മ്യൂണിക്ക്:ജര്‍മൻ വമ്പന്മാരായ ബയേണ്‍ മ്യൂണിക്ക് യുവേഫ ചാമ്പ്യൻസ് ലീഗിന്‍റെ സെമി ഫൈനലില്‍ കടന്നു. ഇംഗ്ലീഷ് ക്ലബ് ആഴ്‌സണലിനെ തകര്‍ത്താണ് ബയേണിന്‍റെ മുന്നേറ്റം. ബയേണിന്‍റെ ഹോം ഗ്രൗണ്ടായ അലിയൻസ് അരീനയില്‍ നടന്ന ക്വാര്‍ട്ടര്‍ ഫൈനലിലെ രണ്ടാം പാദ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് ജയിച്ചാണ് ബയേണ്‍ അവസാന നാലില്‍ ഇടം പിടിച്ചത്.
രണ്ട് പാദങ്ങളിലായി 3-2 എന്ന അഗ്രിഗേറ്റഡ് സ്കോറിനാണ് ബയേൺ ചാമ്പ്യൻസ് ലീഗിന്‍റെ സെമിയില്‍ സ്ഥാനമുറപ്പിച്ചത്. 13-ാമത്തെ പ്രാവശ്യമാണ് ബയേണ്‍ മ്യൂണിക്ക് ചാമ്പ്യൻസ് ലീഗിന്‍റെ സെമി ഫൈനലില്‍ സ്ഥാനം പിടിക്കുന്നത്. നേരത്തെ, എമിറേറ്റ്‌സ് സ്റ്റേഡിയത്തില്‍ ഇരു ടീമും മുഖാമുഖമെത്തിയ ആദ്യ പാദ മത്സരം 2-2 എന്ന സ്കോറില്‍ സമനിലയിലായിരുന്നു പിരിഞ്ഞത്. ആ മത്സരത്തില്‍ ആഴ്‌സണലിനായി ബുക്കായോ സാക്ക, ലിയാന്‍ഡ്രോ ട്രൊസ്സാര്‍ഡ് എന്നിവരും ബയേണിന് വേണ്ടി സെര്‍ജ് ഗാൻബ്രി, ഹാരി കെയ്ൻ എന്നിവരുമായിരുന്നു ഗോളുകള്‍ നേടിയത്.
അലിയൻസ് അരീന വേദിയായ രണ്ടാം പാദ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ പാസിങ്ങിലും പന്തടക്കത്തിലും ഒപ്പത്തിനൊപ്പമുള്ള പ്രകടനം തന്നെ കാഴ്‌ചവെയ്‌ക്കാൻ ഇരു ടീമിനും സാധിച്ചിരുന്നു. ഗോള്‍ രഹിതമായിരുന്നു മത്സരത്തിന്‍റെ ആദ്യ പകുതി. ആദ്യ പകുതിയില്‍ ലഭിച്ച അവസരങ്ങളൊന്നും തന്നെ മുതലെടുക്കാൻ രണ്ട് ടീമിനും സാധിച്ചിരുന്നില്ല.