അബിജാന്‍ (ഐവറി കോസ്റ്റ്):കാല്‍പ്പന്ത് പ്രേമികളെ അത്ഭുതപ്പെടുത്തിക്കൊണ്ട് അവസാനത്തിലേക്ക് കടക്കുകയാണ് ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് (African Nations Cup 2024) ഫുട്‌ബോള്‍ ടൂര്‍ണമെന്‍റ്. കഴിഞ്ഞ ദിവസം ക്വാര്‍ട്ടര്‍പോരാട്ടങ്ങളുടെ ലൈനപ്പായപ്പോള്‍ ഏവരെയും ആശ്ചര്യപ്പെടുത്തുന്നതായിരുന്നു വമ്പന്മാരുടെ 'അസാന്നിധ്യം'. നിലവിലെ ചാമ്പ്യന്മാരയ സെനഗല്‍ ലോകകപ്പ് സെമി ഫൈനലിസ്റ്റ് മൊറോക്കോ വമ്പന്മാരയ ഈജിപ്‌ത്, ടുണീഷ്യ, അല്‍ജീരിയ ടീമുകളെല്ലാം ടൂര്‍ണമെന്‍റില്‍ നിന്നും പുറത്തായി. ഇക്കുറി ആഫ്രിക്കന്‍ നേഷന്‍സ് കപ്പില്‍ കിരീട പ്രതീക്ഷ കല്‍പ്പിച്ചിരുന്ന ടീമുകളായിരുന്നു ഇവയെല്ലാം.
ഫിഫ ലോക റാങ്കിങ്ങില്‍ 40-ാം സ്ഥാനത്തിന് പിന്നിലുള്ള ടീമുകളാണ് ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് ക്വാര്‍ട്ടറില്‍ പ്രവേശിച്ചിരിക്കുന്നത് (African Nations Cup 2024 Quarter Finals). നാളെ നൈജീരിയ അംഗോള പോരാട്ടത്തോടെയാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് തുടക്കമാകുന്നത്. ലോക റാങ്കിങ്ങില്‍ 42, 117 സ്ഥാനങ്ങളിലാണ് നൈജീരിയയും അംഗോളയും.
67-ാം സ്ഥാനക്കാരായ കോംഗോയും 80-ാം സ്ഥാനക്കാരായ ഗിനിയയും തമ്മിലാണ് രണ്ടാം ക്വാര്‍ട്ടര്‍ ഫൈനല്‍. ശനിയാഴ്‌ചയാണ് ഈ മത്സരം. അന്നേ ദിവസം നടക്കുന്ന മറ്റൊരു മത്സരത്തില്‍ 49-ാം സ്ഥാനക്കാരും ആതിഥേയരുമായ ഐവറികോസ്റ്റ് 51-ാം സ്ഥാനക്കാരായ മാലിയെ നേരിടും. ഫിഫ റാങ്കിങ്ങില്‍ 66-ാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയും 73-ാമതുള്ള കേപ് വെര്‍ദെയും തമ്മിലാണ് അവസാന ക്വാര്‍ട്ടര്‍ പോരാട്ടം.