മുംബൈ:അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയ്‌ക്ക് പാകിസ്ഥാനാണ് ആതിഥേയരാവുന്നത്. ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്നും ഡ്രാഫ്റ്റ് ഷെഡ്യൂളും വേദികളും സംബന്ധിച്ച വിവരം ഇതിനകം തന്നെ അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗൺസിലിന് (ഐസിസി) അയച്ചിട്ടുണ്ടെന്നും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) അടുത്തിടെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ടൂര്‍ണമെന്‍റിനായി ഇന്ത്യ പാകിസ്ഥാനിലേക്ക് പോകുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
രാഷ്‌ട്രീയ കാരണങ്ങളാല്‍ 2008-ന് ശേഷം ഇന്ത്യ പാകിസ്ഥാനില്‍ പര്യടനം നടത്തിയിട്ടില്ല. കഴിഞ്ഞ വർഷം അരങ്ങേറിയ ഏഷ്യ കപ്പിന്‍റെയും ആതിഥേയാവകാശം പാകിസ്ഥാനായിരുന്നു ലഭിച്ചിരുന്നത്. എന്നാല്‍ പാക് മണ്ണിലേക്ക് ടീമിനെ അയയ്‌ക്കില്ലെന്ന് ബിസിസിഐ നിലപാടെടുത്തു.
ഇതോടെ ഇന്ത്യയുടെ മത്സരങ്ങള്‍ക്ക് ശ്രീലങ്ക വേദിയാവുന്ന രീതിയില്‍ ഹൈബ്രിഡ് മോഡലിലായിരുന്നു ടൂര്‍ണമെന്‍റ് പൂര്‍ത്തിയാക്കിയത്. ഇന്ത്യ ആതിഥേയരായ ഏകദിന ലോകകപ്പ് കളിക്കാന്‍ പാക് ടീം രാജ്യത്തേക്ക് എത്തിയിരുന്നു. ഇനി ചാമ്പ്യന്‍സ് ട്രോഫി അരങ്ങേറുമ്പോള്‍ എന്ത് നിലപാടാവും ബിസിസിഐ കൈക്കൊള്ളുകയെന്നാണ് ആരാധകരുടെ ആകാംക്ഷ.
ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ബിസിസിഐ വൈസ് പ്രസിഡന്‍റ് രാജീവ് ശുക്ല. ചാമ്പ്യൻസ് ട്രോഫിക്കായി പാകിസ്ഥാനിലേക്ക് പോകുന്നത് സർക്കാരിന്‍റെ തീരുമാനത്തെ ആശ്രയിച്ചിരിക്കും എന്നാണ് രാജീവ് ശുക്ല പ്രതികരിച്ചിരിക്കുന്നത്.
"ചാമ്പ്യൻ ട്രോഫിയുടെ കാര്യത്തിൽ, ഇന്ത്യ ഗവൺമെന്‍റ് പറയുന്നതിന് അനുസരിച്ചാണ് ഞങ്ങള്‍ തീരുമാനമെടുക്കുക. ഇന്ത്യ ഗവൺമെന്‍റ് അനുമതി നൽകുമ്പോൾ മാത്രമേ ഞങ്ങൾ ടീമിനെ അയക്കൂ. അതിനാല്‍ എല്ലാ തീരുമാനങ്ങളും കൈക്കൊള്ളുക സര്‍ക്കാറിന്‍റെ നിര്‍ദേശമനുസരിച്ചാവും" രാജീവ് ശുക്ല വ്യക്തമാക്കി.
അതേസമയം അടുത്ത മാസം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിന് പാക് തീവ്രവാദ സംഘടനകള്‍ ഭീഷണി ഉയര്‍ത്തിയ വിഷയത്തിലും രാജീവ് ശുക്ല പ്രതികരിച്ചു. അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായാണ് ടി20 ലോകകപ്പ് അരങ്ങേറുന്നത്. ഇതില്‍ വെസ്റ്റ് ഇൻഡീസിലെ മത്സരങ്ങള്‍ക്കാണ് ഭീഷണി. ഐഎസ്-ഖൊറാസൻ ഉള്‍പ്പടെ വടക്കൻ പാകിസ്ഥാനില്‍ നിന്നുള്ള സംഘങ്ങളാണ് ഇതിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്.
ALSO READ: കാവിയും നീലയും; ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ജഴ്‌സി പുറത്ത്?, സമ്മിശ്ര പ്രതികരണം - India T20 World Cup 2024 Jersey
"ഭീഷണിയുടെ കാര്യമെടുത്താൽ ലോകകപ്പ് നടക്കുന്ന രാജ്യങ്ങളിലെ ഏജൻസികൾക്കാണ് സുരക്ഷയുടെ ചുമതല. അമേരിക്കയും വെസ്റ്റ് ഇൻഡീസിലുമാണ് ടൂര്‍ണമെന്‍റ് നടക്കുന്നത്. ഞങ്ങൾ സുരക്ഷ ഏജൻസികളുമായി സംസാരിക്കും. കളിക്കാരുടെയും കാണികളുടെയും സുരക്ഷയ്ക്ക് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും" - രാജീവ് ശുക്ല പറഞ്ഞു.
ടൂര്‍ണമെന്‍റിനുള്ള ഇന്ത്യന്‍ ടീമിനെ കഴിഞ്ഞ ആഴ്‌ച ബിസിസിഐ പ്രഖ്യാപിച്ചിരുന്നു. രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള 15 അംഗ ടീമിനെയാണ് സെലക്‌ടര്‍മാര്‍ തിരഞ്ഞെടുത്തിരിക്കുന്നത്. മലയാളി താരം സഞ്‌ജു സാംസണും ടീമിന്‍റെ ഭാഗമാണ്.