വാഷിങ്ടൺ: ഡ്രോണ്‍ ആക്രമണത്തില്‍ തങ്ങളുടെ മൂന്ന് സൈനീകര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ തിരിച്ചടിയാരംഭിച്ച് അമേരിക്ക. ഇറാഖിലും സിറിയയിലും ഇറാനുമായി ബന്ധപ്പെട്ട 85 കേന്ദ്രങ്ങളിൽ യുഎസ് സൈന്യം കനത്ത വ്യോമാക്രമണം നടത്തി. ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു അമേരിക്കയുടെ ആക്രമണം. തിരിച്ചടി 30 മിനിറ്റോളം നീണ്ടുനിന്നു (US Launches Retaliatory Strikes on Iran linked Militia).
അക്രമണത്തിനുപിന്നാലെ പശ്ചിമേഷ്യയിൽ യുഎസ് സംഘർഷം ആഗ്രഹിക്കുന്നില്ലെന്നും ഏതെങ്കിലും അമേരിക്കക്കാരനെ അപായപ്പെടുത്തിയാൽ രാജ്യം അത് നേരിടുമെന്നും പ്രസിഡൻ്റ് ജോ ബൈഡൻ തുറന്നടിച്ചു. "യുണൈറ്റഡ് സ്‌റ്റേറ്റ്സ് മിഡിൽ ഈസ്‌റ്റിലോ ലോകത്തെ മറ്റെവിടെയെങ്കിലുമോ സംഘർഷം ആഗ്രഹിക്കുന്നില്ല. എന്നാൽ ഞങ്ങളെ ഉപദ്രവിക്കാൻ ശ്രമിക്കുന്ന എല്ലാവരും ഇത് അറിയണം, നിങ്ങൾ ഒരു അമേരിക്കക്കാരനെ ഉപദ്രവിച്ചാൽ ഞങ്ങൾ പ്രതികരിക്കും." ബൈഡൻ വ്യക്‌തമാക്കി.
അതേസമയം ഞായറാഴ്‌ച തങ്ങളുടെ സൈനികർ കൊല്ലപ്പെട്ട ആക്രമണത്തിനുള്ള ആദ്യ മറുപടി മാത്രമാണിതെന്നും ഇത് ലക്ഷ്യം കാണുന്നതുവരെ തുടരുമെന്നും വൈറ്റ് ഹൗസ് പുറത്തിറക്കിയ വാർത്താ കുറിപ്പിൽ വ്യക്തമാക്കി. ഞായറാഴ്‌ച ജോർദാനിലെ യുഎസ് സൈനിക ഔട്ട്‌പോസ്‌റ്റിൽ ഇറാൻ പിന്തുണയുള്ള തീവ്രവാദികൾ നടത്തിയ ഡ്രോൺ ആക്രമണത്തില്‍ മൂന്ന് യുഎസ് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. 40-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. കൊല്ലപ്പെട്ട സൈനികരെ ആദരിക്കുന്ന ചടങ്ങിൽ പ്രസിഡൻ്റ് ജോ ബൈഡൻ പങ്കെടുക്കുകയും, അവരുടെ കുടുംബാംഗങ്ങളെ കാണുകയും ചെയ്‌തതിന് തൊട്ടുപിന്നാലെയാണ് സൈന്യം തിരിച്ചടിയാരംഭിച്ചത്.