കേരളം

kerala

ETV Bharat / international

ട്രംപിന്‍റെ വിജയവും പശ്ചിമേഷ്യന്‍ യുക്രെയ്ന്‍ സംഘര്‍ഷങ്ങളും - TRUMPS VICTORY AND RUSSIA UKRAINE

അമേരിക്കൻ പ്രസിഡന്‍റായി ട്രംപ് അധികാരത്തിലെത്തുമ്പോൾ പശ്ചിമേഷ്യന്‍ യുക്രെയ്ന്‍ മേഖലകളിൽ എന്ത് മാറ്റമാണ് പ്രതീക്ഷിക്കാം? യുക്രെയ്ന്‍ യുദ്ധം തനിക്ക് 24 മണിക്കൂറിനകം അവസാനിപ്പിക്കാനാകുമെന്ന് ട്രംപിന്‍റെ നേരത്തെയുള്ള വാഗ്‌ദാനത്തിലേക്ക് ഉറ്റുനോക്കി ലോക രാജ്യങ്ങള്‍.

US PRESIDENTIAL ELECTION 2024  DONALD TRUMP VICTORY  UKRAINE AND MIDDLE EAST CONFLICTS  പശ്ചിമേഷ്യന്‍ യുക്രെയ്ന്‍ സംഘര്‍ഷം
Donald Trump (AFP)

By ETV Bharat Kerala Team

Published : Nov 6, 2024, 8:28 PM IST

മേരിക്കയുടെ 47ാമത് പ്രസിഡന്‍റായി ഡൊണാള്‍ഡ് ട്രംപ് എത്തുമ്പോള്‍ ലോകത്തെ രണ്ട് സംഘര്‍ഷ മേഖലകള്‍ ഉറ്റുനോക്കുകയാണ്. ട്രംപിസം തങ്ങളുടെ ദുരിത ജീവിതത്തെ എങ്ങനെ മാറ്റി മറിക്കുമെന്ന്. അതില്‍ ഏറ്റവും മുഖ്യം യുക്രെയ്ന്‍ തന്നെ. യുക്രെയ്ന്‍ തലസ്ഥാനമായ കീവ് പിടിക്കാന്‍ റഷ്യന്‍ സൈന്യം ഇരച്ചെത്തിയപ്പോള്‍ വ്ലാഡിമര്‍ സെലന്‍സ്‌കിയും യുക്രെയ്‌നും പിടിച്ചുനിന്നത് നാറ്റോ നല്‍കിയ സൈനിക പ്രതിരോധ സഹായം കൊണ്ട് മാത്രമായിരുന്നു. നാറ്റോ അംഗമല്ലാതിരുന്നിട്ട് കൂടി യുക്രെയ്‌നിന് നാറ്റോ പ്രതിരോധ സഹായം നല്‍കുന്നതിനോട് ശക്തമായ വിയോജിപ്പ് പ്രകടമാക്കിയ ലോക നേതാവാണ് ഡൊണാള്‍ഡ് ട്രംപ്.

ചിതറിത്തെറിച്ച് പോകുമായിരുന്ന യുക്രെയ്‌നിന് നാറ്റോ സഹായം നല്‍കി സൈനികമായി പിടിച്ചുനില്‍ക്കാന്‍ കെൽപ്പുണ്ടാക്കിയതിനോട് ട്രംപിന് എതിര്‍പ്പാണ്. ട്രംപിന്‍റെ പുതിയ വിദേശനയം ഇനിയും വരാനിരിക്കുന്നതേയുള്ളൂവെങ്കിലും റഷ്യന്‍ പ്രസിഡന്‍റുമായി അദ്ദേഹത്തിനുള്ള അടുത്ത സൗഹൃദത്തിന്‍റെ കൂടി പശ്ചാത്തലത്തില്‍ അമേരിക്കയുടെ നിലപാട് ഊഹിക്കാവുന്നതാണ്.

യുക്രെയ്ന്‍ യുദ്ധം തനിക്ക് 24 മണിക്കൂറിനകം അവസാനിപ്പിക്കാനാകുമെന്ന് ട്രംപ് സിഎന്‍എന്നിലൂടെ അവകാശപ്പെട്ടത് 2023ലായിരുന്നു. 'അവര്‍ മരിച്ചു വീഴുകയാണ് റഷ്യക്കാരും യുക്രേനികളും. അവര്‍ മരിച്ച് വീഴുന്നത് അവസാനിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞാനത് ചെയ്യും. യുദ്ധം 24 മണിക്കൂറിനുള്ളില്‍ അവസാനിപ്പിക്കാന്‍ എനിക്കാവും' എന്ന് ട്രംപ് അന്ന് പറഞ്ഞു. താന്‍ പുടിനെയും സെലന്‍സ്‌കിയേയും കാണുമെന്നും ട്രംപ് പ്രസ്‌താവിച്ചിരുന്നു.

