പന്തില്‍ 2) വിക്കറ്റും നേടിയതോതെട 15.3 ഓവറില്‍ നാലിന് 134 എന്ന നിലയിലേക്ക് മുംബൈ വീണു. വമ്പൻ അടികളുമായി കളം നിറയാൻ ടിം ഡേവിഡ് ശ്രമിച്ചെങ്കിലും മത്സരത്തിന്‍റെ 17-ാം ഓവറില്‍ മുംബൈ ബിഗ് ഹിറ്ററുടെ വിക്കറ്റ് മുസ്‌തഫിസുര്‍ റഹ്മാൻ സ്വന്തമാക്കുകയായിരുന്നു. 5 പന്തില്‍ 13 റണ്‍സായിരുന്നു താരത്തിന്‍റെ സമ്പാദ്യം.
18-ാം ഓവറില്‍ റൊമാരിയോ ഷെപ്പേര്‍ഡിനെ ക്ലീൻ ബൗള്‍ഡാക്കിയാണ് പതിരണ തന്‍റെ വിക്കറ്റ് വേട്ട പൂര്‍ത്തിയാക്കിയത്. അവസാന രണ്ട് ഓവറില്‍ 47 റണ്‍സായിരുന്നു ജയം സ്വന്തമാക്കാൻ മുംബൈയ്‌ക്ക് വേണ്ടിയിരുന്നത്. രോഹിത് ശര്‍മയും മുഹമ്മദ് നബിയും തങ്ങള്‍ക്ക് ആകുന്നത് പോലെ ശ്രമിച്ചെങ്കിലും മുംബൈയ്‌ക്ക് ജയത്തിലേക്ക് എത്താനായില്ല.
അതേസമയം, മത്സരത്തില്‍ നേരിട്ട 61-ാം പന്തില്‍ രോഹിത് ശര്‍മ സെഞ്ച്വറി പൂര്‍ത്തിയാക്കിയത് മാത്രമായിരുന്നു മുംബൈ ആരാധകര്‍ക്ക് ആശ്വ്സിക്കാൻ ഉണ്ടായിരുന്ന കാര്യം. 63 പന്തില്‍ 105 റണ്‍സായിരുന്നു രോഹിത് മത്സരത്തില്‍ പുറത്താകാതെ നേടിയത്. മുഹമ്മദ് നബി 7 പന്തില്‍ 4 റണ്‍സ് നേടി.
നേരത്തെ, ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനെത്തിയ ചെന്നൈ സൂപ്പര്‍ കിങ്സ് നാല് വിക്കറ്റ് നഷ്‌ടത്തിലാണ് 206 റണ്‍സ് നേടിയത്. അവസാന ഓവറില്‍ മുംബൈ നായകൻ ഹാര്‍ദിക് പാണ്ഡ്യയെ ഹാട്രിക്ക് സിക്‌സ് പായിച്ച് എംഎസ് ധോണിയായിരുന്നു ചെന്നൈ സ്കോര്‍ 200 കടത്തിയത്. നാല് പന്ത് മാത്രം നേരിട്ട തല ധോണി പുറത്താകാതെ 20 റണ്‍സാണ് മത്സരത്തില്‍ അടിച്ചെടുത്തത്. റിതുരാജ് ഗെയ്‌ക്‌വാദ് (40 പന്തില്‍ 69), ശിവം ദുബെ (38 പന്തില്‍ 66) എന്നിവര്‍ ചെന്നൈയ്‌ക്കായി അര്‍ധസെഞ്ച്വറി നേടി.