ഇക്കഴിഞ്ഞഇടക്കാല ബജറ്റില്‍ പ്രതിരോധ മേഖലയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ നീക്കി വെച്ചത് 6,21,540 കോടി 85 ലക്ഷം രൂപയാണ്. കഴിഞ്ഞ വര്‍ഷത്തെ 5.91 ലക്ഷം കോടിയുമായി തട്ടിച്ചു നോക്കുമ്പോള്‍ മാന്യമായ വര്‍ധന ബജറ്റ് വിഹിതത്തിലുണ്ട്. മൊത്തം ബജറ്റ് തുകയുടെ 13.04 ശതമാനം പ്രതിരോധ മേഖലക്കായി നീക്കി വെച്ചതിലൂടെ ചൈന ഉയര്‍ത്തുന്ന ഭീഷണിയെ ചെറുക്കാനും പ്രതിരോധ രംഗത്ത് സ്വാശ്രയത്വം കൈവരിക്കാനും കയറ്റുമതി സാധ്യമാക്കാനുമൊക്കെ ലക്ഷ്യം വെക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇത്തവണ പ്രതിരോധ മേഖലയ്ക്ക് നല്‍കിയ ഈ ബജറ്റ് നീക്കിയിരിപ്പ് 2022-23 ലേതിനെ അപേക്ഷിച്ച് 4.72 ശതമാനവും 2023-24 നെ അപേക്ഷിച്ച് 18.35 ശതമാനവും കൂടുതലാണ്.
പ്രതിരോധ ബജറ്റ് പ്രധാനമായും നാല് മേഖലകളിലായാണ് വകയിരുത്തപ്പെടുന്നത്. പ്രതിരോധ മന്ത്രാലയത്തിന്‍റെ സിവില്‍ ചെലവുകള്‍, സൈന്യത്തിന്‍റെ റെവന്യൂ ചെലവുകള്‍, മൂലധന ചെലവുകള്‍, ശമ്പളവും പെന്‍ഷനും എന്നീ ഇനങ്ങളാണിവ. പ്രതിരോധ ബജറ്റിന്‍റെ 4.11 ശതമാനം പ്രതിരോധ വകുപ്പിന് കീഴിലുള്ള സൈനികേതര സ്ഥാപനങ്ങള്‍ക്കും ചെലവുകള്‍ക്കുമായാണ് നല്‍കുന്നത്. 14.82 ശതമാനം ആയുധങ്ങളുടേയും വെടിക്കോപ്പുകളുടേയും ശേഖരണത്തിനും വികസനത്തിനുമുള്ള റെവന്യൂ ചെലവുകള്‍ക്കായി നീക്കിയിരുത്തുന്നു. 27.67 ശതമാനം പുതിയ ആയുധങ്ങളും പ്രതിരോധ സംവിധാനങ്ങളും വാങ്ങാനുള്ള മൂലധന ചെലവുകള്‍ക്കായി നീക്കി വെക്കുന്നു. 30.68 ശതമാനം സൈനികരുടെ ശമ്പളത്തിനും പെന്‍ഷനുമായി നീക്കി വെക്കുന്നു. 22.72 ശതമാനം വിമുക്തഭട പെന്‍ഷനും മറ്റ് ഫാമിലി പെന്‍ഷനുകളും നല്‍കാനുള്ള ചെലവിനായി നീക്കി വെക്കുന്നു.
