ഹൈദരാബാദ്: സന്തോഷ് ട്രോഫി ഒന്നാം സെമിയില്‍ നിലവിലെ ചാമ്പ്യന്മാരായ സർവീസസിനെ തോല്‍പ്പിച്ച് ബംഗാൾ സന്തോഷ് ട്രോഫി ഫൈനലിൽ പ്രവേശിച്ചു. റോബി ഹൻസ്ദായുടെ ഇരട്ടഗോൾ മികവിൽ 4-2നാണ് സർവീസസിനെ തകര്‍ത്തത്.
ബംഗാൾ സന്തോഷ് ട്രോഫി ഫൈനലിൽ; രണ്ടാം സെമിയില്‍ കേരളം ഇന്ന് മണിപ്പൂരിനെതിരേ - SANTOSH TROPHY
കേരളം– മണിപ്പൂർ സെമി മത്സരം ഇന്ന് രാത്രി 7.30ന് ഹൈദരാബാദില്‍ നടക്കും
Published : Dec 29, 2024, 6:19 PM IST
മനോതോസ് മാജി, നരോഹരി ശ്രേഷ്ഠ എന്നിവരും ബംഗാളിനായി ഗോളടിച്ചു. മത്സരത്തിലെ 17-ാം മിനിറ്റില്‍ തന്നെ ഗോളടിച്ച് ബംഗാൾ മുന്നേറ്റം തുടങ്ങിയിരുന്നു. മാജിയില്‍ നിന്നായിരുന്നു ആദ്യഗോള്‍ പിറന്നത്. സർവിസസ് നിരയിൽ മൂന്നു മലയാളികൾ ആദ്യ ഇലവനിൽ സ്ഥാനം പിടിച്ചിരുന്നു. മുന്‍പ് ഇരുടീമുകളും 32 തവണ മത്സരിച്ചപ്പോൾ 21 തവണയും ബംഗാളിനായിരുന്നു ജയം. 6 തവണ മാത്രമാണ് സർവീസസ് ജയം നേടിയത്.
അതേസമയം ഇന്ന് നടക്കുന്ന രണ്ടാം സെമിയില്‍ കേരളം മണിപ്പൂരിനെ നേരിടും. ഹൈദരാബാദ് ജിഎംസി ബാലയോഗി സ്റ്റേഡിയത്തിൽ ഇന്നു രാത്രി 7.30നാണ് കേരളം– മണിപ്പൂർ സെമി. സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് മത്സരങ്ങളിൽ ഇതുവരെ 5 തവണയാണ് കേരളവും മണിപ്പുരും തമ്മില്‍ മത്സരിച്ചത്. കേരളം മൂന്ന് തവണ ജയിച്ചപ്പോള്‍ രണ്ട് തവണ ജയം മണിപ്പൂരിനൊപ്പമായിരുന്നു.
കഴിഞ്ഞ രണ്ടുതവണയും കേരളം ക്വാർട്ടര്‍ കാണാതെ പുറത്തായിരുന്നു. ഇത്തവണ കിരീടം സ്വന്തമാക്കുകയാണ് ലക്ഷ്യം. ഏഴുതവണ ജേതാക്കളായപ്പോൾ എട്ടുതവണ റണ്ണറപ്പായി. 2022ൽ മലപ്പുറം മഞ്ചേരിയിലാണ് കേരളം അവസാനമായി കിരീടം സ്വന്തമാക്കിയത്. ഇന്ന് കേരളം ജയിക്കുകയാണെങ്കില്‍ ബംഗാള്‍-കേരളം ഫൈനല്‍ പോരാട്ടം പ്രതീക്ഷിക്കാം.