രാജ്‌കോട്ട് : രാജ്‌കോട്ട് ടെസ്റ്റില്‍ (India vs England 3rd Test) ഇന്ത്യയ്‌ക്കെതിരായ ഇംഗ്ലണ്ടിന്‍റെ ബാറ്റിങ് ആക്രമണത്തിന് നേതൃത്വം നല്‍കുന്നത് ഓപ്പണര്‍ ബെന്‍ ഡക്കറ്റാണ് (Ben Duckett). ഇന്ത്യ നേടിയ 445 റണ്‍സിന് മറുപടി നല്‍കുന്ന ഇംഗ്ലണ്ടിനായി സെഞ്ചുറി പ്രകടനം നടത്തിയ ബെന്‍ ഡക്കറ്റ് രണ്ടാം ദിന മത്സരം അവസാനിക്കുമ്പോള്‍ പുറത്താവാതെ നില്‍ക്കുകയാണ്. 118 പന്തുകളില്‍ 133 റണ്‍സാണ് താരത്തിന്‍റെ അക്കൗണ്ടില്‍ നിലവിലുള്ളത്.
ബാസ്‌ബോള്‍ ശൈലിയില്‍ ബാറ്റ് വീശിയ ഇടങ്കയ്യന്‍ 88 പന്തുകളില്‍ നിന്നാണ് മൂന്നക്കത്തിലേക്ക് എത്തിയത്. ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് പോക്കറ്റിലാക്കിയിരിക്കുകയാണ് താരം. ടെസ്റ്റില്‍ ഇന്ത്യന്‍ മണ്ണില്‍ ഏറ്റവും വേഗത്തില്‍ സെഞ്ചുറിയടിക്കുന്ന ഇംഗ്ലീഷ് ബാറ്ററാണ് ബെന്‍ ഡക്കറ്റ്.
മൊത്തത്തിലുള്ള പട്ടികയില്‍ മൂന്നാം സ്ഥാനം സ്വന്തമാക്കാനും ഡക്കറ്റിന് കഴിഞ്ഞിട്ടുണ്ട്. 2001-ല്‍ മുംബൈയില്‍ 84 റണ്‍സില്‍ സെഞ്ചുറി തികച്ച ഓസീസിന്‍റെ ആദം ഗില്‍ക്രിസ്റ്റാണ് പട്ടികയില്‍ തലപ്പത്ത്. 1974-ല്‍ ബെംഗളൂരുവില്‍ 85 പന്തുകളില്‍ മൂന്നക്കംതൊട്ട വിന്‍ഡീസിന്‍റെ ക്ലൈവ് ഹ്യൂബർട്ട് ലോയ്‌ഡാണ് ഡക്കറ്റിന് മുന്നിലുള്ള മറ്റൊരു താരം.
99 പന്തുകളില്‍ സെഞ്ചുറിയടിച്ച ന്യൂസിലന്‍ഡിന്‍റെ റോസ് ടെയ്‌ലറാണ് ഇംഗ്ലീഷ് താരത്തിന് പിന്നിലുള്ളത്. 2012-ല്‍ ബെംഗളൂരുവിലാണ് കിവീസ് താരം 99 പന്തുകളില്‍ സെഞ്ചുറി നേടിയത്. അതേസമയം രാജ്‌കോട്ടില്‍ രണ്ടാം ദിന മത്സരം അവസാനിക്കുമ്പോള്‍ രണ്ട് വിക്കറ്റ് മാത്രം നഷ്‌ടത്തില്‍ 207 റണ്‍സിലേക്ക് എത്താന്‍ ഇംഗ്ലണ്ടിന് കഴിഞ്ഞിട്ടുണ്ട്.