നമ്മുടെ സേനാ വിഭാഗങ്ങളെ നവീകരിക്കുന്നതിനും ആധുനിക വല്‍ക്കരിക്കുന്നതിനുമുള്ള മൂലധന ചെലവുകള്‍ കേന്ദ്ര സര്‍ക്കാര്‍ ഗണ്യമായി വര്‍ധിപ്പിച്ചിട്ടുണ്ട്. 2023-24 വര്‍ഷം 1.62ലക്ഷം കോടിരൂപയായിരുന്നു സൈന്യത്തിനുള്ള മൂലധന ചെലവിനായി നീക്കി വെച്ചത്. ഇത്തവണ ഇടക്കാല ബജറ്റില്‍ അത് 6.2 ശതമാനം കൂട്ടി 1.72 ലക്ഷം കോടി രൂപ അനുവദിച്ചു.പോര്‍ വിമാനങ്ങള്‍ക്കും ഏറോ എഞ്ചിനുകള്‍ക്കുമുള്ള മൂലധന വിഹിതം 40,777 കോടി രൂപയാണ്. മറ്റ് ഉപകരണങ്ങള്‍ക്കായി 62343 കോടി രൂപയും വകയിരുത്തി. പടക്കപ്പലുകളും അന്തര്‍വാഹിനികളും അടക്കം വികസിപ്പിക്കുന്നതിനും വാങ്ങിക്കുന്നതിനുമായി 23800 കോടി രൂപ നീക്കി വെച്ചു. നേവല്‍ ഡോക്ക് യാര്‍ഡുകളുടെ വികസനത്തിനായി മറ്റൊരു 6830 കോടി രൂപയും അനുവദിച്ചു. ഈ ബജറ്റ് വിഹിതങ്ങളൊക്കെയും കര നാവിക വ്യോമ സേനകളുടെ ലോങ്ങ് ടേം ഇന്‍റഗ്രേററഡ് പെര്‍സ്പെക്റ്റീവ് പ്ലാന്‍ പ്രകാരമാണ് അനുവദിച്ചത്. 2024-25 വര്‍ഷത്തില്‍ സേനയെ ആധുനികവല്‍ക്കരിക്കുന്നതിനും നവീകരിക്കുന്നതിനും പുത്തന്‍ ആയുധങ്ങളും പടക്കപ്പലുകളും പോര്‍വിമാനങ്ങളും മറ്റ് സൈനിക ഹാര്‍ഡ് വേറുകളുമൊക്കെ വാങ്ങാനാണ് ഈ പണം. സ്വന്തമായി പ്രൊപ്പല്‍ഷന്‍ സിസ്റ്റമുള്ള മുങ്ങിക്കപ്പലുകളും പ്രിഡേറ്റര്‍ ഡ്രോണുകളും 4.5 ജനറേഷനില്‍പ്പെട്ട ജറ്റ് പോര്‍വിമാനങ്ങളും ഒക്കെ ഉള്‍പ്പെടും.
റെവന്യൂ ചെലവുകള്‍ക്ക് നീക്കി വെച്ചിരിക്കുന്ന 4,39,300 കോടി രൂപയില്‍ 1,41.205 കോടി രൂപ ഡിഫന്‍സ് പെന്‍ഷന് വേണ്ടിയാണ് നീക്കി വെച്ചിരിക്കുന്നത്. 2,82,772 കോടി സൈനിക ആവശ്യങ്ങള്‍ക്കായി വകയിരുത്തുന്നു. 15,322 കോടി പ്രതിരോധ വകുപ്പിന് കീഴിലുള്ള വിവിധ സിവിലിയന്‍ സ്ഥാപനങ്ങള്‍ക്കായി നീക്കി വെക്കുന്നു. ഈ വര്‍ഷം ഇന്ത്യന്‍ കരസേനയ്ക്ക് റെവന്യൂ ചെലവുകള്‍ക്കായി വകയിരുത്തിയിരിക്കുന്നത് 1,92680 കോടി രൂപയാണ്. നാവികസേനക്ക് 32,778 കോടി രൂപയും വ്യോമസേനയ്ക്ക് 46223 കോടി രൂപയും വകയിരുത്തി. സ്റ്റോര്‍,സ്പെയര്‍, റിപ്പേര്‍, മറ്റു സേവനങ്ങള്‍ എന്നിവയ്ക്കായി വകയിരുത്തിയ തുകയിലും വര്‍ധനയുണ്ട്. മികച്ച മെയിന്‍റനന്‍സ് സൗകര്യവും സപ്പോര്‍ട്ട് സംവിധാനവും ഉറപ്പു വരുത്തുന്നതിനാണ് മുന്തിയ പരിഗണന നല്‍കിയിരിക്കുന്നത്. വിമാനങ്ങളും കപ്പലുകളും പുത്തന്‍ ആയുധങ്ങളും വാങ്ങിക്കുന്നതിലും വിഭവ സമാഹരണത്തിനും പ്രത്യേക പരിഗണന നല്‍കുന്നു. അതിര്‍ത്തികളിലും യുദ്ധമേഖലകളിലും സൈനിക നീക്കത്തിനും സൈനിക വിന്യാസത്തിനും സേനയുടെ നിത്യ ചെലവുകള്‍ക്കുമായി ഗൗരവമായ പരിഗണന കേന്ദ്രം നല്‍കുന്നു.