അമേരിക്കന്‍ പ്രസിഡന്‍റായി ട്രംപ് വീണ്ടുമെത്തുമ്പോള്‍ എന്തൊക്കെയാണ് ഈ മേഖലയില്‍ പ്രതീക്ഷിക്കാനാവുക. തീര്‍ച്ചയായും അദ്ദേഹം റഷ്യയുടേയും യുക്രെയ്‌നിന്‍റെയും രാഷ്ട്രത്തലവന്മാരെ കാണും. ആയുധം താഴെ വയ്ക്കാ‌നും തത്‌സ്ഥിതി തുടരാനുമുള്ള നിര്‍ദേശമാവും അമേരിക്കന്‍ പ്രസിഡന്‍റെന്ന നിലയില്‍ ട്രംപ് നല്‍കാനിടയുള്ളതെന്ന് എബിസി ന്യൂസ് (ഓസ്ട്രേല്യന്‍ ബ്രോഡ്‌കാസ്‌റ്റിങ് കോര്‍പറേഷന്‍) ഗ്ലോബല്‍ അഫയേഴ്‌സ് എഡിറ്റര്‍ ജോണ്‍ ലിയോണ്‍സ് പറയുന്നു. അത്തരത്തിലൊരു നിര്‍ദേശം തിരിച്ചടിയാവുക യുക്രെയ്‌നിനായിരിക്കും. വെടിനിര്‍ത്തല്‍ അംഗീകരിച്ചാല്‍ യുക്രെയ്‌നിന് കണ്ണടച്ച് തുറക്കുന്നതിനിടയില്‍ തങ്ങളുടെ രാജ്യത്തിന്‍റെ അഞ്ചിലൊന്ന് ഭൂഭാഗം നഷ്‌ടമാകും.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

തങ്ങളുടെ രാജ്യത്തിന്‍റെ 20 ശതമാനത്തോളം ഭൂഭാഗത്തേക്ക് റഷ്യ കടന്നുകയറിയതിനെതിരെയാണ് വര്‍ഷങ്ങളായി ജീവന്‍ കൊടുത്തും യുക്രെയ്‌ന്‍കാര്‍ പ്രതിരോധിച്ച് കൊണ്ടിരിക്കുന്നത്. പതിനായിരങ്ങളുടെ ജീവന്‍ നഷ്‌ടമായ യുദ്ധമുഖത്ത് നില്‍ക്കുമ്പോള്‍ അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ നിര്‍ദേശം അനുസരിച്ച് തങ്ങളുടെ ഭൂമി വിട്ടുകൊടുത്ത് കൊണ്ടുള്ള ഒരു ഒത്തുതീര്‍പ്പ് യുക്രെയ്‌നിനകത്ത് വലിയ പ്രതിസന്ധിക്കും സംഘര്‍ഷങ്ങള്‍ക്കും വഴിവയ്ക്കും.

തീവ്ര ദേശീയവാദികളായ യുക്രെയ്‌നുകാര്‍ സ്വന്തം മണ്ണ് റഷ്യക്ക് അടിയറ വയ്ക്കുന്നതിനെ അനുകൂലിക്കാന്‍ ഇടയില്ല. പക്ഷേ നാറ്റോ നല്‍കി വരുന്ന പ്രതിരോധ സാമ്പത്തിക സഹായങ്ങള്‍ നിര്‍ത്താന്‍ ട്രംപ് സമ്മര്‍ദ്ദം ചെലുത്തുന്നതോടെ യുക്രെയ്‌നിന് യുദ്ധം തുടര്‍ന്ന് കൊണ്ടുപോകാനാവാത്ത സാഹചര്യം വരും.

"പ്രവചനാതീതമാണ് ട്രംപിന്‍റെ രീതികള്‍. 24 മണിക്കൂർ കൊണ്ട് യുദ്ധം അവസാനിപ്പിക്കും എന്നും മറ്റുമുള്ള അവകാശവാദങ്ങള്‍ എത്രത്തോളം യാഥാര്‍ഥ്യമാകുമെന്ന് അറിയില്ല. ജനങ്ങളുടെ കൈയ്യടി നേടാനുള്ള പ്രഖ്യാപനമെന്ന് തള്ളിക്കളയാനുമാവില്ല. ഒന്നുകില്‍ സ്വന്തം ഭൂമി വിട്ടുനല്‍കി വിട്ടുവീഴ്‌ചയ്ക്ക് തയാറാവുക. അല്ലെങ്കില്‍ നാറ്റോ അംഗത്വമെന്ന ആഗ്രഹം ഉപേക്ഷിക്കുക എന്ന നിലയിലേക്ക് യുക്രെയ്‌നിനെ അദ്ദേഹം സമ്മര്‍ദ്ദത്തിലാക്കാനാണ് സാധ്യത" - ജോണ്‍ ലിയോണ്‍സ് പറയുന്നു.

