ഹൈദരാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ (ഐപിഎൽ) 17-ാം സീസണിൽ നിന്നും ആദ്യം പുറത്താവുന്ന ടീമാണ് അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ്. സീസണില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തില്‍ കളിച്ച മുംബൈ ഇന്ത്യന്‍സിന് ഇതേവരെ കളിച്ച 13 മത്സരങ്ങളില്‍ വെറും നാല് വിജയം മാത്രമാണ് നേടാന്‍ കഴിഞ്ഞത്. മികച്ച ബാറ്റിങ് ലൈനപ്പും ടൂര്‍ണമെന്‍റിലെ തന്നെ ഏറ്റവും മികച്ച ബോളറുമുണ്ടായിട്ടും തുടര്‍തോല്‍വികളാല്‍ വലയുന്ന മുംബൈയെയാണ് കളത്തില്‍ കാണാന്‍ കഴിഞ്ഞത്.
ഇപ്പോഴിതാ സീസണില്‍ മുംബൈ ഇന്ത്യന്‍സിന്‍റെ മോശം പ്രകടനത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്ര. ഈ സീസണിൽ മുംബൈ ഇന്ത്യൻസിന്‍റെ മോശം പ്രകടനത്തിന് പിന്നില്‍ നിരവധി കാരണങ്ങളുണ്ടെന്നാണ് ആകാശ് ചോപ്ര ഇടിവി ഭാരതിനോട് പറഞ്ഞിരിക്കുന്നത്. മുംബൈ ഇന്ത്യൻസിന് ഈ സീസണിൽ എന്താണ് പിഴച്ചത്?, ക്യാപ്റ്റൻസിയാണോ, ബോളിങ് ഡിപ്പാർട്ട്‌മെന്‍റിന്‍റെ ഡെപ്‌തോ അതോ കളിക്കാരുടെ ഫോമില്ലായ്‌മയോ എന്ന ചോദ്യത്തോട് ആകാശ് ചോപ്രയുടെ പ്രതികരണം ഇങ്ങനെ...
"വാസ്‌തവത്തിൽ ഒന്നിലധികം കാരണങ്ങളുണ്ട്, ഒരെണ്ണം മാത്രമായി ചൂണ്ടിക്കാണിക്കാൻ കഴിയില്ല. തുടക്കത്തില്‍ സൂര്യകുമാർ യാദവിന് കളിക്കാന്‍ കഴിയാതിരുന്നത് ടീമിന് തിരിച്ചടിയായിരുന്നു. ബാറ്റിങ് യൂണിറ്റിന് മികവിനൊത്ത് ഉയരാനും കഴിഞ്ഞില്ല. മറ്റ് ടീമുകളെ അപേക്ഷിച്ച് നോക്കുമ്പോള്‍ പവര്‍പ്ലേയില്‍ തന്നെ മുംബൈക്ക് നിരവധി വിക്കറ്റുകള്‍ നഷ്‌ടമാവുന്നതാണ് കാണാന്‍ കഴിഞ്ഞത്.
പിന്നെ, തീര്‍ച്ചയായും മുംബൈ ഇന്ത്യന്‍സിന്‍റെ ബോളിങ്ങിലും പോരായ്‌മകളുണ്ടായിരുന്നു. എന്നാല്‍ അതു മികച്ച താരങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ ആയിരുന്നില്ലെന്ന് മാത്രം. അവര്‍ക്ക് ജെറാൾഡ് കോട്‌സി, നുവാൻ തുഷാര, ആകാശ് മധ്വാൾ, ജസ്പ്രീത് ബുംറ, പിയൂഷ് ചൗള, ക്വേന മഫാക എന്നിവരുണ്ടായിരുന്നു.