ന്യൂഡല്‍ഹി: റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷത്തില്‍ ഉടന്‍ ഒരു ചര്‍ച്ചയ്‌ക്ക് സാധ്യതയില്ലെന്ന് ഇന്ത്യയിലെ റഷ്യൻ പ്രതിനിധി ഡെനിസ് അലിപോവ്. എന്നാല്‍ സ്വീകാര്യമായ വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ കീവുമായി ചര്‍ച്ച നടത്താന്‍ മോസ്കോ തയ്യാറാണെന്നും ഡെനിസ് അലിപോവ് പറഞ്ഞു. ബ്രിക്‌സിലെ ഒരു സെക്ഷനിടയില്‍ സ്‌പുട്‌നിക് വാർത്ത ഏജൻസി ഉയര്‍ത്തിയ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
അത്തരത്തിലുളള ചര്‍ച്ചകള്‍ ഉണ്ടാകാന്‍ നിലവില്‍ സാധ്യത കാണുന്നില്ല. പക്ഷേ ഒത്തുതീര്‍പ്പാക്കാനുളള സാധ്യതയുണ്ടെങ്കില്‍ ചര്‍ച്ച ചെയ്യാന്‍ തങ്ങള്‍ തയ്യാറാണെന്നും അലീപോവ് പറഞ്ഞു. യുക്രെയ്‌നിലെ റഷ്യക്കാരുടെയും റഷ്യൻ വംശജരായ യുക്രേനിയൻ പൗരന്മാരുടെയും സുരക്ഷയും സംരക്ഷണവും ഉറപ്പാക്കാനുളള റഷ്യയുടെ താത്‌പര്യങ്ങള്‍ മുന്‍നിര്‍ത്തി വേണം ചര്‍ച്ച നടത്താന്‍. സ്വീകാര്യമായ ഒരു അടിസ്ഥാനമുണ്ടെങ്കിൽ വ്‌ളോഡിമർ സെലെൻസ്‌കിയുമായോ മറ്റേതെങ്കിലും വ്യക്തിയുമായോ കൂടിയാലോചനകൾ നടത്താം. ആരുമായാണ് ചര്‍ച്ച നടത്തേണ്ടത് എന്ന ചോദ്യത്തിന് ഇപ്പോള്‍ ഉത്തരം നല്‍കുന്നില്ലെന്നും അലിപോവ് പറഞ്ഞു.
അടുത്ത് തന്നെ പുതിയ ലോകക്രമം ഉണ്ടാകുമോ എന്ന ചോദ്യത്തിന്, തര്‍ക്ക പരിഹാരത്തിനുള്ള ഒരു പ്രധാന വേദിയാകാൻ ബ്രിക്‌സിന് കഴിവുണ്ടെന്ന് വിശ്വസിക്കുന്നതായി അലിപോവ് പറഞ്ഞു. നിലവിലുള്ളതോ ഭാവിയില്‍ ഉണ്ടാകാന്‍ സാധ്യതയുളളതോ ആയ പ്രശ്‌നങ്ങള്‍ പരിഹരിക്കാൻ ബ്രിക്‌സിന് കഴിയുമോ എന്ന കാര്യം കണ്ടറിയണം. എന്നാല്‍ വളർന്നുവരുന്ന സമ്പദ്‌വ്യവസ്ഥകളുടെ ഗ്രൂപ്പായ ബ്രിക്‌സ് പുതിയ ലോക യാഥാർഥ്യങ്ങളുടെ പ്രതിഫലനമാണെന്നും അലിപോവ് പറഞ്ഞു.