ന്യൂഡൽഹി: അഫ്‌ഗാനിസ്ഥാനിൽ 2021 ൽ താലിബാൻ ഭരണകൂടം അധികാരമേറ്റതോടെ സ്ത്രീകൾ ക്രിക്കറ്റ് കളിക്കുന്നതും പഠിക്കുന്നതും വിലക്കിയിരുന്നു. കൂടാതെ അഫ്‌ഗാന്‍ വനിതാ ക്രിക്കറ്റ് ടീമും പിരിച്ചുവിട്ടു. ഇതേതുടര്‍ന്ന് വനിതാ താരങ്ങള്‍ ഓസ്‌ട്രേലിയയില്‍ അഭയം തേടുകയും മെൽബൺ, കാൻബെറ തുടങ്ങിയ നഗരങ്ങളിൽ സ്ഥിരതാമസമാക്കുകയും ചെയ്‌തു. നിലവില്‍ അഫ്‌ഗാൻ ക്രിക്കറ്റ് താരങ്ങളായ നാഹിദ സപൻ, ഫിറൂസ അമീറി എന്നിവർ മെൽബണിൽ ക്ലബ് ക്രിക്കറ്റ് കളിക്കുന്നുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അതേസമയം ക്രിക്കറ്റ് ഓസ്ട്രേലിയ അഫ്‌ഗാന്‍ വനിതാ ക്രിക്കറ്റ് ടീമിനെ മത്സരത്തിനിറക്കാൻ ഒരുങ്ങുകയാണ്. ജനുവരി 30ന് വനിതാ ആഷസ് ടെസ്റ്റിനു മുന്നോടിയായുള്ള എക്‌സിബിഷൻ ടി20 മത്സരത്തിലാണ് അഫ്ഗാനിസ്ഥാൻ വനിതാ ഇലവനും ‘ക്രിക്കറ്റ് വിതൗട്ട് ബോര്‍ഡേഴ്സ്’ ഇലവനും തമ്മില്‍ ഏറ്റുമുട്ടുന്നത്. മെൽബണിലെ ജങ്ഷന്‍ ഓവലിലാണു മത്സരം നടക്കുന്നത്. അഫ്‌ഗാൻ വനിതാ ക്രിക്കറ്റിന്‍റെ വളർച്ചയുടെ ആദ്യ പടിയായ നീക്കമെന്നും രാജ്യത്തെ സ്ത്രീകൾക്ക് പ്രതീക്ഷയുടെ പുതിയ കിരണമാണിതെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ ചീഫ് എക്സിക്യൂട്ടിവ് നിക് ഹോക്‌ലി പറഞ്ഞു.
'ജനുവരി 30 വളരെ സവിശേഷവും ആവേശകരവുമായ ദിവസമായിരിക്കും. ഈ മത്സരം നിരവധി നല്ല ചർച്ചകൾ സൃഷ്ടിക്കും, എല്ലാ വർഷവും മത്സരം നടത്തുമെന്നും ഒടുവിൽ ഈ ടീം അന്താരാഷ്ട്ര തലത്തിൽ മത്സരിക്കുമെന്നുമാണ് എന്‍റെ പ്രതീക്ഷയെന്ന് ഹോക്‌ലി പറഞ്ഞു.
ഭാവിയിൽ മത്സരങ്ങൾ സംഘടിപ്പിക്കാൻ അഫ്‌ഗാസ്ഥാൻ വനിതാ ടീമിലെ കളിക്കാരെ ക്ഷണിക്കാൻ ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് (ഇസിബി) ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഫ്ഗാൻ താരങ്ങളുടെ ധൈര്യവും ക്രിക്കറ്റിനോടുള്ള സ്നേഹവും സ്ഥിരോത്സാഹവും പ്രചോദനം നൽകുന്നവയാണ്. അവരുടെ കഥയും കരുത്തും ലോകത്തിന് മുന്നിൽ എത്തിക്കാനുള്ള അവസരമാണ് മത്സരമെന്നും ഹോക്‌ലി അഭിപ്രായപ്പെട്ടു.
പ്രദര്‍ശന മത്സരത്തിൽ നിന്ന് ഞങ്ങൾക്ക് വലിയ പ്രതീക്ഷകളുണ്ടെന്ന് അഫ്ഗാൻ വനിതാ ക്രിക്കറ്റ് താരം നഹിദ പറഞ്ഞു. ഇതിലൂടെ അഫ്ഗാൻ വനിതകൾക്ക് വിദ്യാഭ്യാസം, കായികം, ഭാവി എന്നിവയിലേക്ക് വാതിലുകൾ തുറക്കാൻ കഴിയും. ഇത് ഞങ്ങളുടെ ആദ്യത്തേയും അവസാനത്തേയും മത്സരമാകാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. കൂടുതൽ മത്സരങ്ങളും പിന്തുണയും വേണമെന്ന് നഹിദ പറഞ്ഞു.
ഓസ്‌ട്രേലിയ- അഫ്ഗാനിസ്ഥാന്‍ ഉഭയകക്ഷി മത്സരങ്ങൾ
താലിബാൻ ഭരണത്തിൻ കീഴിലുള്ള സ്ത്രീകളുടെയും പെൺകുട്ടികളുടെയും മനുഷ്യാവകാശ ലംഘനത്തെ തുടർന്ന് കഴിഞ്ഞ വർഷം അഫ്ഗാനിസ്ഥാനുമായി ഉഭയകക്ഷി മത്സരങ്ങൾ വേണ്ടെന്ന് ഓസ്‌ട്രേലിയ തീരുമാനിച്ചതായും ഹോക്‌ലി പറഞ്ഞു. എന്നിരുന്നാലും 'ഐസിസി ടൂർണമെന്‍റുകളിൽ ഷെഡ്യൂൾ അനുസരിച്ച് അഫ്ഗാനിസ്ഥാനിൽ കളിക്കാൻ ഞങ്ങൾ ബാധ്യസ്ഥരാണ്. ഇത് നമ്മുടെ നിയന്ത്രണത്തിലല്ല. എന്നാൽ നമുക്ക് ചെയ്യാൻ കഴിയുന്നത് നല്ല മാറ്റത്തിനായി പരിശ്രമിക്കുക എന്നതാണ്, ഈ മത്സരം ആ പരിശ്രമത്തിന്‍റെ ഫലമാണെന്നും ഹോക്‌ലി കൂട്ടിച്ചേര്‍ത്തു.
Also Read:കൊടും തണുപ്പില്‍ ആവേശച്ചൂടിലേക്ക് കായിക ഇന്ത്യ; ദേശീയ ഗെയിംസിന് ഇന്ന് ഉത്തരാഖണ്ഡില്‍ തുടക്കം - 38TH NATIONAL GAMES INAUGURATION