ലണ്ടൻ :പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരായ മത്സരത്തില്‍ ആവേശ ജയം സ്വന്തമാക്കി ചെല്‍സി. തങ്ങളുടെ സ്വന്തം തട്ടകമായ സ്റ്റാംഫോര്‍ഡ് ബ്രിഡ്‌ജില്‍ നടന്ന മത്സരത്തില്‍ 4-3 എന്ന സ്കോറിനാണ് ചെല്‍സി യുണൈറ്റഡിനെ തകര്‍ത്തെറിഞ്ഞത്. നിശ്ചിത സമയത്ത് 3-2 എന്ന നിലയില്‍ പിന്നിലായിരുന്ന ആതിഥേയര്‍ ഇഞ്ചുറി ടൈമില്‍ നേടിയ ഗോളുകളുടെ കരുത്തിലായിരുന്നു മത്സരം സ്വന്തമാക്കിയത്.
ചെല്‍സിക്കായി കോള്‍ പാല്‍മെര്‍ ഹാട്രിക് നേടി. കോണൊര്‍ ഗാലഗറാണ് നീലപ്പടയുടെ മറ്റൊരു ഗോള്‍ സ്കോറര്‍. സന്ദര്‍ശകരായ യുണൈറ്റഡിന് വേണ്ടി അലജാൻഡ്രോ ഗര്‍നാച്ചോ ഇരട്ട ഗോളും ബ്രൂണോ ഫെര്‍ണാണ്ടസ് ഒരു ഗോളുമാണ് ചെല്‍സി വലയിലെത്തിച്ചത്.
മത്സരത്തില്‍ ആദ്യം ലീഡ് പിടിക്കുന്നത് ചെല്‍സിയായിരുന്നു. നാലാം മിനിറ്റില്‍ ഗാലഗറാണ് ആതിഥേയരെ മുന്നിലെത്തിച്ചത്. പിന്നാലെ ആന്‍റണിയുടെ ഫൗളിന് ചെല്‍സിക്ക് അനുകൂലമായി പെനാല്‍റ്റി.
കിക്ക് എടുക്കാനെത്തിയ കോള്‍ പാല്‍മെര്‍ കൃത്യമായി ലക്ഷ്യം കണ്ടു. ക്ലോക്കില്‍ 19 മിനിറ്റ് ആയപ്പോഴേക്കും തന്നെ ചെല്‍സി 2-0 എന്ന സ്കോറിന് മുന്നിലെത്തിയിരുന്നു. ആദ്യ പകുതി അവസാനിക്കുന്നതിന് മുന്‍പ് തന്നെ യുണൈറ്റഡ് മത്സരത്തിലേക്ക് തിരിച്ചുവന്നു.
34-ാം മിനിറ്റില്‍ ഗര്‍നാച്ചോയിലൂടെയാണ് സന്ദര്‍ശകര്‍ ആദ്യ ഗോള്‍ നേടുന്നത്. ചെല്‍സിയുടെ മധ്യനിര താരം കൈസെദോയുടെ പിഴവ് മുതലെടുത്തുകൊണ്ടായിരുന്നു ഗര്‍നാച്ചോ ഗോളിലേക്ക് നീങ്ങിയത്. 39-ാം മിനിറ്റില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നായകൻ ബ്രൂണോ ഫെര്‍ണാണ്ടസ് ടീമിനായി സമനില ഗോള്‍ കണ്ടത്തി.