റാവൽപിണ്ടി:ചാമ്പ്യൻസ് ട്രോഫിയിലെ ന്യൂസിലൻഡും ബംഗ്ലാദേശും തമ്മിൽ നടന്ന മത്സരത്തിനിടെ സുരക്ഷാ വീഴ്‌ച. മത്സരത്തിനിടെ സ്റ്റാൻഡിൽ നിന്ന ഒരു ആരാധകൻ സുരക്ഷാ വലയം ലംഘിച്ച് മൈതാനത്തേക്ക് ഓടിയെത്തി. പിച്ചില്‍ നിന്ന കിവീസ് സൂപ്പര്‍ താരം രചിന്‍ രവീന്ദ്രയുടെ അടുത്തെത്തുകയും താരത്തിന്‍റെ തോളില്‍ പിടിക്കുകയും ചെയ്‌തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പൊടുന്നനെ ആരാധകന്‍ ഓടിയെത്തിയ സംഭവത്തിൽ രചിന്‍ ഉൾപ്പെടെ മൈതാനത്തുണ്ടായിരുന്ന എല്ലാ കളിക്കാരും ഞെട്ടിപ്പോയി. അതേസമയം സുരക്ഷാ ഉദ്യോഗസ്ഥർ ആരാധകനെ പിടികൂടി പുറത്തേക്ക് കൊണ്ടുപോയി. കൂടാതെ പാകിസ്ഥാൻ പോലീസ് യുവാവിനെ കസ്റ്റഡിയിലെടുത്ത് വിലക്ക് ഏർപ്പെടുത്തി. ഇനി ചാമ്പ്യൻസ് ട്രോഫിയിലെ ഒരു മത്സരവും യുവാവിന് കാണാന്‍ കഴിയില്ലായെന്നാണ് റിപ്പോര്‍ട്ട്.
മത്സരത്തിൽ ന്യൂസിലൻഡ് ബംഗ്ലാദേശിനെ 5 വിക്കറ്റിന് പരാജയപ്പെടുത്തി സെമി ഫൈനലിൽ പ്രവേശിച്ചു. രചിന്‍ 105 പന്തിൽ 12 ഫോറുകളുടെയും 1 സിക്സിന്റെയും സഹായത്തോടെ 112 റൺസ് നേടി വിജയശില്‍പിയായി. മത്സരത്തിൽ ടോസ് നേടിയ ന്യൂസിലൻഡ് ആദ്യം ബൗൾ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ബംഗ്ലാദേശ് നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 236 റൺസ് നേടി. ക്യാപ്റ്റൻ നസ്‌മുല്‍ ഹസൻ ഷാന്‍റോ 77 റൺസ് നേടി. സാക്കിർ അലി 45 റൺസും, റാഷിദ് ഹുസൈൻ 26 റൺസും, ഓപ്പണർ തൻജിദ് ഹസൻ 24 റൺസും സ്വന്തമാക്കി.
ഗ്രൂപ്പ് എയിൽ നിന്ന് ഇന്ത്യയ്ക്ക് ശേഷം സെമി ഫൈനലിലെത്തുന്ന രണ്ടാമത്തെ ടീമായി ന്യൂസിലൻഡ് മാറി. ഇതോടെ ആതിഥേയരായ പാകിസ്ഥാൻ ചാമ്പ്യൻസ് ട്രോഫിയിൽ നിന്ന് പുറത്തായി. ആദ്യം ന്യൂസിലൻഡിനോടും പിന്നീട് ഇന്ത്യയോടും തോറ്റതോടെ സെമിക്ക് മുമ്പുതന്നെ പാക് പടയുടെ യാത്ര അവസാനിച്ചു.