വാഷിങ്‌ടൺ :മുംബൈ ഭീകരാക്രമണ കേസ് പ്രതി തഹാവൂർ റാണയെ ഇന്ത്യക്ക് കൈമാറുന്നതിന് അനുമതി നൽകി യുഎസ് സുപ്രീം കോടതി. കീഴ്‌ക്കോടതി ഉത്തരവിനെതിരെ തഹാവൂർ റാണ നൽകിയ അപ്പീൽ ഹർജി തള്ളിയാണ് നിർണായക ഉത്തരവ്. കേസിൽ ശിക്ഷിക്കപ്പെട്ടതിനെതിരായ തഹാവൂർ റാണ നൽകിയ ഹർജി യുഎസ് കോടതി തള്ളുകയായിരുന്നു.
2008ലെ മുംബൈ ഭീകരാക്രമണ കേസിൽ പാകിസ്ഥാൻ വംശജനായ കനേഡിയൻ പൗരന്‍ റാണയെ തങ്ങള്‍ക്ക് കൈമാറണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയിലേക്ക് നാടുകടത്തപ്പെടാതിരിക്കാനുള്ള റാണയുടെ അവസാന നിയമപരമായ അവസരമായിരുന്നു ഇത്. അതേസമയം രണ്ട് രാജ്യങ്ങളും തമ്മിലുള്ള കുറ്റവാളി കൈമാറ്റ ഉടമ്പടി പ്രകാരമാണ് റാണയെ കൈമാറ്റം ചെയ്യുക.
നേരത്തെ, സാൻ ഫ്രാൻസിസ്കോയിലെ യുഎസ് കോടതി ഓഫ് അപ്പീൽസ് ഫോർ ദി നോർത്ത് സർക്യൂട്ട് ഉൾപ്പെടെ നിരവധി ഫെഡറൽ കോടതികളിൽ നടന്ന നിയമയുദ്ധത്തിൽ റാണ പരാജയപ്പെട്ടിരുന്നു. നവംബർ 13ന് റാണ യുഎസ് സുപ്രീം കോടതിയിൽ "റിട്ട് ഓഫ് സെർട്ടിയോരാരിക്ക് വേണ്ടിയുള്ള ഹർജി" ഫയൽ ചെയ്‌തിരുന്നു. എന്നാൽ ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്‍റായി സത്യപ്രതിജ്ഞ ചെയ്‌ത് ഒരു ദിവസത്തിന് ശേഷം ജനുവരി 21ന് സുപ്രീം കോടതി ഈ ഹർജി തള്ളി. റാണ നിലവിൽ ലോസ് ഏഞ്ചൽസിലെ മെട്രോപൊളിറ്റൻ ഡിറ്റൻഷൻ സെന്‍ററിലാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക