കേരളം

kerala

ETV Bharat / sports

ലോകകപ്പ് ടി 20 ടീമില്‍ വിരാട് കോലി വേണം, കാരണം പറഞ്ഞ് അനില്‍ കുംബ്ലെ - T20 World Cup 2024

അന്താരാഷ്‌ട്ര ടി20യില്‍ അവിശ്വസനീയമായ സ്ഥിരത പുലര്‍ത്തുന്ന താരമാണ് വിരാട് കോലിയെന്ന് അനില്‍ കുംബ്ലെ.

Virat Kohli  Virat Kohli in T20 World Cup 2024  Anil Kumble  Anil Kumble on Virat Kohli
Anil Kumble backs Virat Kohli to retain spot for T20 World Cup 2024

By ETV Bharat Kerala Team

Published : Mar 13, 2024, 2:43 PM IST

മുംബൈ:ഐപിഎല്ലിന് (IPL 2024) പിന്നാലെ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള (T20 World Cup 2024) ഇന്ത്യന്‍ ടീമില്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിയ്‌ക്ക് (Virat Kohli) ഇടമുണ്ടാവില്ലെന്ന റിപ്പോര്‍ട്ടുകളാണ് നിലവില്‍ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. ജൂണ്‍ ഒന്ന് മുതല്‍ 29 വരെ അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായാണ് ടി20 ലോകകപ്പ് അരങ്ങേറുന്നത്. ഇവിടങ്ങളിലെ സ്ലോ പിച്ചുകള്‍ നിലയുറപ്പിച്ച ശേഷം ആക്രമിക്കുന്ന കോലിയുടെ ശൈലിയ്‌ക്ക് യോജിച്ചതല്ലെന്ന് വിലയിരുത്തിയാണ് താരത്തെ മാറ്റി നിര്‍ത്താന്‍ സെലക്‌ടര്‍മാര്‍ ആലോചിക്കുന്നതെന്നാണ് വിവരം.

എന്നാല്‍ ഇതിനെതിരെ പരോക്ഷമായി രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യയുടെ ഇതിഹാസ സ്‌പിന്നര്‍ അനില്‍ കുംബ്ലെ (Anil Kumble). അന്താരാഷ്‌ട്ര ടി20യില്‍ വിരാട് കോലി പുലര്‍ത്തുന്ന സ്ഥിരത അവിശ്വസനീയമാണ്. കളിക്കളത്തിലെ കോലിയുടെ അഗ്രഷന്‍ ടീമിന് ഏറെ ഗുണം ചെയ്യുന്ന കാര്യമാണെന്നുമാണ് അനില്‍ കുംബ്ലെ പറയുന്നത്.

"വിരാട് കോലി പുലര്‍ത്തുന്ന സ്ഥിരത അവിശ്വസനീയമാണ്. ഞാന്‍ ആര്‍സിബിയില്‍ ഉണ്ടായിരുന്നപ്പോള്‍ കോലിയുടെ കളി അടുത്ത് നിന്ന് കണ്ടിട്ടുണ്ട്. അണ്ടര്‍ 19 ലോകകപ്പ് നേടിയ ശേഷം ആര്‍സിബിയിലാണ് അവന്‍ തന്‍റെ ടി20 കരിയര്‍ ആരംഭിച്ചത്.

അവിടെ മുതല്‍, അവന്‍റെ ഫിറ്റ്‌നസിലെ പരിവർത്തനവും കളിയോടുള്ള സമീപനവും വൈറ്റ് ബോള്‍ ക്രിക്കറ്റിലെ പ്രകടനങ്ങളും നമ്മള്‍ ഏറെ കണ്ടു. ടെസ്റ്റില്‍ അവന്‍റെ മഹത്വം നമുക്ക് എല്ലാവര്‍ക്കും തന്നെ അറിയാം. ഇന്ത്യയ്‌ക്കായി ടി20 കളിക്കുമ്പോള്‍ അവന്‍ പുലര്‍ത്തുന്ന സ്ഥിരത തീര്‍ത്തും അവിശ്വസനീയമാണ്.

കളിക്കളത്തിലേക്ക് കോലി കൊണ്ടുവരുന്ന അഗ്രഷനും മനോഭാവവും ടീമിന്‍റെ തീവ്രത വര്‍ധിപ്പിക്കുന്നതാണ്. അദ്ദേഹം സമകാലിക ക്രിക്കറ്റിലെ ഇതിഹാസങ്ങളിലൊരാളാണ്. ഇക്കാര്യം ഞാന്‍ ഉറക്കെ തന്നെ പറയും. ഇത്രത്തോളം കഴിവുള്ള ഒരു താരം ടീമിലുള്ളപ്പോള്‍ അയാളില്‍ നിന്നും എപ്പോഴും കഴിയുന്നത്ര മികച്ച പ്രകടനങ്ങള്‍ ആവശ്യപ്പെടുകയാണ് ചെയ്യേണ്ടത്"- അനില്‍ കുംബ്ലെ പറഞ്ഞു.

2022-ലെ ടി20 ലോകകപ്പിന് ശേഷം രോഹിത് ശര്‍മയെ പോലെ തന്നെ ഇന്ത്യയ്‌ക്കായി ഏറെക്കാലം ഫോര്‍മാറ്റില്‍ വിരാട് കോലിയും കളിക്കാന്‍ ഇറങ്ങിയിരുന്നില്ല. എന്നാല്‍ ജനുവരിയില്‍ അഫ്‌ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിലൂടെ താരത്തെ തിരികെ ടി20യിലേക്ക് തിരികെ എത്തിച്ചിരുന്നു. മൂന്ന് മത്സര പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളിലായിരുന്നു കോലി കളിക്കാന്‍ ഇറങ്ങിയത്.

തന്‍റെ പതിവ് ശീലിയില്‍ നിന്നും മാറി ആക്രമിച്ച് കളിക്കുന്ന കോലിയെയാണ് പരമ്പരയില്‍ കാണാന്‍ കഴിഞ്ഞത്. കളിച്ച ആദ്യ മത്സരത്തില്‍ 16 പന്തുകളില്‍ നിന്നും അഞ്ച് ബൗണ്ടറികളോടെ 29 റണ്‍സായിരുന്നു കോലി അടിച്ചത്. അവസാന ടി20യില്‍ നേരിട്ട ആദ്യ പന്ത് തന്നെ അതിര്‍ത്തി കടത്താനുള്ള ശ്രമം പാളിയതോടെ ഗോള്‍ഡന്‍ ഡക്കായാണ് താരം തിരിച്ചുകയറിയത്.

ALSO READ:'പണം സമ്പാദിച്ചോളൂ, പക്ഷേ രാജ്യത്തെ മറക്കരുത്'...പ്രവീൺകുമാറിന്‍റെ വിമർശനം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

എന്നാല്‍ കഴിഞ്ഞ ടി20 ലോകകപ്പില്‍ റെക്കോഡ് റണ്‍വേട്ടയായിരുന്നു കോലി നടത്തിയത്. ആറ് മത്സരങ്ങളില്‍ നിന്നും 296 റണ്‍സടിച്ച് കൂട്ടിയ താരം ടൂര്‍ണമെന്‍റിലെ റണ്‍വേട്ടക്കാരനുമായിരുന്നു.

ABOUT THE AUTHOR

...view details