സൈന്യം പിന്‍വാങ്ങുന്ന സ്ഥലങ്ങള്‍ ചേര്‍ത്ത് സ്വയംഭരണ പ്രദേശം രൂപീകരിക്കുക. യുക്രെയ്‌നിനുള്ള നാറ്റോ സഹായം നിര്‍ത്തുക എന്ന ദ്വിമുഖ പദ്ധതി നേരത്തേ തന്നെ ട്രംപ് ക്യാമ്പ് തയാറാക്കിയിരുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥി ജെഡി വാന്‍സ് തന്നെയായിരുന്നു ഈ പദ്ധതിയുടെ സൂത്രധാരന്‍.

അമേരിക്കയുടെ സൈനികസഹായം നഷ്‌ടമായാല്‍ യുദ്ധത്തില്‍ പിടിച്ചുനില്‍ക്കാന്‍ യുക്രെയ്‌നിനാവില്ല. ഏപ്രിലില്‍ അനുവദിക്കാന്‍ തീരുമാനിച്ച 60 ബില്യണ്‍ ഡോളറിന്‍റെ സഹായം കോണ്‍ഗ്രസിന്‍റെ എതിര്‍പ്പ് കൊണ്ടു മാത്രം വൈകുന്നതും കാണാതിരുന്നു കൂടാ. യുക്രെയ്‌നിനെ നാറ്റോയില്‍ ഉള്‍പ്പെടുത്തില്ലെന്ന ഉറപ്പ് റഷ്യക്ക് ലഭിക്കുമെന്ന് ജെഡി വാന്‍സ് നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. ഭാവിയില്‍ തങ്ങളുടെ രാജ്യത്തേക്ക് റഷ്യന്‍ അധിനിവേശം ഉണ്ടാകാതിരിക്കാനുള്ള കരുതലിനായി യുക്രെയ്‌ന്‍ കണ്ട നാറ്റോ പ്രവേശനം എന്ന വഴിയും അതോടെ അടയും. ജോ ബൈഡന്‍റെ കാലത്ത് റഷ്യക്കെതിരെ ഏര്‍പ്പെടുത്തിയ ഉപരോധങ്ങളെല്ലാം നീക്കി അവരുമായി നല്ല സൗഹൃദത്തിനാകും ട്രംപ് ശ്രമിക്കുക.

പശ്ചിമേഷ്യന്‍ നയം:പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്‍റെ കാര്യത്തിലും ട്രംപിന്‍റെ നിലപാട് വ്യക്തതയുള്ളതാണ്. ഇക്കഴിഞ്ഞ ജൂലൈയില്‍ ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായുള്ള കൂടിക്കാഴ്‌ചയില്‍ ഹമാസിന് മേല്‍ ഇസ്രായേലിന്‍റെ വിജയം അത്യന്താപേക്ഷിതമാണെന്ന് ട്രംപ് അറത്തുമുറിച്ചു പറഞ്ഞിരുന്നു.

ഗാസയിലെ കൂട്ടക്കുരുതികള്‍ അവസാനിപ്പിക്കേണ്ടത് തന്നെയാണെന്നതില്‍ ട്രംപിന് രണ്ടുപക്ഷമില്ല. പക്ഷേ ഹമാസിന്‍റെ വെല്ലുവിളി അവസാനിപ്പിക്കുന്നതില്‍ അദ്ദേഹം നെതന്യാഹുവിനൊപ്പമാണ്. മുമ്പ് അമേരിക്കന്‍ പ്രസിഡന്‍റ് പദത്തിലിരുന്നപ്പോൾ ട്രംപ് എടുത്ത നിലപാടുകളും ഇസ്രയേലിന് അനുകൂലമായിരുന്നു. പലസ്‌തീനികളുടെ കടുത്ത എതിര്‍പ്പിനിടയിലും തര്‍ക്ക നഗരമായ ജെറുസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി അംഗീകരിക്കാന്‍ ട്രംപ് ഭരണകൂടം തയാറായിരുന്നു.

Also Read:ശമ്പളത്തില്‍ അമേരിക്കന്‍ പ്രസിഡന്‍റ് മൂന്നാമന്‍; ട്രംപിന് എന്ത് കിട്ടും ശമ്പളമായി?

ABOUT THE AUTHOR

...view details