ജോര്‍ജിയ: ഇപ്പോള്‍ നടക്കുന്ന തെരഞ്ഞെടുപ്പ് പോരാട്ടം അമേരിക്കയുടെ ഭാവിക്ക് വേണ്ടിയാണെന്ന് ഡെമോക്രാറ്റിക് പ്രസിഡന്‍റ് സ്ഥാനാര്‍ഥിയും വൈസ്പ്രസിഡന്‍റുമായ കമല ഹാരിസ്. ഭാവിയിലും പോരാട്ടം തുടരുമെന്ന് പറഞ്ഞ കമല തെരഞ്ഞെടുപ്പില്‍ വിജയം നേടുമെന്ന ആത്മവിശ്വാസവും പങ്കുവച്ചു.
ജോര്‍ജിയയില്‍ ഒരു റാലിയെ അഭിസംബോധന ചെയ്യവേയാണ് കമലയുടെ വാക്കുകള്‍. ഇനി 68 ദിവസമേ അവശേഷിക്കുന്നുള്ളൂ. സത്യം പറയാനാണ് താന്‍ ഇവിടെ നില്‍ക്കുന്നത്. ഇനി മുന്നിലുള്ളത് കഠിനാദ്ധ്വാനത്തിനുള്ള ദിവസങ്ങളാണ്. കഠിനാദ്ധ്വാനം ഞങ്ങള്‍ക്ക് ഇഷ്‌ടമാണ്. കഠിനാദ്ധ്വാനം എന്നാല്‍ നല്ല അദ്ധ്വാനം എന്നതാണ്.
തന്‍റെ രാഷ്‌ട്രീയ ജീവിതത്തില്‍ ജനങ്ങള്‍ക്ക് വേണ്ടിയാണ് താനെപ്പോഴും നിലകൊണ്ടത്. കടുത്ത പോരാട്ടങ്ങളും തനിക്ക് അന്യമല്ല. താന്‍ ഒരു അഭിഭാഷകയായിരുന്നു. എല്ലാദിവസവും കോടതിയില്‍, ന്യായധിപന്‍മാര്‍ക്ക് മുന്നില്‍ താന്‍ അഭിമാനത്തോടെ നിന്നു. അഞ്ച് വാക്കേ താന്‍ തന്‍റെ തൊഴില്‍ ജീവിതത്തില്‍ ഉടനീളം പറഞ്ഞിട്ടുള്ളൂ-" കമല ഹാരിസ് ജനങ്ങള്‍ക്ക് വേണ്ടി"- അവര്‍ പറഞ്ഞു.
തന്‍റെ മുഴുവന്‍ തൊഴില്‍ ജീവിതത്തിലും തന്‍റെ കക്ഷികള്‍ ജനങ്ങള്‍ മാത്രമാണ്. താന്‍ സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി നിലകൊണ്ടു. അവരെ ചൂഷണം ചെയ്യുന്നവര്‍ക്കെതിരെ നിലപാടുകള്‍ കൈക്കൊണ്ടു. ചൂഷണം ചെയ്യപ്പെടുന്ന വൃദ്ധര്‍ക്ക് വേണ്ടിയും പോരാടി. ഈ പോരാട്ടങ്ങളൊന്നും അത്ര സുഗമമായിരുന്നില്ല. താന്‍ അധികാരത്തിലേറിയ തെരഞ്ഞെടുപ്പ് പോരാട്ടങ്ങളും അത്ര സുഗമമായിരുന്നില്ല.
എന്നാല്‍ ഒരിക്കലും താന്‍ ഇതില്‍ നിന്നൊന്നും പിന്തിരിഞ്ഞില്ല. ഭാവി എന്നും പോരാടുന്നവര്‍ക്കൊപ്പമാണ്. അത് കൊണ്ട് ഇപ്പോഴും പോരാട്ടം തുടരുന്നുവെന്നും അവര്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ തന്‍റെ മന്ത്രിസഭയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്നുള്ളവരെ ഉള്‍പ്പെടുത്തുമെന്ന് നേരത്തെ കമല പറഞ്ഞതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. സിഎന്‍എന്നില്‍ വാല്‍സിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു കമലയുടെ ഈ വെളിപ്പെടുത്തല്‍. അതേസമയം അതാരാകുമെന്ന് അവര്‍ വ്യക്തമാക്കിയിട്ടില്ല.
ജോ ബൈഡന്‍ മത്സരത്തില്‍ നിന്ന് പിന്‍മാറിയതോടെയാണ് കമലയ്ക്ക് പ്രസിഡന്‍റ് സ്ഥാനാര്‍ഥിത്വത്തിന് നറുക്ക് വീണത്. തെരഞ്ഞെടുക്കപ്പെട്ടാല്‍ രാജ്യത്തിന്‍റെ ചരിത്രത്തിലെ ആദ്യ വനിത പ്രസിഡന്‍റ് എന്ന നിയോഗമാണ് കമലയെ കാത്തിരിക്കുന്നത്. പ്രധാന രാഷ്‌ട്രീയ കക്ഷി പ്രസിഡന്‍റ് പദ പോരാട്ടത്തിന് നിയോഗിക്കുന്ന രണ്ടാമത്തെ വനിത കൂടിയാണ് കമല. വൈസ് പ്രസിഡന്‍റ് സ്ഥാനം വഹിച്ച ശേഷം പ്രസിഡന്‍റ് പദത്തിനായി പോരാടുന്ന രണ്ടാമത്തെ വനിതയുമാണ് ഇവര്‍.
Also Read:ട്രംപോ കമലയോ, ആരാകും അടുത്ത അമേരിക്കൻ പ്രസിഡന്‍റ്...? പ്രവചനങ്ങള്‍ ഇങ്ങനെ