സിഡ്‌നി:ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയ്‌ക്കുള്ള 14 അംഗ ഓസ്‌ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു (Australia Squad For Test Series Against New Zealand). പ്രധാനപ്പെട്ട താരങ്ങളെല്ലാം ഓസീസ് നിരയില്‍ ഇടം പിടിച്ചിട്ടുണ്ട്. രണ്ട് മത്സരങ്ങളാണ് കിവീസ് പര്യടനത്തില്‍ ഓസ്‌ട്രേലിയ കളിക്കുക.
ഫെബ്രുവരി 29ന് വെല്ലിങ്‌ടണിലാണ് പരമ്പരയിലെ ആദ്യ മത്സരം. ക്രൈസ്റ്റ്ചര്‍ച്ചാണ് രണ്ടാം മത്സരത്തിന് വേദിയാകുന്നത്. മാര്‍ച്ച് 8നാണ് രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നത് (New Zealand vs Australia Test Series 2024).
വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പര സമനില വഴങ്ങിയതിന്‍റെ ക്ഷീണം മാറ്റാന്‍ കിവീസ് പര്യടനത്തില്‍ ഓസ്‌ട്രേലിയക്ക് ജയം അനിവാര്യമാണ്. ന്യൂസിലന്‍ഡിനെതിരായ പരമ്പര സ്വന്തമാക്കാന്‍ സാധിച്ചാല്‍ അവര്‍ക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്താന്‍ സാധിക്കും. നിലവില്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ഓസീസ്.
ന്യൂസിലന്‍ഡാണ് നിലവില്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാര്‍. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ 2023-25 സൈക്കിളില്‍ കളിച്ച മൂന്ന് മത്സരങ്ങളില്‍ രണ്ടെണ്ണത്തിലും ജയം നേടാന്‍ മുന്‍ ചാമ്പ്യന്മാരായ ന്യൂസിലന്‍ഡിന് സാധിച്ചിട്ടുണ്ട്. 24 പോയിന്‍റും 66.66 പോയിന്‍റ് ശതമാനവുമാണ് കിവീസിനുള്ളത് (WTC 2023-25 Points Table).