ഫ്ലോറിഡ: അതിതീവ്ര ചുഴലിക്കാറ്റ് മിൽട്ടൻ കരതൊട്ടു. ഫ്ലോറിഡയിലെ സിയെസ്റ്റ കീ നഗരത്തിലാണ് മിൽട്ടനെത്തിയത്. 160 കിലോമീറ്റർ വേഗതയിലാണ് ചുഴലിക്കാറ്റ് വീശുന്നത്. ഫ്ളോറിഡയുടെ തീരപ്രദേശത്ത് കനത്ത മഴ പെയ്യുന്നുണ്ട്. ലക്ഷക്കണക്കിന് ആളുകൾ വീടൊഴിഞ്ഞു സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറി. ആറ് വിമാനത്താവളങ്ങൾ അടച്ചു. വിമാന സർവീസുകളും റദ്ദാക്കി. വെള്ളപ്പൊക്കത്തിനും മിന്നൽ പ്രളയത്തിനും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്,
160 കിലോമീറ്റർ വേഗതയിലാണ് കാറ്റഗറി 3ചുഴലിക്കാറ്റായി മിൽട്ടണ്‍ കര തൊട്ടത്. 205 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. മിൽട്ടണെ നേരിടാൻ വലിയ മുന്നൊരുക്കങ്ങളാണ് ഫ്ലോറിഡയിൽ നടത്തിയത്. മുൻകരുതലിന്‍റെ ഭാഗമായി ഫ്ലോറിഡയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 2005ലെ റീത്ത ചുഴലിക്കാറ്റിനുശേഷം ഏറ്റവും പ്രഹരശേഷിയുള്ള കൊടുങ്കാറ്റായിരിക്കും മിൽട്ടണ്‍ എന്നാണ് പ്രവചനം. സുരക്ഷ മുൻനിർത്തി ജനങ്ങളോട് വീടുകളിൽ നിന്ന് ഒഴിഞ്ഞുപോകാൻ ഗവർണർ റോൺ ഡി സാന്റിസ് നിർദേശം നൽകിയിരുന്നു. ലക്ഷക്കണക്കിന് പേർ വൈദ്യുത ബന്ധം നഷ്‌ടമായി ഇരുട്ടിലാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഫ്ലോറിഡയിലും പരിസര പ്രദേശങ്ങളിലും കനത്ത നാശം വിതച്ച ഹെലീൻ ചുഴലിക്കൊടുങ്കാറ്റിന് പിന്നാലെയാണ് മിൽട്ടണ്‍ എത്തിയത്. അമേരിക്കയിലെ തെക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ആഞ്ഞടിച്ച ഹെലീൻ 160 ലധികം മനുഷ്യ ജീവൻ കവർന്നിരുന്നു. നോർത്ത് കരോലിനയിൽ മാത്രം 73 പേരുടെ ജീവനാണ് പൊലിഞ്ഞത്. സൗത്ത് കരോലിനയിൽ 36 പേർക്ക് ജീവൻ നഷ്‌ടമായിരുന്നു. ജോർജിയയിൽ 25 പേരും ഫ്ലോറിഡയിൽ 17 പേരും ടെന്നേസിയിൽ ഒൻപത് പേരും മരിച്ചു.
നൂറ്റാണ്ടു കണ്ട ഏറ്റവും വിനാശകാരിയായ ചുഴലിക്കാറ്റായിരിക്കും മിൽട്ടനെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡൻ മുന്നറിയിപ്പ് നൽകിയിരുന്നു. കരതൊടുമ്പോള്‍ 120 മൈല്‍ വേഗത്തിലേക്ക് മില്‍ട്ടന്‍റെ ശക്തി കുറഞ്ഞിരുന്നു. നാളെയോടെ അറ്റ്ലാന്‍റിക് സമുദ്രത്തിലേക്ക് കടന്ന് ഉഷ്‌ണമേഖലാ വാതമായി തീര്‍ത്തും ദുര്‍ബലമാകുമെന്നാണ് വിലയിരുത്തല്‍
ഇതിനിടെ ഫ്ലോറിഡയിലെ വാതക കേന്ദ്രങ്ങളില്‍ ഇന്ധനം പൂര്‍ണമായും തീര്‍ന്ന നിലയിലാണ്. താമ്പ ബേ, സെന്‍റ് പീറ്റേഴ്‌സ് ബര്‍ഗ്, തുടങ്ങിയ സ്ഥലങ്ങളില്‍ കനത്ത ഇന്ധന ക്ഷാമം അനുഭവപ്പെടുന്നുണ്ട്. 51 കൗണ്ടികളില്‍ സുരക്ഷ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വൈദ്യുതി നിലയ്ക്കാന്‍ സാധ്യതയുള്ളതിനാല്‍ വേണ്ട മുന്‍ കരുതലുകള്‍ കൈക്കൊള്ളണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. ഒരാഴ്‌ചത്തെക്കുള്ള ഭക്ഷണവും വെള്ളവും കരുതണമെന്നും ആവശ്യമെങ്കില്‍ വീടുകള്‍ മാറാന്‍ തയാറായിരിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചിരുന്നു.
Also Read:രത്തൻ ടാറ്റ എന്ന മനുഷ്യ സ്‌നേഹി, സമ്പത്തിന്‍റെ ഭൂരിഭാഗവും ചെലവഴിച്ചത് ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്, രാജ്യത്തിന്‍റെ പ്രിയങ്കരൻ വിടപറയുമ്പോള്‍