മധുരമുള്ള ഭക്ഷണങ്ങൾ കഴിക്കാൻ ഇഷ്‌ടപ്പെടുന്നവരാണ് പലരും. മിഠായി, ഐസ്ക്രീം, പായസം എന്നിവ പോലെ കുട്ടികളും മുതിർന്നവരും ഒരുപോലെ കഴിക്കാൻ ഇഷ്‌ടപ്പെടുന്ന ഒരു വിഭവമാണ് പുഡ്ഡിങ്. വീട്ടിൽ തന്നെയുള്ള വളരെ കുറച്ച് ചേരുവകൾ കൊണ്ട് ഈസിയായി തയ്യാറാക്കാവുന്ന ഒരു കിടിലൻ കാരമൽ പുഡ്ഡിങ് റെസിപ്പി പരിചയപ്പെടാം.
ആവശ്യമായ ചേരുവകൾ
- പഞ്ചസാര- 1/2 കപ്പ്
- വെള്ളം- 1/4 കപ്പ്
- പാൽ- 1/2 കപ്പ്
- കടലപ്പൊടി- 2 കപ്പ്
- കണ്ടൻസ്‌ഡ് മിൽക്ക്- 1 കപ്പ്
- ഏലയ്ക്കപ്പൊടി- 1 ടീസ്‌പൂൺ
- ഉപ്പ്- ഒരു നുള്ള്
- മുട്ട- 2 എണ്ണം
തയ്യാറാക്കുന്ന വിധം
ആദ്യം കാരമൽ സിറപ്പ് തയ്യാറാക്കാം. അതിനായി ഒരു പാൻ അടുപ്പിൽ വച്ച് പഞ്ചസാര ഇടുക. കാൽ കപ്പ് വെള്ളം ചേർത്ത് ഇത് നന്നായി അലിയിച്ചെടുക്കാം. പുഡ്ഡിങ് തയ്യാറാക്കുന്ന പാത്രത്തിലേക്ക് ഇത് മാറ്റുക. ശേഷം മറ്റൊരു പാൻ ചൂടാക്കി നെയ്യ് ഒഴിക്കുക. ഇതിലേക്ക് കടലപ്പൊടിയിട്ട് നല്ലപോലെ വറുക്കുക. ചൂടാറി കഴിയുമ്പോൾ പാൽ ഒഴിച്ച് കട്ട പിടിക്കാതെ നന്നായി മിക്‌സ് ചെയ്തെടുക്കാം. സ്‌റ്റൗ ഓൺ ചെയ്‌ത് മീഡിയം ഫ്ലേമിൽ ഇത് കുറുക്കി എടുക്കുക. ഇതിലേക്ക് കണ്ടൻസ്‌ഡ് മിൽക്ക് ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഏലക്കാപൊടിയും ഉപ്പും ചേർത്ത് കൊടുക്കാം. രണ്ട് മുട്ട നന്നായി ഉടച്ച് ചേർക്കുക. ഇനി കാരമൽ ഒഴിച്ച് വച്ചിരിക്കുന്ന പാത്രത്തിലേക്ക് ഈ മിശ്രിതം അരിച്ചൊഴിക്കാം. ഒരു അലുമിനിയം ഫോയിൽ ഉപയോഗിച്ച് ഇത് മൂടി വയ്ക്കാം. ഇതിന് മുകളിലായി കുറച്ച് ദ്വാരങ്ങളിട്ടു കൊടുക്കുക. ഇത് ആവിയിൽ വേവിച്ചെടുക്കാം. പാകമായാൽ സ്‌റ്റൗ ഓഫ് ചെയ്‌ത് തണുക്കാനായി മാറ്റി വയ്ക്കാം. ശേഷം 2 മണിക്കൂറിൽ കൂടുതൽ ഫ്രിഡ്‌ജിൽ വച്ച് തണുപ്പിക്കുക. കൊതിയൂറും കാരമൽ പുഡ്ഡിങ് റെഡി.
Also Read: ഇത്ര സിപിംളായിരുന്നോ ? തട്ടുകട സ്റ്റൈൽ ഗ്രീൻപീസ് മുട്ട മസാല വീട്ടിൽ തന്നെ ഉണ്ടാക്കാം