വാഷിങ്ടൺ : പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ആര് വിജയിച്ചാലും ഇന്ത്യ-യുഎസ് ബന്ധം മുന്നോട്ട് തന്നെ പോകുമെന്ന് യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് പാർട്‌ണർഷിപ്പ് ഫോറം (USISPF) പ്രസിഡന്‍റും സിഇഒയുമായ മുകേഷ് ആഗി. കമല ഹാരിസും ഡൊണാൾഡ് ട്രംപും തമ്മിലുള്ള മത്സരം ഇന്ത്യയെ ബാധിക്കുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്കള്‍ക്കിടയിലാണ് മുകേഷ് ആഗിയുടെ പരാമര്‍ശം. ഇരു രാജ്യങ്ങളും തമ്മിലുള്ള ഭൗമരാഷ്‌ട്രീയ ബന്ധം വളരെ ശക്തമാണെന്ന് ആഗി പിടിഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
'ആര് വന്നാലും എന്താണ് പ്രശ്‌നം? യുഎസിന്‍റെ ഭൗമരാഷ്‌ട്രീയ അഭിലാഷങ്ങള്‍ക്ക് ഇന്ത്യ നിർണായകമായ പങ്കുവഹിക്കുമെന്നത് തുടരുമെന്നാണ് ഞാൻ കരുതുന്നത്. ആക്രമണകാരിയായ ചൈനയുടെ ഉയർച്ചയെ തടയാൻ സഖ്യം ശ്രമിക്കും. ഇത് ഇന്ത്യയുടെ താത്പര്യത്തെക്കൂടെ പരിഗണിച്ചുള്ളതാണ്. ഭൗമരാഷ്‌ട്രീയത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വളരെ ശക്തമാണ്. അതിനാൽ, ട്രംപോ കമല ഹാരിസോ, ആര് വന്നാലും പങ്കാളിത്തം ആ ദിശയിൽ തന്നെ തുടരും.'- മുകേഷ് ആഗി വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് വളരെ അടുത്തെന്നും നിലവില്‍ കമല ഹാരിസിന് അനുകൂലമായ കാറ്റാണ് വീശുന്നതെന്നും ആഗി സൂചിപ്പിച്ചു. വിദേശനയവും ഇന്ത്യ-യുഎസ് ബന്ധവും ട്രംപിന്‍റെയും കമല ഹാരിസിന്‍റെയും നേതൃത്വത്തിൽ ഒരുപോലെ മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ-യുഎസ് ബന്ധം മുന്നോട്ട് കൊണ്ടുപോകുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വഹിച്ച പങ്കിനെ മുകേഷ് ആഗി അഭിനന്ദിച്ചു.
'അമേരിക്കയിലേക്കുള്ള വിസ ഒരുകാലത്ത് നിരസിച്ച പ്രധാനമന്ത്രിയാണ് നിങ്ങൾക്കുള്ളത്. എന്നാല്‍ അദ്ദേഹം വ്യക്തിപരമായ അധിക്ഷേപം മാറ്റിവച്ച് ഇന്ത്യയുടെ വിശാല താത്പര്യങ്ങൾ സംരക്ഷിച്ചു. സാമ്പത്തിക വളർച്ചയ്ക്ക് യുണൈറ്റഡ് സ്റ്റേറ്റ്സ് നിർണായകമാണെന്ന് അദ്ദേഹം മനസിലാക്കി. നിക്ഷേപത്തില്‍ അമേരിക്ക നിർണായകമാണ്. സാങ്കേതികവിദ്യ കൈമാറ്റത്തിന് അമേരിക്ക നിർണായകമാണ്. ആ ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നതിൽ അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചു. പ്രസിഡന്‍റ് ബറാക്ക് ഒബാമയുമായി ചേര്‍ന്ന് വളരെ കഠിനാധ്വാനം ചെയ്‌തു. പിന്നീട് ട്രംപിനൊപ്പവും പിന്നീട് ബൈഡനൊപ്പം പ്രവർത്തിച്ചു.'- ആഗി പറഞ്ഞു.
Also Read:നിര്‍മാണമേഖലയില്‍ 'അമേരിക്ക ഫസ്റ്റ്' അജണ്ട നടപ്പാക്കുമെന്ന് ട്രംപ്; സാമ്പത്തിക ഓഡിറ്റിന് മസ്‌കിന്‍റെ നേതൃത്വത്തില്‍ കമ്മിഷന്‍