ഇന്തോ- ചീനാ അതിര്‍ത്തിയില്‍ തുടരുന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ അതിര്‍ത്തി മേഖലകളിലെ റോഡ് ഉള്‍പ്പെടെയുള്ള പശ്ചാത്തല സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന് 6500 കോടി രൂപ ബജറ്റില്‍ അനുവദിച്ചു. 2021-22 ലേതിനെ അപേക്ഷിച്ച് 160 ശതമാനത്തിന്‍റെ വര്‍ധനയാണ് ഇത്. തൊട്ടു മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 30 ശതമാനത്തിന്‍റെ വര്‍ധന. സമുദ്ര നിരപ്പില്‍ നിന്ന് 13700 അടി ഉയരത്തിലുള്ള ലഡാക്കിലെ ന്യോമ എയര്‍ഫീല്‍ഡ് വികസിപ്പിക്കലും ആന്‍ഡമാന്‍ നിക്കോബാറിലെ ഏറ്റവും തെക്കേ അറ്റത്തുള്ള പഞ്ചായത്തില്‍ കണക്റ്റിവിറ്റി ഉറപ്പാക്കലും ഹിമാചല്‍ പ്രദേശിലെ തന്ത്രപ്രധാനമായ ൺിങ്കുലാ തുരങ്കവും അരുണാചല്‍ പ്രദേശിലെ നെഷിഫൂ തുരങ്കവും വികസിപ്പിക്കലുമൊക്കെയടങ്ങുന്ന പദ്ധതികള്‍ക്കാണ് ഈ തുക. കോസ്റ്റ് ഗാര്‍ഡിനുള്ള ഈ വര്‍ഷത്തെ ബജറ്റ് വിഹിതം 7651.80 കോടി രൂപയാണ്. തൊട്ടു മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 6.31 ശതമാനം കൂടുതലാണിത്. ഇതില്‍ 3500 കോടി രൂപ അതിവേഗ പട്രോളിങ്ങ് ബോട്ടുകളും മറ്റും വാങ്ങിക്കുന്നതിനും ഇലക്ട്രോണിക് നിരീക്ഷണ സംവിധാനങ്ങളും ആയുധങ്ങളും വാങ്ങിക്കുന്നതിനുമാണ് അനുവദിച്ചത്. കടലില്‍ അഭിമുഖീകരിക്കേണ്ടി വരുന്ന വെല്ലുവിളികള്‍ നേരിടാനും മറ്റു രാജ്യങ്ങള്‍ക്കടക്കം അവശ്യ ഘട്ടങ്ങളില്‍ മനുഷ്യത്വ പരമായ സഹായം എത്തിക്കുന്നതിനുമൊക്കെ ഈ തുക സഹായകമാകും.
