ബോർഡർ ഗവാസ്‌കർ ട്രോഫി നാലാം ടെസ്റ്റിനിടെ ഇന്ത്യന്‍ ബാറ്റര്‍ കെ.എല്‍ രാഹുലിനെ പരിഹസിച്ച് ഓസീസ് സ്‌പിന്നർ നഥാൻ ലിയോൺ. കഴിഞ്ഞ മൂന്ന് ടെസ്റ്റുകളില്‍ ഓപണറായി കളിച്ച രാഹുല്‍ ഇത്തവണ വണ്‍ ഡൗണായാണ് കളിക്കാനിറങ്ങിയത്. ക്യാപ്റ്റന്‍ രോഹിത് ഓപണറായതോടെയാണ് രാഹുലിന് ബാറ്റിങ് ഓര്‍ഡറില്‍ താഴേയ്ക്ക് ഇറങ്ങേണ്ടിവന്നത്. ഈ സാഹചര്യത്തിലാണ് ലിയോണിന്‍റെ പരിഹാസം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
'ബാറ്റിങ് ഓര്‍ഡറില്‍ താഴെപ്പോകാന്‍ മാത്രം നിങ്ങള്‍ എന്ത് തെറ്റ് ചെയ്തു?' നിങ്ങൾക്ക് എന്താണ് ഈ തരംതാഴ്ത്തൽ? എന്നായിരുന്നു രാഹുല്‍ ക്രീസിലെത്തിയയുടനെ ലിയോണിന്‍റെ ചോദ്യം. എന്നാല്‍ താരം ഇതിന് മറുപടി നല്‍കിയില്ല, ലിയോണിന്‍റെ സംസാരം സ്റ്റംപ് മൈക്കിൽ കുടുങ്ങുകയായിരുന്നു ഇത് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. നേരത്തെയും ഓസീസ് താരങ്ങൾ ഇന്ത്യൻ താരങ്ങളെ സ്ലെഡ്‌ജ് ചെയ്‌ത നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
ഒന്നാം ഇന്നിങ്സിൽ 24 റൺസെടുത്താണ് കെ.എൽ രാഹുൽ പവലിയനിലെത്തിയത്. 42 പന്തുകൾ നേരിട്ട താരത്തെ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. ഓപണറായി എത്തിയ രോഹിത് അഞ്ച് പന്തില്‍ മൂന്ന് റണ്‍സെടുത്ത് പുറത്തായി. പരമ്പരയില്‍ രാഹുൽ മികച്ച പ്രകടനമാണ് നടത്തുന്നത്.
പെർത്ത് ടെസ്റ്റിന്‍റെ രണ്ടാം ഇന്നിങ്‌സിൽ മികച്ച പ്രകടനം പുറത്തെടുത്ത രാഹുൽ പിന്നീടുള്ള മത്സരങ്ങളിലും മിന്നിയിരുന്നു. കഴിഞ്ഞ മൂന്ന് ടെസ്റ്റുകളില്‍ നിന്ന് 2 അർധസെഞ്ചുറികളുടെ സഹായത്തോടെ 235 റൺസാണ് താരം നേടിയത്. എന്നാൽ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും മധ്യനിരയിൽ ബാറ്റിങ്ങിനിറങ്ങിയ രോഹിത് ദയനീയ പ്രകടനമാണ് നടത്തിയത്.
അതേസമയം നാലാം ടെസ്റ്റിന്‍റെ രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 5 വിക്കറ്റ് നഷ്ടത്തിൽ 164 റൺസാണെടുത്തത്. ഋഷഭ് പന്ത് (6), രവീന്ദ്ര ജഡേജ (4) എന്നിവരാണ് നിലവില്‍ ക്രീസിലുള്ളത്. ഫോളോ ഓണിൽ നിന്ന് രക്ഷപ്പെടാൻ ഇന്ത്യക്ക് 111 റൺസ് കൂടി വേണം. നേരത്തെ ഒന്നാം ഇന്നിങ്സിൽ ഓസീസ് 474 റൺസ് എടുത്ത് ഓൾഔട്ടായിരുന്നു.
Also Read:മോശം പ്രകടനമാണ്, ടീമില്‍ നിന്ന് പുറത്താക്കണം, ഇന്ത്യന്‍ ബൗളറെ കുറിച്ച് ഗവാസ്‌കർ - SUNIL GAVASKAR