വാഷിങ്ടണ്‍: വാശിയേറിയ തെരഞ്ഞെടുപ്പിനൊടുവില്‍ അമേരിക്കന്‍ തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ ഡൊണാള്‍ഡ് ട്രംപ് വിജയം കൊയ്‌തു. അമേരിക്കയുടെ 47ാമത് പ്രസിഡന്‍റായി ട്രംപ് ചുമതലയേല്‍ക്കുമ്പോള്‍ സ്വാഭാവികമായും ജനങ്ങളറിയാന്‍ ആഗ്രഹിക്കുന്ന നിരവധി കാര്യങ്ങളിലൊന്നാണ് അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ ശമ്പളം എത്രയെന്നത്. റിപ്പബ്ലിക്കായാലും ഡെമോക്രാറ്റായാലും പ്രസിഡന്‍റിന്‍റെ ശമ്പളക്കാര്യത്തില്‍ അനുഭാവപൂര്‍ണ്ണമായ ഒരു പരിഗണനയും സമീപനവും ലഭിക്കാത്ത രാജ്യമാണ് അമേരിക്കയെന്ന് പറയേണ്ടിവരും. കഴിഞ്ഞ 23 വര്‍ഷത്തിനിടെ ലോകത്ത് പല മാറ്റങ്ങളും ഉണ്ടായിട്ടും അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ ശമ്പളം മാത്രം മാറിയിട്ടില്ല.
അമേരിക്കന്‍ പ്രസിഡന്‍റുമാര്‍ക്ക് ലഭിക്കുന്ന വാര്‍ഷിക ശമ്പളം ഏതാണ്ട് 4 ലക്ഷം ഡോളര്‍ വരും. അതായത് ഇന്ത്യന്‍ രൂപയില്‍ പറഞ്ഞാല്‍ ഏതാണ്ട് 3.36 കോടി രൂപ. ഈ അടിസ്ഥാന ശമ്പളത്തിന് പുറമെ 50,000 അമേരിക്കന്‍ ഡോളര്‍ അഥവാ 42 ലക്ഷം രൂപ പ്രസിഡന്‍റിന്‍റെ ഔദ്യോഗിക ചുമതലകള്‍ നിറവേറ്റുന്നതിനുള്ള ചെലവുകള്‍ക്കായി വേറേയും ലഭിക്കും. അതിഥി സത്‌ക്കാരം, മറ്റ് വിനോദ ചെലവുകള്‍ എന്നിവയടക്കം ഇതില്‍പ്പെടും.
കൗതുകകരം അമേരിക്കന്‍ രീതികള്‍:ഒരു പുതിയ പ്രസിഡന്‍റ് ചുമതലയേല്‍ക്കുമ്പോള്‍ ഒറ്റത്തവണയായി ഒരു ലക്ഷം അമേരിക്കന്‍ ഡോളര്‍ അതായത് 82 ലക്ഷം രൂപ പ്രാഥമിക ചെലവുകള്‍ക്കായി അനുവദിക്കും. ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസും ഓഫിസും മോടികൂട്ടുന്നതിനും പുതുക്കിപ്പണിയുന്നതിനും അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനുമൊക്കെയാണ് ഈ തുക.
ശമ്പള വര്‍ധന:1789ല്‍ അമേരിക്ക രൂപം കൊള്ളുമ്പോള്‍ പ്രസിഡന്‍റിന്‍റെ ശമ്പളം 25000 ഡോളറായിരുന്നു. അതില്‍പ്പിന്നെ വളരെ ചുരുക്കം തവണ മാത്രമാണ പ്രസിഡന്‍റിന്‍റെ ശമ്പള പരിഷ്‌കരണം നടന്നത്. 1873ല്‍ ഇത് 50,000 ഡോളറായി ഉയര്‍ത്തി. 1909ല്‍ പ്രസിഡന്‍റിന്‍റെ ശമ്പളം 75,000 ഡോളറാക്കി. 1949ല്‍ അത് ഒരു ലക്ഷം ഡോളറായി. 1969ല്‍ 2 ലക്ഷം ഡോളറായും 2001ല്‍ 4 ലക്ഷം ഡോളറായും ഉയര്‍ത്തി.
താരതമ്യം:ലോകത്ത് ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്ന രാഷ്ട്രത്തലവന്‍ സിംഗപ്പൂര്‍ പ്രസിഡന്‍റാണ്. 1.61 ദശലക്ഷം ഡോളറാണ് സിംഗപ്പൂര്‍ പ്രസിഡന്‍റിന്‍റെ ശമ്പളം. ഏതാണ്ട് പ്രതി വര്‍ഷം 13.44 കോടി രൂപ. ഹോങ്കോങ്ങിലെ ചീഫ് എക്‌സിക്യൂട്ടീവാണ് രണ്ടാമത് ഏറ്റവും കൂടുതല്‍ ശമ്പളം പറ്റുന്നയാള്‍. പ്രതിവര്‍ഷം 5.5 കോടിയാണ് ഹോങ്കോങ്ങിലെ ഭരണത്തലവന്‍റെ ശമ്പളം. ഇന്ത്യന്‍ രാഷ്ട്രപതിക്ക് പ്രതിവര്‍ഷം ലഭിക്കുന്നത് 60 ലക്ഷം രൂപ ശമ്പളമാണ്.
പ്രസിഡന്‍റിന് ലഭിക്കുന്ന സൗകര്യങ്ങള്‍:അമേരിക്കയുടെ പ്രഥമ പൗരന് ലഭിക്കുന്ന പരിഗണനകളും ആനുകൂല്യങ്ങളും നിരവധിയാണ്. ശമ്പളം ഒരു ഘടകം മാത്രം. പ്രസിഡന്‍റ് പദവിക്കൊപ്പം ആര്‍ഭാടമായ താമസം, മികച്ച സുരക്ഷ, മറ്റെങ്ങുമില്ലാത്ത യാത്ര സൗകര്യങ്ങള്‍ എന്നിവയൊക്കെ അമേരിക്കന്‍ പ്രസിഡന്‍റിനെ കാത്തിരിക്കുന്നു.
വൈറ്റ് ഹൗസ് എന്ന കൊട്ടാരം:വാഷിങ്ങ്ടണ്‍ ഡിസിയിലെ വൈറ്റ് ഹൗസാണ് അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വസതിയും ഓഫിസും.18 ഏക്കറിലെ കൊട്ടാര സമാനമായ വൈറ്റ് ഹൗസിലാണ് പ്രസിഡന്‍റിന്‍റെ താമസം. അനവധി മുറികളും പൂന്തോട്ടങ്ങളും ഓഫിസുകളും അടങ്ങുന്നതാണ് വൈറ്റ് ഹൗസ്.
മേരി ലാന്‍ഡിലെ ക്യാമ്പ് ഡേവിഡ് കൂടി അമേരിക്കന്‍ പ്രസിഡന്‍റിന് സ്വന്തമാണ്. ഇവിടെ അവധിക്കാല വാസത്തിനും വിശിഷ്‌ട അതിഥികളെ സത്‌ക്കരിക്കാനുമാണ് സാധാരണ അമേരിക്കന്‍ പ്രസിഡന്‍റുമാര്‍ എത്തുക.