2020 മുതല്‍ സ്വാശ്രയത്വം പ്രോല്‍സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി ബജറ്റുകളിലൊക്കെ പ്രതിരോധ മേഖലയ്ക്കുള്ള മൂലധന ചെലവ് ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, ഏറോസ്പേസ്, കെമിസ്ട്രി എന്നിവയടങ്ങുന്ന ഡീപ്പ് ടെക് ടെക്നോളജികളെ ബലപ്പെടുത്താനുള്ള ഒരു ലക്ഷം കോടി രൂപയുടെ കോര്‍പ്പസ് പദ്ധതി ഈ ബജറ്റില്‍ പ്രഖ്യാപിച്ചത് പ്രതിരോധ മേഖലയിലെ ആധുനികവല്‍ക്കരണത്തിന് ആക്കം കൂട്ടും. ടെക് കമ്പനികള്‍ക്ക് ദീര്‍ഘ കാല വായ്പ അനുവദിക്കുന്നതും സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് നികുതി യിളവുകള്‍ അനുവദിക്കുന്നതുമൊക്കെ പ്രതിരോധ മേഖലയെ സ്വശ്രയമാക്കുന്നതിന് കൂടുതല്‍ ഉപകാരപ്പെടും. ഹിന്ദുസ്ഥാന്‍ ഏറനോട്ടിക്സ് ലിമിറ്റഡ്, അശോക് ലൈലാന്‍ഡ്, സെന്‍ ടെക്നോളജീസ്, മാസഗോണ്‍ഡോക് ഷിപ്പ് ബില്‍ഡേഴ്സ്, തുടങ്ങി പ്രതിരോധ മേഖലയിലെ ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച പരിഗണന നല്‍കുന്ന കമ്പനികള്‍ക്ക് പുതുതായി പ്രഖ്യാപിച്ച പദ്ധതികള്‍ ഗുണം ചെയ്യുമെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്.
ഡി ആര്‍ഡി ഒയ്ക്കുള്ള വിഹിതം ഈ ബജറ്റില്‍ 23855 കോടിയാമ്. കഴിഞ്ഞ തവണ ഇത് 23269.89 കോടിയായിരുന്നു. ഇതില്‍ത്തന്നെ വലിയൊരു പങ്ക് , 13,208 കോടി രൂപ സ്ഥാപനത്തില്‍ പുത്തന്‍ സാങ്കേതിക വിദ്യ വികസിപ്പിക്കാനുദ്ദേശിച്ച് നല്‍കിയതാണ്. സ്വകാര്യ സ്ഥാപനങ്ങളെ ഗവേഷണത്തിലും ഉല്‍പ്പാദനത്തിലും പങ്കാളികളാക്കാനുള്ള ലക്ഷ്യത്തോടെയാണ് ഈ നീക്കം. 60 കോടിയുടെ ടെക്നോളജി ഡെവലപ്മെന്‍റ് ഫണ്ട് സ്റ്റാര്‍ട്ട് അപ്പുകളേയും എം എസ് എം ഇ കളേയും സര്‍വകലാശാലകളേയും അവിടെ നിന്നുളള യുവാക്കളേയും ഡി ആര്‍ഡിഒയ്ക്ക് വേണ്ടി ഗവേഷണ വികസന പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാന്‍ പ്രോല്‍സാഹിപ്പിക്കുന്നതിനു വേണ്ടിയുള്ളതാണ്.
2020 മുതല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിരോധ ബജറ്റുള്ള മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. അമേരിക്കയും ചൈനയുമാണ് നമുക്ക് മുന്നിലുള്ളത്. 2018 മുതല്‍ നമ്മുടെ പ്രതിരോധ ബജറ്റ് ക്രമാനുഗതമായി ഉയരുന്നതായാണ് പഠനങ്ങള്‍ കാണിക്കുന്നത്. സ്റ്റോക്ഹോം ഇന്‍റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പറയുന്നതനുസരിച്ച് 2018ല്‍ ഇന്ത്യയുടെ പ്രതിരോധ ബജറ്റ് 66.26 ബില്യണ്‍ ഡോളറായിരുന്നു. 