ന്യൂഡല്‍ഹി: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ശേഷിക്കുന്ന മൂന്ന് മത്സരങ്ങള്‍ക്കുള്ള ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചിട്ടുണ്ട്. ആദ്യ രണ്ട് മത്സരങ്ങളിലും കളിക്കാതിരുന്ന വിരാട് കോലി ശേഷിക്കുന്ന മൂന്ന് ടെസ്റ്റുകളിലും കളിക്കുന്നില്ല. ക്രിക്കറ്റിന്‍റെ ദൈര്‍ഘ്യമായ ഫോര്‍മാറ്റിലുള്ള അരങ്ങേറ്റത്തിന് ശേഷം ഇതാദ്യമായാണ് 35-കാരനായ താരം ഒരു പരമ്പരയില്‍ നിന്നും പൂര്‍ണമായി വിട്ടുനില്‍ക്കുന്നത്.
വ്യക്തിപരമായ കാരണങ്ങളാലാണ് വിരാട് കോലി ഇംഗ്ലണ്ടിനെതിരെ കളിക്കാത്തതെന്നും താരത്തിന്‍റെ തീരുമാനത്തെ ബഹുമാനിക്കുകയും പിന്തുണയ്‌ക്കുകയും ചെയ്യുന്നതായി ബിസിസിഐ അറിയിച്ചു. കോലി കളിക്കാതിരുന്നതോടെ രജത് പടിദാര്‍ (Rajat Patidar) ടീമില്‍ സ്ഥാനം നിലനിര്‍ത്തി. രവീന്ദ്ര ജഡേജ (Ravindra Jadeja), കെഎല്‍ രാഹുല്‍ (KL Rahul), മുഹമ്മദ് സിറാജ് (Mohammed Siraj) എന്നിവര്‍ ടീമിലേക്ക് തിരിച്ചെത്തി.
വിശാഖപട്ടണത്ത് നടന്ന രണ്ടാം ടെസ്റ്റില്‍ രവീന്ദ്ര ജഡേജയും രാഹുലും പരിക്കിനെ തുടര്‍ന്ന് കളിക്കാതിരുന്നപ്പോള്‍ സിറാജിന് വിശ്രമം അനുവദിക്കുകയായിരുന്നു. സ്‌ക്വാഡിലേക്ക് മടങ്ങിയെത്തിയെങ്കിലും ബിസിസിഐ മെഡിക്കല്‍ സംഘത്തിന്‍റെ ഫിറ്റ്‌നസ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കും രാഹുലും ജഡേജയും മൂന്നാം ടെസ്റ്റിനിറങ്ങുക. പേസര്‍ അകാശ് ദീപിന് (Akash Deep) ഇന്ത്യന്‍ ടീമിലേക്ക് ആദ്യ വിളിയെത്തിയപ്പോള്‍ മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യരെ ഒഴിവാക്കി.
ശ്രേയസിന്‍റെ പുറത്താവലിന് പിന്നിലെ കാരണം ബിസിസിഐ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ മോശം ഫോം വലയ്‌ക്കുന്ന താരത്തിന് വിശാഖപട്ടം ടെസ്റ്റിന് പിന്നാലെ പുറം വേദന അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ആദ്യ രണ്ട് ടെസ്റ്റുകളിൽ 35, 13, 27, 29 എന്നിങ്ങനെയാണ് ശ്രേയസിന് നേടാന്‍ കഴിഞ്ഞത്. 2022 ഡിസംബറിന് ശേഷം ടെസ്റ്റില്‍ ഒരു അര്‍ധ സെഞ്ചുറി നേടാന്‍ 29-കാരനായ ശ്രേയസിന് കഴിഞ്ഞിട്ടില്ല.
അഞ്ച് മത്സര പരമ്പരയിലെ കളിഞ്ഞ രണ്ട് ടെസ്റ്റുകളില്‍ ഓരോന്ന് വീതം വിജയിക്കാന്‍ ഇന്ത്യയ്‌ക്കും ഇംഗ്ലണ്ടിനും കഴിഞ്ഞിരുന്നു. ഹൈദരാബാദില്‍ ആദ്യ ടെസ്റ്റ് ഇംഗ്ലണ്ട് 28 റണ്‍സിന് വിജയിച്ചപ്പോള്‍ വിശാഖപട്ടണത്ത് നടന്ന രണ്ടാം മത്സരത്തില്‍ 106 റണ്‍സിന്‍റെ വിജയം പിടിച്ചാണ് ഇന്ത്യ തിരിച്ചടിച്ചത്. ഫെബ്രുവരി 15-ന് റാഞ്ചിയിലാണ് അടുത്ത ടെസ്റ്റ്. തുടര്‍ന്ന് 23-ന് റാഞ്ചിയിലും മാര്‍ച്ച് ഏഴിന് ധര്‍മശാലയിലും നാലും അഞ്ചും മത്സരങ്ങള്‍ അരങ്ങേറും.
ALSO READ: ഫോമിലുള്ളപ്പോള്‍ അവസരം ലഭിച്ചില്ലെങ്കില്‍ ആത്മവിശ്വാസം ചോരും ; സര്‍ഫറാസിനെ കളിപ്പിക്കാത്തതില്‍ ദിലീപ് വെങ്‌സര്‍ക്കാര്‍
ഇന്ത്യ ടെസ്റ്റ് സ്ക്വാഡ്: രോഹിത് ശര്‍മ (ക്യാപ്‌റ്റന്‍), ജസ്‌പ്രീത് ബുംറ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, ശുഭ്‌മാന്‍ ഗില്‍, കെഎല്‍ രാഹുല്‍, രജത് പടിദാര്‍, സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), കെഎസ് ഭരത് (വിക്കറ്റ് കീപ്പര്‍), രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്,മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, ആകാശ് ദീപ്. (India Test Squad for England)