അങ്കാറ: വടക്കുപടിഞ്ഞാറന്‍ തുര്‍ക്കിയിലെ സ്‌കീ റിസോര്‍ട്ടിലെ ഹോട്ടലില്‍ ചൊവ്വാഴ്‌ച പുലർച്ചെയുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 76 ആയി. ബോലു പ്രവിശ്യയില്‍ 12 നിലകളുള്ള ഗ്രാന്‍റ് കര്‍ത്താല്‍ ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്. തീയില്‍ നിന്നും രക്ഷപ്പെടുന്നതിനായി കെട്ടിടത്തില്‍ നിന്നും ചാടിയ രണ്ട് പേരും മരിച്ചവരുടെ കൂട്ടത്തിലുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഇസ്‌താംബൂളിൽ നിന്ന് ഏകദേശം 300 കിലോമീറ്റർ (185 മൈൽ) കിഴക്കാണ് ബൊലു പ്രവിശ്യ. തീപിടുത്തത്തിൽ കുറഞ്ഞത് 51 പേർക്ക് പരിക്കേറ്റതായി ആഭ്യന്തര മന്ത്രി അലി യെർലികായ പറഞ്ഞു. മരിച്ച 76 പേരിൽ 45 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റുള്ളവരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സ്‌കൂളുകൾക്ക് രണ്ടാഴ്‌ചത്തെ ശൈത്യകാല അവധി ആരംഭിക്കുന്നതിനിടയിലാണ് തീപിടുത്തമുണ്ടായത്. ഇതിനാല്‍ തന്നെ ഈ സമയത്ത് മേഖലയിലെ ഹോട്ടലുകളില്‍ വലിയ തിരക്കായിരുന്നു. രജിസ്റ്റർ ചെയ്‌ത 238 അതിഥികളായിരുന്നു ഹോട്ടലിൽ ഉണ്ടായിരുന്നുത്. സംഭവത്തിന് പിന്നിലെ കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുമെന്നും അലി യെർലികായ പറഞ്ഞു.
"ഞങ്ങളുടെ ഹൃദയം തകർന്നിരിക്കുന്നു. ഞങ്ങൾ ദുഃഖത്തിലാണ്. എന്നാൽ ഈ വേദനയ്ക്ക് കാരണക്കാര്‍ ആരായാലും അവർ ശിക്ഷിക്കപ്പെടുക തന്നെ ചെയ്യും"- അലി യെർലികായ വ്യക്തമാക്കി.
ചൊവ്വാഴ്‌ച പുലര്‍ച്ചെ 3:27- നാണ് തീപിടിത്തം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. 4:15 മുതല്‍ക്ക് തന്നെ അഗ്നിശമന തീയണയ്‌ക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിരുന്നു. ഹോട്ടലിന്‍റെ റസ്റ്റോറന്‍റില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് കരുതുന്നത്. ഇതു അന്വേഷിക്കാൻ സർക്കാർ ആറ് പ്രോസിക്യൂട്ടർമാരെ നിയമിച്ചിട്ടുണ്ട്. അന്വേഷണത്തിന്‍റെ ഭാഗമായി ഒമ്പത് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും യെർലികായ കൂട്ടിച്ചേര്‍ത്തു.
അന്വേഷണത്തിൽ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തവരിൽ ഹോട്ടലിന്‍റെ ഉടമയും ഉൾപ്പെട്ടിട്ടുണ്ടെന്ന് നീതിന്യായ മന്ത്രി യിൽമാസ് തുങ്ക് നേരത്തെ പറഞ്ഞിരുന്നു. തിരിച്ചറിഞ്ഞവരുടെ മൃതദേഹങ്ങൾ അവരുടെ കുടുംബങ്ങൾക്ക് കൈമാറിയതായി ആരോഗ്യമന്ത്രി കെമാൽ മെമിസോഗ്ലു അറിയിച്ചു. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണെന്നും 17 പേരെ ചികിത്സിച്ച് വിട്ടയച്ചതായും ആരോഗ്യമന്ത്രി പറഞ്ഞു.
ALSO READ:ഇന്ത്യയുമായി ഒരുമിച്ചു പ്രവര്‍ത്തിക്കാൻ ട്രംപ് 2.0 ഭരണകൂടം; ഏതൊക്കെ മേഖലകളില്‍ കൈകോര്‍ക്കുമെന്ന് വിശദമായി അറിയാം - TRUMP 2 READY TO WORK WITH INDIA
അതേസമയം രാജ്യത്തെ നടുക്കിയ സംഭവത്തില്‍ തുർക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് എര്‍ദോഗന്‍ ബുധനാഴ്‌ച ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. വിദേശത്തുള്ള സർക്കാർ കെട്ടിടങ്ങളിലെയും തുർക്കി നയതന്ത്ര ദൗത്യങ്ങളിലെയും ഉള്‍പ്പെടെയുള്ള എല്ലാ പതാകകളും പകുതി താഴ്ത്തിക്കെട്ടുമെന്ന് അദ്ദേഹം അറിയിച്ചിരുന്നു.