2017 ലേതിനേക്കാള്‍ 2.63 ശതമാനം വര്‍ദ്ധനവ്. 2019 ല്‍ പ്രതിരോധ ബജറ്റ് 71.47 ബില്യണ്‍ ഡോളറായിരുന്നു. 2018 ലേതിനേക്കാള്‍ 7.86 ശതമാനം വര്‍ധന. 2020ല്‍ പ്രതിരോധ ബജറ്റ് 72.94 ബില്യണ്‍ ഡോളറായിരുന്നു. 2.05 ശതമാനത്തിന്‍റെ വളര്‍ച്ച. ലോവി ഇന്‍സ്റ്റിറ്റ്യൂട്ട് ഏഷ്യ പവര്‍ ഇന്‍ഡെക്സിന്‍റെ 2023 ലെ എസ്റ്റിമേറ്റഡ് മിലിറ്ററി എക്സ്പെന്‍ഡിച്ചര്‍ ഫോര്‍കാസ്റ്റ് പ്രകാരം 2030 ല്‍ ഇന്ത്യയുടെ പ്രതിരോധ ബജറ്റ് 183 ബില്യണ്‍ ഡോളറാകും എന്നാണ് അനുമാനം. 2030ല്‍ അമേരിക്കയുടെ പ്രതിരോധ ബജറ്റ് 977 ബില്യണും ചൈനയുടേത് 531 ബില്യണും ആകുമെന്നാണ് പ്രതീക്ഷ. ഇന്ത്യയുടേതിനെ അപേക്ഷിച്ച് ചൈനയുടെ പ്രതിരോധ വിഹിതം എന്നും ഉയര്‍ന്നു തന്നെയാണ് എന്നതും ശ്രദ്ധേയമാണ്. തൊട്ടു മുന്‍ സാമ്പത്തിക വര്‍ഷം ഇന്ത്യ പ്രതിരോധ രംഗത്ത് 72.6 ബില്യണ്‍ ഡോളര്‍ വകയിരുത്തിയപ്പോള്‍ ചൈന നീക്കി വെച്ചത് 225 ബില്യണ്‍ ഡോളറായിരുന്നു.
നമ്മുടെ പ്രതിരോധ ബജറ്റിലെ വര്‍ധന നീതീകരിക്കാനാവുന്നതാണെങ്കിലും മേഖലയിലെ രാജ്യാന്തര രാഷ്ട്രീയ സാഹചര്യങ്ങളില്‍ സേനയുടെ ആധുനികവല്‍ക്കരണത്തിന് പര്യാപ്തമല്ലെന്ന് പറയേണ്ടി വരും. ഇന്ത്യയും ചൈനയുമായുള്ള പ്രതിരോധ നീക്കിയിരിപ്പില്‍ വന്‍ അന്തരമുള്ളതു കൊണ്ടു തന്നെ ഇരു രാജ്യങ്ങളേയും താരതമ്യം ചെയ്യാന്‍ കഴിയില്ല. പക്ഷേ സാങ്കേതിക വിദ്യയിലൂന്നിയ ആധുനികവല്‍ക്കരണത്തിലൂടെയും സ്വയംപര്യാപ്തതയിലൂടെയും ചൈനയെ മറികടക്കാന്‍ നമുക്കാവും. സാങ്കേതിക തികവുള്ള നവീന ആയുധങ്ങളും സൈനിക പ്രതിരോധ സംവിധാനങ്ങളും പോര്‍ വിമാനങ്ങളും പടക്കപ്പലുകളും സ്വന്തമാക്കാനുള്ള തുക ബജറ്റില്‍ വര്‍ധിപ്പിച്ചു നല്‍കിയത് പ്രതീക്ഷ പകരുന്നതാണ്. ആഭ്യന്തര വിപണിയില്‍ നിന്ന് പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങിക്കുന്നത് പ്രോല്‍സാഹിപ്പിക്കാനുള്ള തീരുമാനവും ഇന്ത്യന്‍ കമ്പനികള്‍ക്ക് ഉത്തേജനം പകരും. അങ്ങിനെ വരുമ്പോള്‍ വിദേശ കമ്പനികളും ഇന്ത്യന്‍ കമ്പനികളോടൊപ്പം ചേര്‍ന്ന് മേക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമാകാന്‍ സാധ്യതയേറും. ഭാവിയില്‍ ഹ്രസ്വകാല ഡ്യൂട്ടി സ്കീമായ അഗ്നിപഥ് വിജയകരമാകുന്നതോടെ പെന്‍ഷന്‍ ഇനത്തിലുള്ള ചെലവ് ഗണ്യമായി കുറക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചേക്കും.