മുംബൈ:ഐപിഎല്‍ പതിനേഴാം പതിപ്പില്‍ ഓപ്പണറായി തകര്‍പ്പൻ പ്രകടനം നടത്തിയെങ്കിലും വരുന്ന ടി20 ലോകകപ്പില്‍ വിരാട് കോലി ഇന്ത്യയ്‌ക്കായി മൂന്നാം നമ്പറില്‍ തന്നെ ബാറ്റ് ചെയ്യണമെന്ന് ദക്ഷിണാഫ്രിക്കൻ മുൻ താരം എബി ഡിവില്ലിയേഴ്‌സ്. ടി20 ലോകകപ്പ് എന്നത് വലിയ ഒരു വേദിയാണ്. അവിടെ മധ്യ ഓവറുകളില്‍ കളിയുടെ ഗതിയ്‌ക്ക് അനുസരിച്ച് ബാറ്റ് ചെയ്യാനും മത്സരം നിയന്ത്രിക്കാനും വിരാട് കോലിയെ പോലെ ഒരു താരത്തെയാണ് വേണ്ടതെന്നും ഒരു സ്പോര്‍ട്‌സ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഡിവില്ലിയേഴ്‌സ് പറഞ്ഞു.
'ഐപിഎല്ലില്‍ ഓപ്പണറായി അസാമാന്യ പ്രകടനമാണ് കോലി നടത്തിയതെങ്കിലും അവൻ ഇപ്പോഴും ഒരു മൂന്നാം നമ്പര്‍ ബാറ്ററാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. തന്‍റെ കഴിവിലും ഗെയിം പ്ലാനിലും ഉറച്ച വിശ്വാസമുള്ളയാളാണ് കോലി. അതാണ് അവൻ ഇപ്പോഴും തുടരുന്നത്.
ഓപ്പണറായി ബാറ്റ് ചെയ്യുന്ന കാര്യം അവൻ ആസ്വദിക്കുന്നുണ്ടെന്ന് എനിക്കറിയാം. എന്നാല്‍, എന്‍റെ കാഴ്‌ചപ്പാടുകള്‍ പറയുകയാണെങ്കില്‍ ലോകകപ്പില്‍ മൂന്നാം നമ്പറില്‍ വേണം കോലി ബാറ്റ് ചെയ്യേണ്ടത്. അതിനുള്ള കാരണം, നോര്‍മല്‍ ക്രിക്കറ്റ് ഷോട്ടുകളിലൂടെ തന്നെ റണ്‍സ് കണ്ടെത്താൻ അവന് നന്നായി അറിയാം.
ടി20 ക്രിക്കറ്റിലെ 7-20 വരെയുള്ള ഓവറുകളില്‍ ബാറ്റ് ചെയ്യുന്ന താരങ്ങളില്‍ ഏറ്റവും മികച്ചവനാണ് കോലി. ഒരു മത്സരത്തിന്‍റെ സാഹചര്യം കൃത്യമായി മനസിലാക്കാനും ഗ്യാപ്പുകളിലൂടെ കളിച്ച് റണ്‍സ് കണ്ടെത്താനും അവനേക്കാള്‍ മികച്ച മറ്റാരും തന്നെയുണ്ടാകില്ല. അതിന് പലപ്പോഴും ഞാനും സാക്ഷിയായിട്ടുണ്ട്'- ഡിവില്ലിയേഴ്‌സ് പറഞ്ഞു.