ബെയ്‌റൂത്ത്: തെക്കൻ ലെബനനിൽ ഇസ്രയേൽ ഇന്നലെ (വ്യാഴാഴ്‌ച) നടത്തിയ വ്യോമാക്രമണത്തിൽ അഞ്ച് യുഎൻ സമാധാന സേനാംഗങ്ങൾക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്. ആക്രമണത്തില്‍ മൂന്ന് സിവിലിയൻമാര്‍ കൊല്ലപ്പെട്ടതായി യുഎൻ അറിയിച്ചു. ലെബനനിലെ സിഡോൺ നഗരത്തിലാണ് ഇന്നലെ ആക്രമണമുണ്ടായത്.
ബുധനാഴ്‌ച ഇസ്രയേലിലെ പ്രധാന അന്താരാഷ്‌ട്ര വിമാനത്താവളത്തിന് സമീപമുള്ള സൈനിക താവളത്തിന് നേരെ മിസൈൽ ആക്രമണം നടത്തിയതായി ഹിസ്ബുള്ള പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ഇസ്രയേല്‍ ആക്രമണം. അതേസമയം, സംഭവത്തെക്കുറിച്ച് ഇസ്രയേൽ പ്രതികരിച്ചിട്ടില്ല.
ഗാസയിൽ അഭയാര്‍ഥികള്‍ താമസിക്കുന്ന സ്‌കൂളിലും ഇന്നലെ ഇസ്രയേൽ വ്യോമാക്രമണം നടത്തിയിരുന്നു. ആക്രമണത്തില്‍ 12 പേർ കൊല്ലപ്പെട്ടതായാണ് സിവിൽ ഡിഫൻസ് ഏജൻസി അറിയിച്ചത്. ഒരു ടൺ ഭാരമുള്ള എഫ് -16 ജെറ്റുകളും മിസൈലുകളും മനുഷ്യരെ കീറിയെറിയുകയായിരുന്നു എന്ന് ആക്രമണത്തിന് സാക്ഷിയായ ഇബ്രാഹിം അൽ-മധൂൻ വാര്‍ത്താ ഏജന്‍സികളോട് പറഞ്ഞു.