ലഹോർ: ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇംഗ്ലണ്ടിന് 326 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി അഫ്‌ഗാനിസ്ഥാന്‍. വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത ഇബ്രാഹിം സദ്രാന്‍റെ 177 റണ്‍സിന്‍റെ കരുത്തിലാണ് അഫ്‌ഗാന്‍ മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ചാമ്പ്യന്‍സ് ട്രോഫി ചരിത്രത്തിലെ ഉയർന്ന വ്യക്തിഗത സ്കോറെന്ന റെക്കോർഡാണ് താരം കുറിച്ചത്. 146 പന്തിൽ 12 ഫോറും ആറു സിക്‌സറും സഹിതമാണ് സദ്രാൻ 177 റൺസെടുത്തത്. കഴിഞ്ഞ ദിവസം ഓസ്ട്രേലിയക്കെതിരെ 165 റൺസ് നേടിയ ഇംഗ്ലണ്ട് താരം ബെൻ ഡക്കറ്റിന്‍റെ റെക്കോർഡാണ് സദ്രാന്‍ തകർത്താണ്.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത അഫ്‌ഗാൻ 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 325 റൺസാണ് നേടിയത്. ഇബ്രാഹിം സദ്രാനടക്കം നാല് പേരാണ് അഫ്ഗാൻ നിരയിൽ രണ്ടക്കം കടന്നത്. നായകന്‍ ഹഷ്മത്തുല്ല ഷാഹിദി (67 പന്തിൽ 40), അസ്മത്തുല്ല ഒമർസായ് (31 പന്തിൽ 41 ), മുഹമ്മദ് നബി ( 24 പന്തിൽ 40) എന്നിവരാണ് ഭേദപ്പെട്ട നിലയില്‍ തിളങ്ങിയത്. അവസാന ഒൻപത് ഓവറിൽനിന്ന് അഫ്‌ഗാനിസ്ഥാന്‍ നേടിയത് 98 റൺസാണ്.ഇംഗ്ലണ്ടിനായി ജോഫ്ര ആർച്ചർ മൂന്നു വിക്കറ്റെടുത്തു. ലിയാം ലിവിങ്സ്റ്റൻ രണ്ടു വിക്കറ്റും ജെയ്മി ഓവർട്ടൻ, ആദിൽ റഷീദ് എന്നിവർ ഓരോ വിക്കറ്റും വീഴ്‌ത്തി.
ഇംഗ്ലണ്ടും അഫ്‌ഗാനും അവരുടെ ആദ്യ മത്സരത്തിൽ തോറ്റിരുന്നു. സെമിഫൈനലില്‍ പ്രവേശിക്കുന്നതില്‍ ഇരു ടീമുകൾക്കും ഇന്നത്തെ മത്സരം നിര്‍ണായകമാണ്.
2023 ലെ ഏകദിന ലോകകപ്പിലാണ് അഫ്‌ഗാനിസ്ഥാനും ഇംഗ്ലണ്ടും അവസാനമായി മത്സരിച്ചത്. ആദ്യം ബാറ്റ് ചെയ്ത അഫ്‌ഗാന്‍ 284 റൺസ് നേടി. മറുപടിയില്‍ ഇംഗ്ലണ്ട് 215 റൺസിന് എല്ലാവരും പുറത്തായി. ഒട്ടും പ്രതീക്ഷിക്കാതെ വലിയൊരു അട്ടിമറി സൃഷ്ടിച്ചുകൊണ്ട് അഫ്‌ഗാന്‍ അന്ന് ചരിത്രം സൃഷ്ടിച്ചിരുന്നു. ഇന്നത്തെ മത്സരത്തിലും അത്തരമൊരു ട്വിസ്റ്റ് ഉണ്ടാകുമോയെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.