ന്യൂഡൽഹി:ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള 3 മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരം ഒക്ടോബർ 24 മുതൽ പൂനെയിൽ നടക്കും. മത്സരത്തില്‍ ഇന്ത്യയുടെ സ്റ്റാർ വിക്കറ്റ് കീപ്പർ ബാറ്റര്‍ ഋഷഭ് പന്ത് കളിക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ ഇപ്പോഴും ആശയക്കുഴപ്പം തുടരുകയാണ്. കാൽമുട്ടിനേറ്റ പരിക്കിൽ നിന്ന് താരം മോചിതനായെന്നും രണ്ടാം ടെസ്റ്റിൽ കളിക്കുമെന്നും ചില മാധ്യമ റിപ്പോർട്ടുകളുണ്ടെങ്കിലും ബിസിസിഐയിൽ നിന്ന് ഔദ്യോഗിക പ്രസ്‌താവനകളൊന്നും വന്നിട്ടില്ല. പന്തിന് രണ്ടാം ടെസ്റ്റ് കളിക്കാൻ സാധിച്ചില്ലെങ്കിൽ പകരം ധ്രുവ് ജുറലിനെ പ്ലെയിങ് 11ൽ ഉൾപ്പെടുത്തും.
പരിക്ക് മൂലം ശുഭ്‌മാൻ ഗില്ലിന് ആദ്യ ടെസ്റ്റ് കളിക്കാനായില്ലെങ്കിലും പൂനെ ടെസ്റ്റിൽ താരമുണ്ടാകുമെന്നാണ് സൂചന. ചൊവ്വാഴ്‌ച നെറ്റ്സിലും ഗിൽ ബാറ്റ് ചെയ്‌തിരുന്നു. ഇത്തരമൊരു സാഹചര്യത്തിൽ പ്ലെയിങ് 11ൽ രോഹിത് ഗില്ലിനെ തിരഞ്ഞെടുത്താൽ ആരെയാണ് പുറത്തിരുത്തുകയെന്നത് സംശയമാണ്. കെഎൽ രാഹുലിന് പകരം ഗില്ലിന് അവസരം നൽകാനാണ് കൂടുതൽ സാധ്യത. കാരണം ബെംഗളൂരു ടെസ്റ്റിന്‍റെ ആദ്യ ഇന്നിങ്സിൽ കെഎൽ രാഹുലിന് അക്കൗണ്ട് തുറക്കാൻ പോലും കഴിഞ്ഞില്ല. അതേസമയം രണ്ടാം ഇന്നിങ്‌സിൽ 12 റൺസ് മാത്രം എടുക്കുന്നതിനിടെ താരം പുറത്തായി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക