സിഡ്‌നി: ബോർഡർ-ഗവാസ്‌കർ ട്രോഫിയുടെ ബോക്‌സിങ് ഡേ ടെസ്റ്റിൽ അരങ്ങേറ്റത്തിനൊരുങ്ങി 19 കാരനായ ഓസ്‌ട്രേലിയൻ ബാറ്റര്‍ സാം കോൺസ്റ്റാസ്. നിലവിൽ ബിഗ് ബാഷ് ലീഗിൽ (ബിബിഎൽ) സിഡ്‌നി തണ്ടറിനെ പ്രതിനിധീകരിക്കുകയാണ് താരം. ഓപ്പണിങ് ബാറ്റര്‍ നഥാൻ മക്‌സ്വീനിക്ക് പകരമായാണ് താരത്തെ ആദ്യമായി ടീമിൽ ഉൾപ്പെടുത്തിയത്. ടെസ്റ്റില്‍ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഓസ്‌ട്രേലിയൻ താരം കൂടിയാണ് കോൺസ്റ്റാസ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ബോക്‌സിങ് ഡേ ടെസ്റ്റ് ഡിസംബർ 26 മുതൽ ആരംഭിക്കും. കോൺസ്റ്റാസ് മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ അരങ്ങേറ്റം കുറിക്കുന്നതിലൂടെ 468-ാംമത്തെ ഓസ്‌ട്രേലിയൻ പുരുഷ ടെസ്റ്റ് കളിക്കാരനാകും. കൂടാതെ, അലൻ ക്രെയ്ഗ്, നിലവിലെ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്, ടോം ഗാരറ്റ് എന്നിവർക്ക് ശേഷം ടെസ്റ്റ് അരങ്ങേറ്റം കുറിക്കുന്ന നാലാമത്തെ പ്രായം കുറഞ്ഞ ഓസ്‌ട്രേലിയൻ താരമാകും.
വെസ്റ്റേൺ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഷെഫീൽഡ് ഷീൽഡിൽ 88 റൺസും ബിബിഎല്ലിൽ സിഡ്‌നി തണ്ടറിനായി 27 പന്തിൽ 56 റൺസും താരം നേടിയിട്ടുണ്ട്. പുറമെ, നവംബറിൽ മെൽബണിൽ ഇന്ത്യ എയ്‌ക്കെതിരെ കോണ്‍സ്റ്റാസ് പുറത്താകാതെ 73 റൺസ് നേടി. മൂന്നാഴ്ച മുമ്പ്, ഇന്ത്യയ്‌ക്കെതിരെ ഒരു പരിശീലന മത്സരത്തിൽ പ്രൈം മിനിസ്റ്റേഴ്‌സ് ഇലവനായി കളിക്കുമ്പോൾ, കോൺസ്റ്റാസ് 97 പന്തിൽ 107 റൺസ് നേടിയിരുന്നു. കാൻബറയിൽ നടന്ന മത്സരത്തിൽ ആകാശ് ദീപ്, മുഹമ്മദ് സിറാജ്, രവീന്ദ്ര ജഡേജ എന്നിവരായിരുന്നു ഇന്ത്യൻ ടീമിൽ.