ആന്റി ഓക്‌സിഡന്‍റ് ഗുണങ്ങൾ ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് കാപ്പിപ്പൊടി. കാപ്പിയുണ്ടാക്കാൻ മാത്രമല്ല വിവിധ ചർമ്മ പ്രശ്‌നങ്ങൾ പരിഹരിക്കാനും കാപ്പിപ്പൊടി ഉപകരിക്കും. ചർമ്മത്തിൽ ജലാംശം നിലനിർത്താനും, കരുവാളിപ്പ്, നിറവ്യത്യാസം, നിറം മങ്ങൽ തുടങ്ങിയ പ്രശ്‌നങ്ങൾ പരിഹരിക്കാനും ഉത്തമമാണിത്. ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്‌ത് ചർമ്മത്തെ മൃദുലവും തിളക്കമുള്ളതായി നിലനിർത്താനും കാപ്പിപ്പൊടി സഹായിക്കും.
കാപ്പിപ്പൊടിയിലെ ആൻ്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ചർമ്മത്തിലെ പ്രകോപനം ഒഴിവാക്കാനും ചുവപ്പ് നിറം, വീക്കം എന്നിവ കുറയ്ക്കാനും ഗുണം ചെയ്യും. കഫീനിന്‍റെ മികച്ച ഉറവിടമാണ് കാപ്പിപ്പൊടി. ഇത് രക്തയോട്ടം ഉത്തേജിപ്പിക്കുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യും. കണ്ണുകൾക്ക് താഴെയുള്ള വീക്കം കുറയ്ക്കാൻ ഇത് സഹായിക്കും.
ആൻ്റി ഓക്‌സിഡൻ്റുകളാൽ സമ്പന്നമായ കാപ്പിപ്പൊടി ഫ്രീ റാഡിക്കലുകളെ ചെറുക്കുകയും ആരോഗ്യകരവും തിളക്കവുമുള്ള ചർമ്മത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. മാത്രമല്ല ചർമ്മത്തിലെ കറുത്ത പാടുകൾ ഇല്ലാതാക്കാനും ഇത് മികച്ചതാണ്. ചർമ്മത്തിൻ്റെ ഇലാസ്‌തികത മെച്ചപ്പെടുത്താനും കാപ്പിപൊടിയുടെ ഉപയോഗം ഗുണം ചെയ്യും. സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് കിരണങ്ങൾ മൂലമുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാനും ഇതിലെ ആൻ്റി ഓക്‌സിഡൻ്റുകൾ സഹായിക്കും.
കാപ്പിപ്പൊടി ഒരു ആൻ്റി മൈക്രോബയൽ ഏജൻ്റായി പ്രവർത്തിക്കുന്നതിനാൽ മുഖക്കുരുവും ചർമ്മ പ്രശ്‌നങ്ങൾക്ക് കാരണമാകുന്ന ബാക്‌ടീരിയകളുടെ വളർച്ചയും കുറയ്ക്കും. കാപ്പിയിലെ ക്ലോറോജെനിക് ആസിഡുകൾ പോലുള്ള ആൻ്റി ഓക്‌സിഡൻ്റുകൾ ഫ്രീ റാഡിക്കലുകളെ ചെറുക്കാൻ സഹായിക്കുന്നതിലൂടെ ചർമ്മത്തിൻ്റെ അകാല വർധക്യം തടഞ്ഞ് യുവത്വം നിലനിർത്താൻ ഗുണം ചെയ്യും. ചർമ്മത്തിലെ സ്വാഭാവിക എണ്ണ ഉത്പാദനത്തെ സന്തുലിതമായി നിർത്താനും കാപ്പിപ്പൊടി മുഖത്ത് പ്രയോഗിക്കുന്നത് നല്ലതാണ്. ഇത് ചർമ്മത്തിലെ എണ്ണമയം കുറയ്ക്കാനും മുഖക്കുരു സാധ്യത ഇല്ലാതാക്കാനും സഹായിക്കും.